'ആ കടുവയുടെ തുറന്ന കണ്ണുകൾ കാലങ്ങളോളം എന്നെ വേട്ടയാടി'; ഇദ്ദേഹമെങ്ങനെയാണ് കടുവകൾക്ക് തോഴനായത് ?

By Web TeamFirst Published Apr 13, 2020, 12:49 PM IST
Highlights
ഇന്നും ഓരോ ദിവസവും ഒട്ടും മങ്ങാതെ ആ ഓര്‍മ്മ എന്നിലുണ്ട്. ഞാന്‍ കൊന്ന കടുവയുടെ തുറന്നുപിടിച്ച കണ്ണുകള്‍ ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും എന്ന് കൈലാഷ് തന്നെ തന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 
കാണാൻ തന്നെ വളരെ എടുപ്പുള്ള ജീവികളാണല്ലേ കടുവകൾ. കാട്ടിലെ രാജാവ് സിം​ഹമാണെന്നൊക്കെ പറയുമെങ്കിലും കടുവയുടെ നടപ്പും എടുപ്പുമൊക്കെ ഒന്ന് വേറെത്തന്നെയാണ്. എന്നാൽ, വനനശീകരണമടക്കം പല കാരണങ്ങളാലും ഇന്ത്യയില്‍ കടുവയുടെ എണ്ണം കുറയുകയാണ്. ഇത് കടുവയെ ഒരുപാട് സ്നേഹിക്കുകയും അവയ്ക്ക് വേണ്ടിയെന്നോണം ജീവിതമുഴിഞ്ഞുവയ്ക്കുകയും ചെയ്തൊരാളെ കുറിച്ചാണ്. 

ഇന്ത്യയില്‍ പണ്ടുകാലത്ത് കടുവ വേട്ടയൊക്കെ വളരെ സാധാരണമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോഴും വേട്ട തുടര്‍ന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തരകാലം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. വിവിധ നിയമങ്ങള്‍ കൂടി വന്നതോടെ ഇന്ത്യയില്‍ വന്യജീവികളെ വേട്ടയാടുന്നത് കുറ്റകരമായി. പ്രൊജക്ട് ടൈഗര്‍ എന്നൊരു പ്രോഗ്രാം ഇന്ത്യയില്‍ നടപ്പിലാക്കിയിരുന്നു. കടുവകളെ സംരക്ഷിക്കാനുള്ള ഈ പദ്ധതിയുടെ ആദ്യത്തെ ഡയറക്ടറായിരുന്നു കൈലാഷ് സാംഘ്ല. ഇന്ത്യയിലെ കടുവകളെ കുറിച്ച് ഇത്ര ആഴത്തില്‍‌ പഠനം നടത്തിയൊരാള്‍ വേറെയില്ലായിരുന്നുവെന്നുതന്നെ പറയാം. 

ആരാണ് കൈലാഷ് സാംഘ്ല

1925 ജനുവരി 30 -ന് ജോധ്പൂരിലാണ് സാംഘ്ല ജനിക്കുന്നത്. അദ്ദേഹം എഞ്ചിനീയറിംഗ് പഠിക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. എന്നാല്‍, സാംഘ്ല പഠിച്ചത് ബയോളജിയാണ്. ജോധ്പൂര്‍ ജസ്വന്ത് കോളേജില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രിയും പിന്നീട് ഇന്ത്യന്‍ ഫോറസ്റ്റ് കോളേജില്‍ നിന്ന് ഫോറസ്ട്രിയും പഠിച്ചു അദ്ദേഹം. 1953 -ലായിരുന്നു ഇത്. അതേ വര്‍ഷം തന്നെ അദ്ദേഹം രാജസ്ഥാനില്‍ ഫോറസ്റ്റ് സര്‍വീസില്‍ ചേര്‍ന്നു. എന്‍റെ ഭാവി തീരുമാനിക്കപ്പെട്ടത് അവിടെ വച്ചാണ് എന്നാണ് കൈലാഷ് ഇതിനെ കുറിച്ച് ടൈഗര്‍, ദ സ്റ്റോറി ഓഫ് ഇന്ത്യന്‍ ടൈഗര്‍ എന്ന തന്‍റെ പുസ്തകത്തില്‍ പറഞ്ഞത്. 

കടുവകളെ സംരക്ഷിക്കണം എന്ന ആഗ്രഹത്തിനും മുമ്പ് അവയെ വേട്ടയാടാനുള്ള അനുമതി കൊടുക്കുക എന്ന ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 1950 -ല്‍ ഒരു ദിവസം അദ്ദേഹത്തിന് ഒരു കടുവയെ കൊല്ലേണ്ടി വന്നു. ആ സംഭവം അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അതൊരു വഴിത്തിരിവായിരുന്നു. കുറ്റബോധം കൊണ്ട് അദ്ദേഹം നീറിത്തുടങ്ങി. ആ നീറ്റൽ പിന്നീട് അദ്ദേഹത്തെ രാജ്യം കണ്ട ഏറ്റവും മികച്ച കടുവ സംരക്ഷകരിലൊരാളാക്കി മാറ്റി. 



'ഇന്നും ഓരോ ദിവസവും ഒട്ടും മങ്ങാതെ ആ ഓര്‍മ്മ എന്നിലുണ്ട്. ഞാന്‍ കൊന്ന കടുവയുടെ തുറന്നുപിടിച്ച കണ്ണുകള്‍ ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും...' എന്ന് കൈലാഷ് തന്നെ തന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 

1956 -ല്‍ രാജസ്ഥാന്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന് അദ്ദേഹം ഒരു കത്തെഴുതി. കടുവകളെ വേട്ടയാടുന്നതും കൊല ചെയ്യുന്നതും നിര്‍ത്തണം എന്നുള്ള നിവേദനമായിരുന്നു ആ കത്ത്. ആദ്യമായി അങ്ങനെ ഇന്ത്യയിലൊരാൾ കടുവകളുടെ സംരക്ഷണത്തിനായി സംസാരിച്ചു. ഒരു ദശാബ്ദത്തിനുശേഷം, ദില്ലി സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടറായി നിയമിതനായപ്പോൾ, കടുവക്കുഞ്ഞുങ്ങളുടെ കയറ്റുമതി നിരീക്ഷിക്കുന്ന ഒരു സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഇന്ത്യൻ വന്യജീവി ബോർഡിനെ ബോധ്യപ്പെടുത്തി. കയറ്റുമതിക്കാർ അവ എങ്ങനെ നേടി എന്ന് വ്യക്തമായി വിശദീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

1965-1970 കാലഘട്ടത്തിലാണ് അദ്ദേഹം ഡെല്‍ഹി സുവോളജിക്കല്‍ സൂവിന്‍റെ ഡയറക്ടറായിരിക്കുന്നത്. കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആഴത്തിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നതും അപ്പോഴാണ്. വന്യജീവികളെ വളര്‍ത്തുക, പൊതുപരിപാടികളില്‍ പ്രദര്‍ശിപ്പിക്കുക ഇതിനെയെല്ലാം അദ്ദേഹം എതിര്‍ത്തു. 

1967 -ൽ ദില്ലിയിലുടനീളമുള്ള വിപണികളിൽ കടുവയുടെയും പുള്ളിപ്പുലിയുടെയും രോമങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. ആ കണ്ടെത്തലുകൾ ദി ഇന്ത്യൻ എക്സ്പ്രസിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. രണ്ടുവർഷത്തിനുശേഷം, കടുവകളുടെ എണ്ണം അതിവേഗം കുറയുകയാണെന്നും അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) മുമ്പാകെ അപേക്ഷിച്ചു. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ ഈ വിഷയത്തിൽ വാര്‍ത്തകള്‍ വന്നതും ജനങ്ങളതിനെ പിന്തുണച്ചതും കടുവവേട്ട പൂർണ്ണമായും നിരോധിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചു. 

1970 മെയ് മാസത്തിൽ അദ്ദേഹത്തിന് ജവഹർലാൽ നെഹ്‌റു ഫെലോഷിപ്പ് ലഭിച്ചു. ‘ദ കോണ്ട്രോവേഴ്‌സൽ ടൈഗർ: എ സ്റ്റഡി ഓഫ് ഇക്കോളജി, ബിഹേവിയർ, സ്റ്റാറ്റസ്’ എന്ന പദ്ധതിയിലൂടെ വന്യജീവി സംരക്ഷണ രംഗത്തേക്ക് പൂര്‍ണമായും ഇറങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫെലോഷിപ്പിന്‍റെ ഭാഗമായി, ഇന്ത്യയിൽ എത്ര കടുവകൾ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കാനായി അഖിലേന്ത്യാതലത്തില്‍ പഠനം നടത്താൻ അദ്ദേഹം പുറപ്പെട്ടു. കടുവ, പുള്ളിപ്പുലി തുടങ്ങിയവയുടെ തൊലികളും അതില്‍ നിന്നുമുള്ള ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് നിരോധിക്കേണ്ടുന്നതിന്‍റെ ആവശ്യകത 1970 സെപ്റ്റംബറോടെ അദ്ദേഹം ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി ഡോ. കരൺ സിങ്ങിനെ ബോധ്യപ്പെടുത്തി.

അടുത്ത രണ്ട് വർഷക്കാലം കടുവകളുടെ എണ്ണം കുറയുന്നത് പഠിക്കാൻ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ചു. അതേ സമയത്താണ് വന്യജീവി സംരക്ഷണത്തിനുവേണ്ടി ശബ്ദിക്കുന്ന ആൻ റൈറ്റ് -1971 മെയ് മാസത്തിൽ സ്കിൻ ഷോപ്പ്സ് എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇത് കൊൽക്കത്തയിൽ കടുവയുടെയും പുള്ളിപ്പുലിയുടെയും തൊലികൾ അനധികൃതമായി വിൽക്കുന്നതിനെ കുറിച്ച് വിശദമായി വിവരിക്കുന്ന ഒന്നായിരുന്നു. കടുവകളെ സംരക്ഷിക്കുക എന്നതിന്‍റെ പ്രാധാന്യം മുഖ്യധാരയിലേക്കെത്തിക്കുക എന്നതിന്‍റെ ഭാഗമായിരുന്നു ഇത്. 

പിന്നീട് ഇന്ദിരാഗാന്ധി, ഇന്ത്യയിലെ ആദ്യത്തെ ടൈഗര്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കി. ഡോ. കരണ്‍ സിങ്ങിനായിരുന്നു നേതൃത്വം. കൈലാഷ് സാംഘ്ലാ, ആന്‍ റൈറ്റ്, ഡോ. എം. കെ രഞ്ജിത്ത് സിങ്, സഫര്‍ ഫ്യൂടാലി എന്നിവരായിരുന്നു അംഗങ്ങള്‍. അവിടെനിന്ന് മാസങ്ങള്‍ക്കുള്ളില്‍ 1972 സപ്തംബര്‍ ഒമ്പതിന് പാര്‍ലിമെന്‍റ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പാസാക്കി. 



അതൊരു വലിയ നീക്കമായിരുന്നു. അതുവരെ നടന്നുകൊണ്ടിരുന്ന വേട്ടയാടലടക്കമുള്ള എല്ലാ അക്രമങ്ങളും നിര്‍ത്തുന്നതായിരുന്നു അത്. കൂടാതെ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും സൃഷ്ടിക്കാനും അത് സഹായിക്കുകയും  ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം 1973 ഏപ്രിലിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും ഇന്ത്യയിൽ അവശേഷിക്കുന്ന കടുവകളെ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രോജക്ട് ടൈഗർ സ്ഥാപിക്കുകയും സാംഘ്ലയെ അതിന്റെ ആദ്യത്തെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

അതോടെ മറ്റാരും പഠിച്ചിട്ടില്ലാത്ത തരത്തില്‍ കടുവകളെ കുറിച്ച് പഠിക്കുന്നതിന് കൈലാഷ് സാംഘ്ല ശ്രമിച്ചു തുടങ്ങി. ടൈഗര്‍ ദ സ്റ്റോറി ഓഫ് ഇന്ത്യന്‍ ടൈഗര്‍ എന്ന പുസ്തകത്തില്‍ അത് വ്യക്തമാണ്. ഓരോ കടുവയും എങ്ങനെയാണ് പെരുമാറുന്നതെന്ന്, അവയുടെ ടെറിറ്ററിയുണ്ടാക്കുന്നതെന്ന് എല്ലാം അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിക്കാന്‍ കൈലാഷിനായിട്ടുണ്ട്. പ്രൊജക്ട് ടൈഗര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറിയിട്ടും അദ്ദേഹം കടുവകളെ വെറുതെ വിട്ടില്ല. അവയെ കുറിച്ച് പഠിച്ചു. എഴുതി. 1978 മുതല്‍ 1983 വരെ രാജസ്ഥാന്‍റെ ചീഫ് വൈല്‍ഡ് വാര്‍ഡനായി. 1922 -ല്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം മുന്‍നിര്‍ത്തി അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. അവിടെനിന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 

കടുവകളുടെ എണ്ണം അന്നത്തേതിൽ നിന്നും എത്രയോ വീണ്ടും കുറഞ്ഞു. വന്യജീവികൾക്ക് മനുഷ്യരുടെ കടന്നുകയറ്റത്താൽ അവയുടെ ആവാസവ്യവസ്ഥ പലതും നഷ്ടമായി. ഈ കൊവിഡ് കാലത്ത് പ്രകൃതിയും വന്യജീവികളും ഇതുവരെയില്ലാത്തവിധം സ്വാതന്ത്ര്യമനുഭവിക്കുന്നത് നാം കണ്ടതാണ്. ഇനിയെങ്കിലും ഇവയെക്കൂടി പരി​ഗണിക്കും രീതിയിലാവട്ടെ അല്ലേ നമ്മുടെ ജീവിതം. 

 
click me!