എട്ടാമത്തെ വയസ്സില്‍ തുടങ്ങി 18 മാസം നീണ്ടുനിന്ന ലൈംഗിക ചൂഷണം, 47 വയസ്സ് വരെ അയാള്‍ അനുഭവിച്ചത്...

By Web TeamFirst Published May 28, 2019, 2:27 PM IST
Highlights

വീട്ടിലെത്തിയ മാറ്റിനോട് അമ്മ, 'നിനക്കെന്താ പറ്റിയേ...' എന്ന് ചോദിച്ചിരുന്നു. പക്ഷെ, അവനൊന്നും മിണ്ടിയില്ല. ആ ദിവസത്തോടെ അവനാകെ തകര്‍ന്നുപോയി. താനാണോ ഇതില്‍ തെറ്റുകാരനെന്നു പോലും അവന്‍ ചിന്തിച്ചു. 

പെണ്‍കുട്ടികള്‍ മാത്രമല്ല, ഇവിടെ നിരന്തരം ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. കണക്കുകള്‍ പറയുന്നത്, പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നാണ്. ചെറിയ പ്രായത്തിലനുഭവിക്കേണ്ടി വരുന്ന ഇത്തരം അതിക്രമങ്ങള്‍ മനസിനേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണ്. അതില്‍ നിന്നും പുറത്തു കടക്കുക വളരെ പ്രയാസകരമാണ്. അത്തരം ഒരു അനുഭവമാണ് മാറ്റ് കാരിയുടേത്. എട്ടാമത്തെ വയസ്സിലനുഭവിക്കേണ്ടി വന്ന ചൂഷണത്തിന്‍റെ വേദനയില്‍ നിന്നും അയാള്‍ പുറത്ത് കടന്നത് തന്‍റെ നാല്‍പ്പത്തിയേഴാമത്തെ വയസ്സിലാണ്. 

മാറ്റിന് വയസ്സ് 47... ഇത്രയും വയസ്സ് വരെ അയാള്‍ ഒരു സ്ത്രീയുമായി പ്രണയത്തിലാവുകയോ, ശാരീരികബന്ധത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. പക്ഷെ, ഈ നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ മാറ്റ്, ഒരു ഓണ്‍ലൈന്‍ ഡേറ്റിങ്ങ് ആപ്പില്‍ പ്രൊഫൈലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതെങ്ങനെ വേണമെന്ന് പോലും അയാള്‍ക്കറിയില്ലായിരുന്നു. അതിനയാളെ സഹായിച്ചത് ഒരു സുഹൃത്താണ്. സുഹൃത്തിന്‍റെ ഭാഷയില്‍ മാറ്റ് സുന്ദരനാണ്, ആകര്‍ഷണത്വമുള്ളയാളാണ്, തിയറ്റര്‍ മാനേജ്മെന്‍റ് എന്ന അയാളുടെ കാരീറില്‍ തിളങ്ങുന്ന ആളാണ്... 

പക്ഷെ, ഇത്രയും കാലമായിട്ടും പ്രണയത്തില്‍ നിന്നും മറ്റ് ബന്ധങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ മാറ്റിന് അയാളുടേതായ കാരണങ്ങളുണ്ടായിരുന്നു. ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന കൊടും പീഡനങ്ങളുടെ ബാക്കിയായിരുന്നു അത്. രണ്ട് സഹോദരങ്ങള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം വളരെ സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു മാറ്റ് ജീവിച്ചത്. പക്ഷെ, അത് ആ സംഭവം നടക്കുന്നത് വരെയായിരുന്നു...

പതിനെട്ട് മാസം നീണ്ട കൊടും ചൂഷണം 

മാറ്റിന് അന്ന് എട്ട് വയസ്സ് പ്രായം. ഒരു ചൂടുള്ള ദിവസം, കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളി കഴിഞ്ഞ് ഒരു ഒഴിഞ്ഞ ഇടത്തുകൂടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മാറ്റ്. അപ്പോഴാണ്, രണ്ട് യുവാക്കള്‍ മാറ്റിനെ പിന്തുടര്‍ന്നത്. അതിലൊരാള്‍ മാറ്റിന്‍റെ ഫുട്ബോള്‍ കളിയിലെ പ്രകടനത്തെ കുറിച്ച് അവനെ പുകഴ്ത്തി. കളിക്കിടെ ഒരിക്കല്‍ മാറ്റ് അതിലൊരാളെ കൈ ഉയര്‍ത്തി കാണിച്ചതായി ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, താനതൊന്നും ഓര്‍ക്കുന്നില്ലെന്നായിരുന്നു മാറ്റിന്‍റെ മറുപടി. അതോടെ, യുവാക്കള്‍ അവനെ കള്ളനെന്ന് വിളിച്ചു ശകാരിച്ചു തുടങ്ങി. അവന്‍റെ മോശം സ്വഭാവത്തെ കുറിച്ച് ഹെഡ് മാസ്റ്ററോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. 

അതേ സമയം ഒരാള്‍ തന്‍റെ ശരീരത്തിന്‍റെ താഴെ ഭാഗത്ത് വേദനിക്കുന്നതായി അഭിനയിച്ചു തുടങ്ങി. മാറ്റ് കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും മാറ്റ് അയാളുടെ ശരീരം തടവിക്കൊടുക്കണമെന്നും കൂടെയുണ്ടായിരുന്നയാള്‍ ആവശ്യപ്പെട്ടു. ഇത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് മാറ്റ് കരഞ്ഞു. പക്ഷെ, ആ യുവാക്കളവനെ വെറുതെ വിട്ടില്ല. അന്ന് തുടങ്ങിയ പീഡനമായിരുന്നു മാറ്റിന്‍റെ ജീവിതത്തില്‍...

വീട്ടിലെത്തിയ മാറ്റിനോട് അമ്മ, 'നിനക്കെന്താ പറ്റിയേ...' എന്ന് ചോദിച്ചിരുന്നു. പക്ഷെ, അവനൊന്നും മിണ്ടിയില്ല. ആ ദിവസത്തോടെ അവനാകെ തകര്‍ന്നുപോയി. താനാണോ ഇതില്‍ തെറ്റുകാരനെന്നു പോലും അവന്‍ ചിന്തിച്ചു. ആ അനുഭവത്തോടെ അവനാകെ ഭയന്നു വിറച്ചു. പക്ഷെ, ആ അതിക്രമം അവിടെ അവസാനിച്ചില്ല. തുടര്‍ന്നുള്ള 18 മാസങ്ങള്‍ പലയിടങ്ങളിലും വച്ച് ആ എട്ടുവയസ്സുകാരനെ അവര്‍ ലൈംഗികമായി ചൂഷണം ചെയ്തു. അതില്‍ത്തന്നെ മുപ്പതോളം സന്ദര്‍ഭങ്ങളില്‍, പതിനെട്ടോളം പബ്ലിക്ക് ടോയിലെറ്റുകളില്‍, ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ വെച്ച്. ഒരിക്കല്‍ മറ്റ് പുരുഷന്മാരും കുട്ടികളുമുണ്ടായിരുന്നു...

ആരോടെങ്കിലും മിണ്ടിപ്പോയാല്‍ ഇതൊന്നുമായിരിക്കില്ല സ്ഥിതിയെന്ന് നിരന്തരം അവര്‍ മാറ്റിനെ ഭീഷണിപ്പെടുത്തി. ഈ നിയന്ത്രണം, ഭീഷണി ഇവയെല്ലാം അവനെ തളര്‍ത്തിക്കളഞ്ഞു. 

18 മാസങ്ങള്‍ക്ക് ശേഷം ആ പീഡനം അവര്‍ അവസാനിപ്പിച്ചു. അപ്പോഴേക്കും കാലങ്ങളായി മനുഷ്യരില്‍ നിന്ന്, പ്രണയത്തില്‍ നിന്ന് ഒക്കെ അകന്ന് നില്‍ക്കാന്‍ പാകത്തിനുള്ള മുറിവ് അവനിലുണ്ടായിക്കഴിഞ്ഞിരുന്നു. ലൈംഗിക ബന്ധം വേദനയേറിയ ഒന്നാണെന്നും എന്തോ മോശം കാര്യമാണെന്നും ശക്തമായി മാറ്റ് വിശ്വസിച്ചു പോന്നു. വലുതാകുന്തോറും അത് കൂടി വന്നേയുള്ളൂ. ശാരീരികമായ ആഗ്രഹങ്ങളെ അടക്കുന്നതിനായി മരുന്ന് വരെ കഴിച്ചു തുടങ്ങി മാറ്റ്. 

ഏതെങ്കിലും പെണ്‍കുട്ടി മാറ്റിനോട് താല്‍പര്യം കാണിച്ചാല്‍ അവന്‍ മനപ്പൂര്‍വ്വം അകന്നുമാറി. അവര്‍ ശാരീരികമായി അടുപ്പം കാണിക്കുമെന്നോ, ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുമോ എന്നുമുള്ള ഭയമായിരുന്നു അതിനു പിന്നില്‍. 

മദ്യപാനത്തിന്‍റെ നാളുകള്‍

മനസ്സിനെ മറ്റുള്ളതില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തുന്നതിനായി മാറ്റ് സജീവമായി റഗ്ബി കളിച്ചു തുടങ്ങി. പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ അയാള്‍ മദ്യപിച്ചും തുടങ്ങി. അത് വളരെ മോശം നിലയിലെത്തി. പലതരത്തിലുള്ള മതിഭ്രമങ്ങളും അയാളെ ബാധിച്ചു. ഒരു ദിവസം മദ്യപിച്ച് ലക്കുകെട്ട് കിടന്നപ്പോള്‍ തന്‍റെ കിടക്കയ്ക്കരികില്‍ ഹിറ്റ്ലറും സ്റ്റാലിനും മുസ്സോളിനിയും നില്‍ക്കുന്നതായി വരെ അയാള്‍ക്ക് തോന്നി. എന്നിട്ടും പക്ഷെ അയാള്‍ കുടിക്കുന്നത് കുറച്ചില്ല. 

ഇരുപതാമത്തെ വയസ്സില്‍ അയാള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അയാള്‍ തിരികെ മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ പോയി. മദ്യപാനത്തില്‍ നിന്നും രക്ഷനേടാനായി അയാള്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. അത് അയാള്‍ക്ക് കുറച്ച് ആശ്വാസം നല്‍കി. വര്‍ഷങ്ങളോളം ആരോടും പറയാതെ വച്ച പീഡനത്തിന്‍റെ വിവരം അയാളെ അകംപുറം പൊള്ളിച്ചു കൊണ്ടിരുന്നു. 

ഒരു സൈക്കോളജിസ്റ്റാണ് നടന്നത് മാതാപിതാക്കളോടെങ്കിലും തുറന്ന് പറയൂവെന്ന് മാറ്റിനെ ഉപദേശിക്കുന്നത്. പക്ഷെ, അവരെ വേദനിപ്പിക്കാന്‍ മാറ്റ് ആഗ്രഹിച്ചില്ല. അങ്ങനെ സഹോദരി കരോളിനോട് നടന്നതെല്ലാം പറയാമെന്ന് മാറ്റ് തീരുമാനിച്ചു. സംഭവിച്ചതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സഹോദരനെ സംരക്ഷിക്കേണ്ടത് താനായിരുന്നു, തനിക്കതിന് കഴിഞ്ഞില്ലല്ലോ, ഇത്രയും വേദനകളനുഭവിച്ചിട്ടും താനത് അറിഞ്ഞില്ലല്ലോ എന്നൊക്കെയുള്ള കുറ്റബോധം കരോളിനെ അലട്ടി. 

ആദ്യം കരോളിന്‍ സഹോദരനോട് പറഞ്ഞത് പൊലീസിനെ സമീപിക്കാം എന്നാണ്. പക്ഷെ, നടന്നതിന് തെളിവുകളൊന്നുമില്ലല്ലോ എന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. സഹോദരന് എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്നും താനെപ്പോഴും കൂടെയുണ്ടാകുമെന്നും മാറ്റിന് കരോളിന്‍ ഉറപ്പ് നല്‍കി. 

ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍

വര്‍ഷങ്ങളോളം മാറ്റ് തെറാപ്പിയിലൂടെയും ചികിത്സയിലൂടെയും കടന്ന് പോയി. യാത്രകള്‍ ചെയ്തു. ഇന്ത്യയും ബ്രസീലും സന്ദര്‍ശിച്ചു. അങ്ങനെ തന്‍റെ വൈകാരികമായ അവസ്ഥകളെ മറികടക്കാന്‍ അയാള്‍ ശീലിച്ചു. പക്ഷെ, പീഡോഫൈലുകളുടെ ആ അതിക്രമം മാറ്റിന്‍റെ തെറ്റായിരുന്നില്ലെന്ന് തിരിച്ചറിയാന്‍ അയാള്‍ പിന്നെയും എത്രയോ വര്‍ഷങ്ങളെടുത്തു. 

പിന്നീട് അദ്ദേഹം തനിക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്ന് സംസാരിച്ചു തുടങ്ങി.  തന്‍റെ അതേ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വരുന്നവരോട്, കുട്ടികളോട് ഒക്കെ സംസാരിച്ചു തുടങ്ങി. NSPCC കാമ്പയിനിന്‍റെ ഭാഗമായി. 

ഇന്ന്, ഒരു കൂട്ടിന് കാത്തിരിക്കുകയാണ് മാറ്റ്. എന്താണ് ഇത്രകാലം ഒരു ബന്ധവും ഇല്ലാതിരുന്നതെന്ന ചോദ്യത്തിന് തന്നേക്കുറിച്ച് എല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്ന് മാറ്റിന് അറിയാം. പക്ഷെ, അയാളതിന് തയ്യാറാണ്. കാരണം, സംഭവിച്ചതിലൊന്നും തനിക്കൊരു പങ്കുമില്ലെന്ന് വര്‍ഷങ്ങള്‍ നീണ്ട ഏകാന്തതയ്ക്കും വേദനയ്ക്കുമപ്പുറം അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

click me!