അമേരിക്ക അന്യഗ്രഹ ജീവികളെ തടവിലാക്കിയിട്ടുണ്ടോ? സപ്‍തംബര്‍ 20 -ന് എന്ത് സംഭവിക്കും?

By Web TeamFirst Published Sep 16, 2019, 3:22 PM IST
Highlights

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായ മാറ്റി റോബട്‍സ് എന്നയാളാണ് 'സ്റ്റോം ഏരിയ 51' എന്ന പേരില്‍ ഒരു ഇവന്‍റ് തുടങ്ങുന്നത്. സംഗതി തുടങ്ങിയത് തമാശയ്ക്കായിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. 

സ്റ്റോം ഏരിയ 51 കാമ്പയിന്‍ രണ്ട് മൂന്നുമാസമായി വാര്‍ത്തകളിലിടം പിടിച്ചിട്ട്. വെറുമൊരു തമാശയ്ക്ക് തുടങ്ങിയ കാമ്പയിന്‍ ഇന്ന് അധികാരികള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. ലോകത്തിലെതന്നെ അതിനിഗൂഢ ഇടങ്ങളിലൊന്നാണ് ഏരിയ 51. 'നമുക്ക് അന്യഗ്രഹ ജീവികളെ കാണാം, അവരെ സ്വതന്ത്രരാക്കാം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് കടന്നുകയറാന്‍ ഒരുങ്ങുകയാണ് ലക്ഷക്കണക്കിന് ആളുകള്‍. നെവാദയിലെ സൈനികത്താവളമായ ഏരിയ 51 -ലെത്തിയ രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 'സ്റ്റോം ഏരിയ 51' എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് കാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു യുവാക്കളുടെയും വരവ്. 

ഏരിയ 51 

ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ ഇടങ്ങളിലൊന്നായി പറയപ്പെടുന്ന ഇടമാണ് ഏരിയ 51. അമേരിക്കയുടെ രഹസ്യശാസ്ത്ര പരീക്ഷണങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്ന ഇടം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കന്‍ എയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്കന്‍ സൈന്യത്തിന്‍റെ  ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് ഇതിന് അടുത്താണ്. 

പറക്കും തളികകളുടേയും അന്യഗ്രഹജീവികളുടേയും അതീവരഹസ്യ വിവരങ്ങള്‍ അമേരിക്ക ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അന്യഗ്രഹജീവികളെ ഇവിടെ തടവിലിട്ടിരിക്കുന്നുവെന്നും അവരെത്തിയ പറക്കുംതളിക ഇവിടെയുണ്ടെന്നുമെല്ലാം പറയപ്പെടുന്നുണ്ട്. പലപ്പോഴും  യുഎസിലെ തന്നെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരാറുണ്ട്. ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്‍റെയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറില്ലത്രെ. ഏരിയ 51 -ലേക്കാണ് ഈ ചുവപ്പു വരയന്‍ വിമാനങ്ങളുടെ സഞ്ചാരമെന്നാണ് ചിലരുടെ വിശ്വസിക്കുന്നത്. കോണ്‍സ്‍പിറസി തിയറിസ്റ്റുകള്‍ പറയുന്നത് ഇവിടെ അന്യഗ്രഹ ജീവികളെയും യു എഫ് ഒകളെയും തടവിലിട്ടിരിക്കുന്നുവെന്നാണ്. എന്നാല്‍, സൈനിക കേന്ദ്രമായതിന്‍റെ രഹസ്യാത്മകത മാത്രമാണ് ഇവിടെയുള്ളത് എന്ന് അധികാരികള്‍ നിരന്തരം പറയുന്നുണ്ട്. 

കാമ്പയിനിന്‍റെ തുടക്കം

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായ മാറ്റി റോബട്‍സ് എന്നയാളാണ് 'സ്റ്റോം ഏരിയ 51' എന്ന പേരില്‍ ഒരു ഇവന്‍റ് തുടങ്ങുന്നത്. സംഗതി തുടങ്ങിയത് തമാശയ്ക്കായിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ഗ്രൂപ്പ് വൈറലാവുകയും നിരവധിപേര്‍ ഗൗരവമായി ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. ഇതൊരു നിയമപ്രശ്നമായി മാറുന്നുവെന്ന് ബോധ്യപ്പെട്ട പൊലീസ് ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് ഇങ്ങനെയായി മാറുമെന്ന് മാറ്റി ഒരിക്കലും കരുതിയിരുന്നില്ല. അത് താന്‍ തമാശയ്ക്ക് തുടങ്ങിയ ക്യംപയിനായിരുന്നുവെന്നും ഇങ്ങനെയായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും കാര്യങ്ങളെല്ലാം തന്‍റെ കൈവിട്ടുപോയി എന്നും മാറ്റി ഏറ്റുപറയുകയും ചെയ്തു. പിന്നീട്, പരിപാടി ലാസ് വേഗാസിലേക്ക് മാറ്റാമെന്നും ഏരിയ 51 സെലബ്രേഷന്‍ എന്ന പേരില്‍ ആഘോഷിക്കാമെന്നും മാറ്റി അറിയിച്ചിരുന്നു. പക്ഷേ, ഒരു കൂട്ടമാളുകള്‍ സ്റ്റോം ഏരിയ 51 -മായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ മാറ്റിയടക്കം ഉള്‍പ്പെട്ടുകൊണ്ട് കേസുകളും നടന്നു. 

മാറ്റി റോബട്‍സ്

ഏതായാലും സംഗതി കൈവിട്ടുപോയി എന്നത് സത്യമാണ്. ഈ മാസം 20 -ന് സ്റ്റോം ഏരിയ 51 -ലേക്ക് കടന്നുകയറാന്‍ കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്. അതിനിടെയാണ് ഹോളണ്ടില്‍ നിന്നുള്ള ടൈസ് ഗ്രാന്‍സിയര്‍, ഗോവെര്‍ട് ചാള്‍സ് വില്‍ഹെല്‍മസ് എന്നിവരെയാണ് ഇവിടേക്ക് അതിക്രമിച്ചു കയറിയതിന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുപതും ഇരുപത്തിയൊന്നും വയസ്സുള്ള ഇവരിരുവരും യൂട്യബര്‍മാരാണ്. പ്രവേശനമില്ല എന്ന ബോര്‍ഡ് കണ്ടിട്ടും അങ്ങോട്ട് കടന്നുകയറുകയും കാര്‍ പാര്‍ക്ക് ചെയ്യുകയും ചെയ്തതിനാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. കാറില്‍ നിന്ന് ഡ്രോണും, ക്യാമറയും, ലാപ്ടോപ്പുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും റെക്കോര്‍ഡ് ചെയ്തിരിക്കുന്ന വീഡിയോയും കണ്ടെത്തി. 

ഏതായാലും, 20 -ന് അതിക്രമിച്ച് കയറിയാല്‍ വളരെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇതിനകം തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രവുമല്ല സുരക്ഷയും ശക്തമാക്കി. എങ്കിലും, ആളുകള്‍ അതിക്രമിച്ചു കയറുമെന്ന് തന്നെയാണ് കരുതുന്നത്. സമീപത്തെ ഹോട്ടലുകള്‍ വരെ മുഴുവനായും ബുക്ക് ചെയ്യപ്പെട്ടു. സപ്‍തംബര്‍ 20 -ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും. 

click me!