രോ​ഗിയുമായി പ്രണയത്തിലായി, മരണശേഷം ശവശരീരം മോഷ്ടിച്ച് അതിനൊപ്പം ജീവിതം, ഒടുവിൽ സംഭവിച്ചത്

By Web TeamFirst Published Feb 21, 2021, 12:27 PM IST
Highlights

കുറച്ചു കാലം കഴിഞ്ഞപ്പോൾ ആളുകൾ ഇത് ശ്രദ്ധിക്കാൻ തുടങ്ങി. ടാൻസ്‌ലറിന്റെ ജീവിതത്തിൽ ആരോ ഉണ്ടെന്നും അവൾക്കായിട്ടാണ് അയാൾ സമ്മാനങ്ങൾ വാങ്ങുന്നതെന്നും മറ്റുമുള്ള സംസാരം ആളുകൾക്കിടയിൽ ഉണ്ടാവാൻ തുടങ്ങി. 

1933 -ൽ നടന്ന വളരെ വിചിത്രമായ പ്രണയ കഥ ആണ് ഇത്. ജർമ്മൻ വംശജനായ റേഡിയോളജിസ്റ്റ് കാൾ ടാൻസ്‌ലർ 21 -കാരിയായ എലീന ഡി ഹൊയോസിനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. ഒടുവിൽ അവൾ മരിച്ചപ്പോൾ അവളുടെ ശരീരം മോഷ്ടിച്ച് വീട്ടിൽ കൊണ്ടുവരികയും, അവിടെ ശവശരീരവുമായി അടുത്ത ഏതാനും വർഷക്കാലം താമസിക്കുകയും ചെയ്തു. ടാൻസ്‌ലർ തന്റെ ജീവിതാവസാനം വരെ ഈ ഭ്രാന്ത് തുടരുമായിരുന്നു. എന്നാൽ, അവളുടെ സഹോദരി അയാളുടെ ഈ വിചിത്ര സ്വഭാവം കൈയോടെ പിടികൂടുകയും, ഏറ്റവും ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായി അത് മാറുകയും ചെയ്തു.  

1926 -ൽ അയാൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഫ്ലോറിഡയിലെ കീ വെസ്റ്റിലെത്തി. അവിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായി ജോലി നോക്കി. സ്വയം ഉൾവലിഞ്ഞ സ്വഭാവക്കാരനായ അയാൾ അവിടെ വച്ചാണ് എലീന ഡി ഹോയോസ് എന്ന രോഗിയെ കണ്ടുമുട്ടുന്നത്. എന്നാൽ കണ്ട മാത്രയിൽ തന്നെ അയാൾ അവളിൽ ആകൃഷ്ടനായി. ദിവസം ചെല്ലുന്തോറും അവളുടെ നില ഗുരുതരമായി. അപ്പോഴും ഇരട്ടി തീവ്രതയോടെ അയാൾ അവളെ സ്നേഹിച്ചു. ഹോയോസിന് ക്ഷയരോഗമായിരുന്നു. അത് അക്കാലത്ത് ചികിത്സയില്ലാത്ത ഒരു രോഗമായിരുന്നു. പക്ഷേ, ടാൻസ്‌ലറിൻ അവളെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. എന്നാൽ നിർഭാഗ്യവശാൽ, ടാൻസ്‌ലറിന് ഹോയോസിനെ രക്ഷിക്കാനായില്ല. 1931 ഒക്ടോബർ 25 -ന് ക്ഷയരോഗം മൂർച്ഛിച്ച് അവൾ അന്തരിച്ചു. ശവസംസ്കാരം നടത്താനും ഒരു ശിലാ ശവകുടീരം ഉണ്ടാക്കാനും ടാൻസ്‌ലർ മുൻകൈ എടുത്തു. എല്ലാ രാത്രിയിലും അയാൾ അവളുടെ കല്ലറ സന്ദർശിക്കാറുണ്ടായിരുന്നു.

എന്നാൽ, രണ്ട് വർഷത്തിന് ശേഷം ടാൻസ്‌ലർ ആകെമാറാൻ തുടങ്ങി. അയാൾക്ക് ജോലി നഷ്‌ടപ്പെട്ടു. അയാൾ ഹൊയോസിന്റെ ശവകുടീരം സന്ദർശിക്കാതായി. അയാളുടെ ഈ മാറ്റം കണ്ട് അവളുടെ വീട്ടുകാർ അതിശയിച്ചു. എന്നാൽ, പക്ഷേ അത് എന്തുകൊണ്ടാണ് എന്നവർ അന്വേഷിച്ചില്ല. ടാൻസ്‌ലർ ഹോയോസിനെ അപ്പോഴും പ്രണയിച്ചിരുന്നു എന്നതാണ് വാസ്തവം. അത് മാത്രവുമല്ല, ദിവസം ചെല്ലുന്തോറും ആ പ്രണയത്തിന്റെ തീവ്രത കൂടി വന്നു. കൂടുതൽ സമയം അവളുമായി ചെലവഴിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. അങ്ങനെ ടാൻസ്‌ലർ അവളുടെ അഴുകിയ മൃതദേഹം ഒരു വണ്ടിയിൽ കയറ്റി ഒരു താൽക്കാലിക ലാബിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്റർ ഓഫ് പാരീസ്, വയറുകൾ, മെഴുക്, ഗ്ലാസ് കണ്ണുകൾ എന്നിവ ഉപയോഗിച്ച് അവളുടെ ശവശരീരം അയാൾ മമ്മിഫൈ ചെയ്തു.

അടുത്ത കുറേ വർഷക്കാലം, ടാൻസ്‌ലർ ഹൊയോസിന്റെ മൃതദേഹത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങൾ കഴിയുന്തോറും ഇത് ബുദ്ധിമുട്ടായിത്തീർന്നു, ഹൊയോസിന്റെ ശരീരം കൂടുതൽ കൂടുതൽ ദ്രവിക്കാൻ തുടങ്ങി. പക്ഷേ, ടാൻസ്‌ലർ തുണിക്കെട്ടുകൾ ഉപയോഗിച്ച് അവളുടെ ശരീരത്തിലെ പൊള്ളയായ ഭാഗങ്ങൾ നിറയ്ക്കാൻ ശ്രമിച്ചു. ശവശരീരത്തിന്റെ അഴുകിയ ഗന്ധം ചുറ്റിലും പടരാതിരിക്കാൻ അയാൾ അണുനാശിനിയും മൃതദേഹത്തിന്റെ മുഖത്ത് മെഴുകും പ്രയോഗിച്ചു. ഒരു സാധാരണ ബന്ധത്തിലാണെന്നപോലെ ടൊയ്‌സ്‌ലർ ഹൊയോസിനായി സുഗന്ധദ്രവ്യങ്ങളും സമ്മാനങ്ങളും വാങ്ങി. അവളുടെ മുടിയിഴകൾ സുന്ദരമാക്കാൻ ഒരു വിഗ് പോലും അയാൾ രൂപകൽപ്പന ചെയ്തു.

കുറച്ചു കാലം കഴിഞ്ഞപ്പോൾ ആളുകൾ ഇത് ശ്രദ്ധിക്കാൻ തുടങ്ങി. ടാൻസ്‌ലറിന്റെ ജീവിതത്തിൽ ആരോ ഉണ്ടെന്നും അവൾക്കായിട്ടാണ് അയാൾ സമ്മാനങ്ങൾ വാങ്ങുന്നതെന്നും മറ്റുമുള്ള സംസാരം ആളുകൾക്കിടയിൽ ഉണ്ടാവാൻ തുടങ്ങി. പക്ഷേ അത് ആരാണ് എന്ന് മാത്രം ആർക്കും മനസ്സിലായില്ല. ആരും അവളെ കണ്ടില്ല. ഒരു ദിവസം അയൽവാസിയായ ഒരു ആൺകുട്ടി മനുഷ്യന്റെ വലുപ്പമുളള ഒരു പാവയുമായി അയാൾ നൃത്തം ചെയ്യുന്നത് കാണാൻ ഇടയായി. അപ്പോൾ മുതൽ അത് ഹൊയോസ് ആണെന്ന് നാട്ടുകാർ സംശയിച്ചുതുടങ്ങി. 1940 ഒക്ടോബറിൽ ഹൊയോസിന്റെ സഹോദരി ടാൻസ്‌ലറുടെ അപ്പാർട്ട്മെന്റിൽ ചെന്നപ്പോൾ, സത്യം പുറത്തായി. അവൾ പൊലീസിനെ വിളിച്ചു. സഹോദരിയുടെ മൃതദേഹം പരിസരത്ത് നിന്ന് നീക്കം ചെയ്‌തു.  

ഒരു മൃതദേഹത്തോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയ ഉടൻ ടാൻസ്‌ലർ അറസ്റ്റിലായി. "അനാശാസ്യപരമായി ഒരു ശവക്കുഴി കുഴിച്ചതിനും, ഒരു മൃതദേഹം നീക്കം ചെയ്തതിനും" അയാൾ വിചാരണ നേരിട്ടു. ആളുകൾക്കിടയിൽ കേസ് വലിയ ചർച്ചയായി. പല നാട്ടുകാരും ടാൻസ്‌ലറിനോട് സഹതപിച്ചു. ചില സ്ത്രീകൾ ഇത് റൊമാന്റിക് ആണെന്നു പോലും കരുതി. ഒടുവിൽ കാലാവധി അവസാനിച്ചതിനാൽ ടാൻസ്‌ലർ കുറ്റവിമുക്തനാക്കി തീർന്നു. വളരെ ശ്രദ്ധ നേടിയ കേസെന്ന നിലയിൽ വിചാരണയെത്തുടർന്ന്, ഫ്ലോറിഡ സംസ്ഥാനം ആളുകൾക്ക് കാണാൻ യുവതിയുടെ മൃതദേഹം ഒരു പ്രാദേശിക ശവസംസ്ക്കാര ഹാളിൽ പ്രദർശനത്തിന് വെച്ചു. തുടർന്ന് രഹസ്യമായി ഒരു പുതിയ ശവക്കുഴിയിൽ‌ അത് അടക്കം ചെയ്യുകയും ചെയ്‌തു. വിചാരണയുടെ അവസാനത്തിൽ അവളുടെ മൃതദേഹം തിരികെ വേണമെന്ന് അയാൾ ആവശ്യപ്പെട്ടെങ്കിലും, അയാളുടെ അഭ്യർത്ഥന നിരസിക്കപ്പെട്ടു. പിന്നീട് 1952 -ൽ അയാളുടെ മരണം വരെ ഹൊയോസിന്റെ വലുപ്പത്തിലുള്ള ഒരു പാവയുമായിട്ടാണ് അയാൾ ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്.   


 

click me!