പ്രിയപ്പെട്ട കള്ളാ ആ പ്രതിമ തിരിച്ചു തരൂ എന്ന് എഫ് ബി പോസ്റ്റ്, മൂന്നാം നാള്‍ തിരിച്ചെത്തി!

By Web TeamFirst Published Nov 1, 2021, 4:36 PM IST
Highlights

എവിടെയാണ് ആ പ്രതിമ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഉടമകള്‍ ഫേസ്ബുക്കിലൊരു പോസ്റ്റ് ചെയ്തു. പ്രിയപ്പെട്ട കള്ളാ ആ പ്രതിമ ഞങ്ങള്‍ക്ക് തിരിച്ചുതരണം. കൊണ്ടുവരുമ്പോള്‍ ഞങ്ങളൊരു ചോദ്യവും ചോദിച്ച് കുഴക്കില്ല.   

15 വര്‍ഷമായി ആ ബാറിന്റെ പ്രധാന ശ്രദ്ധകേന്ദ്രമായിരുന്നു റോക്ക് ആന്‍ഡ് റോള്‍ രാജാവ് എല്‍വിസ് പ്രെസ്‌ലിയുടെ പ്രതിമ. അതിനു ചുറ്റുമായിരുന്നു അവിടത്തെ ആരവങ്ങള്‍. എന്നാല്‍, കഴിഞ്ഞ ആഴ്ച ഒരു സംഭവമുണ്ടായി. മനോഹരമായ ആ പ്രതിമ കാണാതായി. അമേരിക്കയിലെ മധ്യ ഇല്ലിനോയിസിലുള്ള വെസ്റ്റ് പിയോറിയ ബാറിലാണ് സംഭവം. 

എവിടെയാണ് ആ പ്രതിമ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഉടമകള്‍ ഫേസ്ബുക്കിലൊരു പോസ്റ്റ് ചെയ്തു. പ്രിയപ്പെട്ട കള്ളാ ആ പ്രതിമ ഞങ്ങള്‍ക്ക് തിരിച്ചുതരണം. കൊണ്ടുവരുമ്പോള്‍ ഞങ്ങളൊരു ചോദ്യവും ചോദിച്ച് കുഴക്കില്ല.   

ഈ പോസ്റ്റ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. പിന്നീട്, എ പി വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അതോടെ എല്‍വിസ് പ്രെസ്‌ലിയുടെ പ്രതിമാ മോഷണം ആഗോള വാര്‍ത്തയായി. അതിനു പിന്നാലെയാണ് ആ സംഭവമുണ്ടായത്. 

ഇക്കഴിഞ്ഞ ദിവസം ആ പ്രതിമ തിരിച്ചെത്തി. ബാറിനു പുറത്തുള്ള പോര്‍ട്ടിക്കോയില്‍ ആരോ കൊണ്ടുവെച്ചതായിരുന്നു അത്. ബാര്‍ ജീവനക്കാരാണ് പ്രതിമ കണ്ടെത്തിയത്. അതിനു ശേഷം പ്രതിമ വീണ്ടും ബാറില്‍  സ്ഥാപിച്ചു. 

പ്രതിമയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി ബാറുടമ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഒരു കസിന്‍ 15 വര്‍ഷം മുമ്പ് പഴയ സാധനങ്ങള്‍ക്കൊപ്പം വാങ്ങിയതാണ് മനോഹരമായ ആ പ്രതിമയെന്നും അദ്ദേഹം പറഞ്ഞു. 

റോക്ക് ആന്‍ഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ സംഗീതജ്ഞനും നടനുമാണ് എല്‍വിസ് പ്രെസ്ലി. 14 തവണ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രെസ്ലി മൂന്നു തവണ ഈ അവാര്‍ഡ് കരസ്ഥമാക്കി. ഗാനങ്ങളുടെ വില്‍പനയുടെ കാര്യത്തിലും ടെലിവിഷന്‍ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. പ്രെസ്ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികള്‍ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സില്‍ തന്നെ ആജീവനാന്ത സംഭാവനകള്‍ക്കുള്ള ഗ്രാമി അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 

പട്ടാളത്തില്‍ ചേരുന്ന സമയം അദ്ദേഹം മുറിച്ചു കളഞ്ഞ തലമുടി പിന്നീട് ലേലത്തില്‍ പോയത് പത്തു ലക്ഷത്തോളം രൂപയ്ക്കായിരുന്നു. ഏക മകള്‍ ലിസ മേരി പ്രെസ്ലിയെ വിവാഹം കഴിച്ചത് പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ ആയിരുന്നു. 1977 ഓഗസ്റ്റ് 16ന് മരിക്കുമ്പോള്‍ എല്‍വിസ് പ്രെസ്ലിക്കു 42 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

click me!