കൊടുങ്കാറ്റിൽ രണ്ടായി പിളർന്ന് വീട്, വീട്ടിലുണ്ടായിരുന്നയാൾ അവിശ്വസനീയമാംവിധം രക്ഷപ്പെട്ടു

Published : Jul 15, 2022, 02:47 PM IST
കൊടുങ്കാറ്റിൽ രണ്ടായി പിളർന്ന് വീട്, വീട്ടിലുണ്ടായിരുന്നയാൾ അവിശ്വസനീയമാംവിധം രക്ഷപ്പെട്ടു

Synopsis

തക്ക സമയത്ത് ഫയർഫോഴ്‌സ് എത്തിയത് കൊണ്ട് രക്ഷപ്പെട്ടു. വീടിന്റെ അവസ്ഥ കണ്ടിട്ട് അതിനകത്തുണ്ടായിരുന്നു തങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.

അമേരിക്കയിലെ മേരിലാൻഡിൽ ശക്തമായ കൊടുങ്കാറ്റിൽ വൻനാശനഷ്ടമുണ്ടായി. കൊടുങ്കാറ്റിന്റെ ശക്തിയിൽ മേരിലാൻഡിലെ കോളേജ് പാർക്ക് ഏരിയയിലെ ഒരു വീട് ഏതാണ്ട് രണ്ടായി പിളർന്നു. അതിൽ ഏറ്റവും വിചിത്രമായ കാര്യം അപകടം സംഭവിക്കുമ്പോൾ, വീടിനകത്ത് ഒരാൾ ഉണ്ടായിരുന്നു എന്നതാണ്. വീടിന്റെ ചിത്രങ്ങൾ ഇതിനോടകം ഇൻറർനെറ്റിൽ വൈറലാണ്. എന്നാൽ, വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ അതിനകത്തുണ്ടായിരുന്ന ആൾ രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമ്മൾ ചിന്തിച്ചു പോകും. എന്നാൽ പക്ഷേ, തക്കസമയത്ത് ഫയർ ഫോഴ്സ് ജീവനക്കാർ എത്തിയത് കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു.    

എബിസി ന്യൂസ് മീഡിയയിലെ ഒരു മാധ്യമപ്രവർത്തകനാണ് ഈ സംഭവത്തിന്റെ വീഡിയോ ആദ്യം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത്. ടോം റൂസി ട്വിറ്ററിലാണ് തകർന്ന വീടിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ടോം തന്റെ വീഡിയോയ്ക്ക് താഴെ എഴുതിയിരുന്നത് ഇങ്ങനെയാണ്: “തീർത്തും അവിശ്വസനീയമായി തോന്നുന്നു. കോളേജ് പാർക്കിലെ ഈ വീട് കൊടുങ്കാറ്റിൽ രണ്ടായി പിളർന്നുവെന്ന് പറയാം. മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുമായി ഞാൻ സംസാരിച്ചു. തങ്ങളുടെ ഒരു സുഹൃത്താണ് ഈ വീട്ടിൽ താമസിക്കുന്നതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” 

കൊടുങ്കാറ്റിന് മുമ്പ് വീട് എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കിട്ടു. ഇത് രണ്ടും കണ്ടാൽ മാത്രമേ ദുരന്തത്തിന്റെ ആഴം നമുക്ക് മനസിലാകൂ. ഒരു കോണിലേയ്ക്ക് ചാഞ്ഞു ഭൂമിയെ തൊട്ട് നിൽക്കുന്ന വീടിന്റെ ഭാഗം ശരിക്കും രണ്ടാം നിലയാണ്. ആദ്യത്തെ നില തിരിച്ചറിയാൻ സാധിക്കാത്ത വിധം ഛിന്നഭിന്നമായി തീർന്നു.  

 

എന്നാൽ, തക്ക സമയത്ത് ഫയർഫോഴ്‌സ് എത്തിയത് കൊണ്ട് രക്ഷപ്പെട്ടു. വീടിന്റെ അവസ്ഥ കണ്ടിട്ട് അതിനകത്തുണ്ടായിരുന്നു തങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. മണിക്കൂറിൽ 70 മൈൽ വേഗതയിൽ നേർരേഖയിലാണ് കാറ്റ് വീശിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കെല്ലി പറയുന്നത്. അതിശക്തമായി വീശിയടിച്ച കാറ്റിനെ തുടർന്നായിരിക്കാം വീട് രണ്ടായി പിളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ മേരിലാൻഡിൽ താമസിക്കുന്ന ഒരാളാണ്. അവിടെ അതിശക്തമായ കൊടുങ്കാറ്റ് പലപ്പോഴും ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് വേനൽക്കാലത്ത്. എന്നാൽ, ഇന്നലെ രാത്രിയുണ്ടായത് വളരെ തീക്ഷ്ണമായിരുന്നു. ഇത്രയും തീവ്രമായി കാറ്റടിക്കുന്നത് സാധാരണമല്ല" ഒരു ഉപയോക്താവ് പറഞ്ഞു. ഇത്രയധികം നാശനഷ്ടങ്ങൾ സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുഎസിലെ മേരിലാൻഡിലും വാഷിംഗ്ടണിലും ശക്തമായ മിന്നലും കനത്ത കൊടുങ്കാറ്റും വീശിയടിച്ചത്. ഇതിനെ തുടർന്ന് മേരിലാൻഡിന്റെയും വാഷിംഗ്ടണിന്റെയും ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. കൂടാതെ, കൊടുങ്കാറ്റിനെ തുടർന്ന് ഏകദേശം 360 ഓളം അടിയന്തര കോളുകൾ തങ്ങൾക്ക് ലഭിച്ചതായി ഫയർ/ഇഎംഎസ് ഡിപ്പാർട്ട്‌മെന്റും ട്വീറ്റ് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?