ഫ്രാന്‍സിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം, പ്രതികളായത് സഹോദരിമാര്‍; നടന്നത് വര്‍ഗ്ഗസമരം?

By Web TeamFirst Published Mar 13, 2020, 3:51 PM IST
Highlights

രാത്രി ലാന്‍സെലിന്‍ തിരികെയെത്തിയപ്പോഴും വീട്ടില്‍ ലൈറ്റുണ്ടായിരുന്നില്ല. ഭാര്യയും മകളും തന്നെക്കാണാത്തതുകൊണ്ട് ഡിന്നറിന് പോയിക്കാണും എന്നാണ് അയാള്‍ കരുതിയിരുന്നത്. എന്നാല്‍, അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് അവര്‍ അവിടെയും എത്തിയിട്ടില്ല എന്ന് മനസിലാവുന്നത്. 

ഇത് പപിന്‍ സഹോദരിമാരുടെ കഥയാണ്. ഫ്രാന്‍സിനെ തന്നെ ഞെട്ടിച്ച കൊലപാതകം നടത്തിയവരായിരുന്നു അവര്‍. തങ്ങളുടെ യജമാനത്തിയെയും മകളെയുമാണ് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഫ്രാന്‍സില്‍ നടന്നത്. ഈ സഹോദരിമാരെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും പ്രണയത്തിലായിരുന്നുവെന്നും ശാരീരികമായ ബന്ധമുണ്ടായിരുന്നുവെന്നുമെല്ലാം അന്ന് കഥകളുമുണ്ടാക്കി ആളുകള്‍.

ആരായിരുന്നു പപിന്‍ സഹോദരിമാര്‍?

ക്രിസ്റ്റിന്‍ പപിന്‍, ലിയാ പപിന്‍ ഇതായിരുന്നു ആ സഹോദരിമാരുടെ പേര്. ഫ്രാന്‍സിലെ ലെ മാന്‍സില്‍, ക്ലെമന്‍സ് ഡെറെയുടെയും ഗുസ്‍താവെ പപിന്‍റെയും മക്കളായിട്ടാണ് ഇവര്‍ ജനിച്ചത്. എപ്പോഴും പ്രശ്‍നങ്ങളുണ്ടായിരുന്നൊരു കുടുംബമായിരുന്നു അത്. ക്ലെമന്‍സും ഗുസ്‍താവെയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, അതേ സമയത്തുതന്നെ ക്ലെമന്‍സ് തന്‍റെ യജമാനനുമായും പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഏതായാലും ക്ലെമന്‍സും ഗുസ്‍താവും വിവാഹിതരായി. വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ ക്ലെമന്‍സ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എമിലിയ എന്നായിരുന്നു അവളുടെ പേര്. എന്നാല്‍, വിവാഹത്തിനുശേഷവും ക്ലെമെന്‍സ് തന്‍റെ യജമാനനുമായി ബന്ധം തുടരുന്നുണ്ട് എന്ന് ഗുസ്‍താവ് സംശയിച്ചിരുന്നു. അതിന്‍റെ പേരില്‍ ഗുസ്‍താവ് ആ നഗരം തന്നെ വിടാന്‍ തീരുമാനിക്കുന്നു. അകലെ വേറൊരു നഗരത്തില്‍ അയാളൊരു ജോലി കണ്ടുപിടിച്ചു. എന്നാല്‍, താന്‍ വരില്ലെന്ന് തന്നെ ക്ലെമന്‍സ് ഉറപ്പിച്ചു പറഞ്ഞു. അതവരുടെ കുടുംബബന്ധം പിന്നെയും വഷളാക്കി. എമിലിയയ്ക്ക് ഒമ്പതോ പത്തോ വയസുള്ളപ്പോള്‍ ക്ലെമന്‍സ് അവളെ ഒരനാഥാലയത്തിലാക്കി. ഗുസ്‍താവ് എമിലിയയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അവിടെവെച്ച് മനസിലായി. പിന്നീട് എമിലിയ ഒരു കന്യാസ്ത്രീയായി. 

ക്രിസ്റ്റിന്‍ ജനിക്കുന്നത് 1905 മാര്‍ച്ച് എട്ടിനാണ്. ജനിച്ച് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവളെ മാതാപിതാക്കള്‍ അച്ഛന്‍റെ സഹോദരിയുടെ വീട്ടിലാക്കി. ഏഴ് വര്‍ഷത്തോളം അവളവിടെ സന്തോഷത്തോടെ ജീവിച്ചു. പിന്നീട്, അവള്‍ അനാഥലയത്തിലേക്ക് മാറി. അവിടെവെച്ച് അവള്‍ക്ക് കന്യാസ്ത്രീയാവാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ക്ലെമെന്‍സ് ഇതിനെ എതിര്‍ത്തു. കന്യാസ്ത്രീയാകുന്നതിനുപകരം എന്തെങ്കിലും ജോലി നേടാനും അമ്മ അവളോടാവശ്യപ്പെട്ടു. ക്രിസ്റ്റിന്‍ കഠിനാധ്വാനിയും നല്ലൊരു പാചകക്കാരിയുമായിരുന്നു. 

ലിയാ ജനിക്കുന്നത് 1911 സപ്‍തംബര്‍ 15 -നാണ്. അവളെ അമ്മയുടെ സഹോദരന്‍റെ വീട്ടിലാണ് ആക്കിയിരുന്നത്. അദ്ദേഹം മരിക്കുന്നതുവരെ അവള്‍ അവിടെ കഴിഞ്ഞു. അതിനുശേഷം 15 വയസുവരെ അനാഥാലയത്തില്‍. അതിനുശേഷം അവള്‍ ജോലിക്ക് പോയിത്തുടങ്ങി. അധികം ആരോടും ഇടപഴകാത്ത, അനുസരണാശീലമുള്ളവളായിരുന്നു ലിയാ. ഈ രണ്ട് സഹോദരിമാരും ലെ മാന്‍സിലെ നിരവധി വീടുകളില്‍ ജോലിക്കാരായി ചെന്നു. പറ്റുമ്പോഴെല്ലാം ഒരുമിച്ച് ഒരേ സ്ഥലത്ത് ജോലി ചെയ്യാന്‍ ഇരുവരും ശ്രമിച്ചിരുന്നു. 

ആ വീട്ടിലേക്ക്

1926 -ലാണ് ക്രിസ്റ്റിനും ലിയയും ഒരുമിച്ച് ലാന്‍സെലിന്‍ കുടുംബത്തിലേക്ക് ജോലിക്കായി പോകുന്നത്. അവിടെ നിയമോപദേശകനായി വിരമിച്ച റെനെ ലാന്‍സെലിന്‍, അദ്ദേഹത്തിന്‍റെ ഭാര്യ ലിയോണി, ഇളയ മകള്‍ ജെനീവീവെ എന്നിവരാണ് ഉണ്ടായിരുന്നത്. മൂത്തമകള്‍ വിവാഹം കഴിച്ച് പോയിരുന്നു. ക്രിസ്റ്റിനും ലിയായും അവിടെ ജോലി തുടങ്ങി കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മാഡം ലിയോണിയില്‍ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അത് പതിയെ രൂക്ഷമായി. അതിന്‍റെ മുഴുവന്‍ ഫലങ്ങളും അനുഭവിച്ചതാവട്ടെ പപിന്‍ സഹോദരിമാരും. അവരുടെ തലപിടിച്ച് മാഡം ചുമരിലിടിക്കുന്നത്രയും ആ ഉപദ്രവം വളര്‍ന്നു. 

1933 ഫെബ്രുവരി 2... അന്നാണ് ആ കൊലപാതകം നടക്കുന്നത്. ഒരു കുടുംബസുഹൃത്തിന്‍റെ വീട്ടില്‍ ഡിന്നറിനുള്ള ക്ഷണമുണ്ടായിരുന്നു ലാന്‍സെലിന്‍ കുടുംബത്തിന്. പുറത്തുപോയ ലാന്‍സെലിന്‍ തിരികെയെത്തി ലിയോണിയെയും മകളെയും കൊണ്ടുപോകാം എന്നാണ് അറിയിച്ചിരുന്നത്. ലിയോണിയും ജെനിവീവും അന്ന് ഷോപ്പിങ്ങിന് പോയിരുന്നു. തിരികെയെത്തിയപ്പോഴാണ് വീട്ടില്‍ വെളിച്ചമില്ലെന്ന് കാണുന്നത്. കാരണം തിരക്കിയപ്പോള്‍ ക്രിസ്റ്റിന്‍ തകരാറായ ഒരു ഇസ്‍തിരിപ്പെട്ടി പ്ലഗ് ചെയ്‍തതാണ് കറന്‍റ് പോയതിന് കാരണം എന്നറിയിച്ചു. ഇതുകേട്ടതും ലിയോണി ക്രുദ്ധയായി പപിന്‍ സഹോദരിമാരെ അക്രമിക്കാന്‍ തുടങ്ങി. ക്രിസ്റ്റിനാണ് അക്രമിച്ചു തുടങ്ങിയത്. ലിയായും അവള്‍ക്കൊപ്പം ചേര്‍ന്നു. ക്രിസ്റ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ലിയോണിയുടെ കണ്ണുകള്‍ ലിയാ ചൂഴ്‍ന്നെടുത്തു. ക്രിസ്റ്റിന്‍ അടുക്കളയില്‍പ്പോയി ഒരു ചുറ്റികയെടുത്തുവന്ന് ലിയോണിയെയും മകളെയും അക്രമിച്ചു. രണ്ട് മണിക്കൂറുകളോളം അവരെയിരുവരെയും പപിന്‍ സഹോദരിമാര്‍ അക്രമിച്ചുവെന്നാണ് പറയുന്നത്. അമ്മയുടെയും മകളുടെയും കണ്ണുകള്‍ ചൂഴ്‍ന്നെടുത്തിരുന്നു. അവ നിലത്ത് പലയിടത്തായി കിടക്കുകയായിരുന്നു. 

 

രാത്രി ലാന്‍സെലിന്‍ തിരികെയെത്തിയപ്പോഴും വീട്ടില്‍ ലൈറ്റുണ്ടായിരുന്നില്ല. ഭാര്യയും മകളും തന്നെക്കാണാത്തതുകൊണ്ട് ഡിന്നറിന് പോയിക്കാണും എന്നാണ് അയാള്‍ കരുതിയിരുന്നത്. എന്നാല്‍, അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് അവര്‍ അവിടെയും എത്തിയിട്ടില്ല എന്ന് മനസിലാവുന്നത്. തിരികെ മരുമകനുമായി വീട്ടിലെത്തിയപ്പോഴാണ് പപിന്‍ സഹോദരിമാരുടെ മുറിയില്‍ മാത്രം വെളിച്ചം കാണുന്നത്. പ്രധാനവാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. വീടിനകത്ത് കയറാനാവാതെ വന്നപ്പോള്‍ ഇരുവര്‍ക്കും സംശയമായി. അവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ഒരു പൊലീസുകാരന്‍ എത്തി. ലാന്‍സെലിനും മരുമകനും പൊലീസും ചേര്‍ന്ന് പൂന്തോട്ടത്തിലെ ചുമരുവഴി അകത്തുകടന്നു. അകത്തുകടന്നയുടനെ ഭാര്യയുടെയും മകളുടെയും മൃതദേഹം കാണുന്നു. ഭീതിദമായ കാഴ്‍ചയായിരുന്നു അത്. ശരീരം മനസിലാവാത്തത്ര വികൃതമാക്കപ്പെട്ടിരുന്നു. കണ്ണുകള്‍ ചൂഴ്‍ന്നെടുത്തിരുന്നു. അടുത്തതായി അവര്‍ ചെയ്‍തത് പപിന്‍ സഹോദരിമാര്‍ക്കെന്ത് സംഭവിച്ചുവെന്ന് നോക്കലാണ്. പുറത്തുനിന്നാരോ അതിക്രമിച്ചു കയറിയതാണെന്നും പപിന്‍ സഹോദരിമാരെയും അവര്‍ കൊന്നുകാണുമെന്നും അവര്‍ കരുതിയിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും തുറക്കാതെ വന്നപ്പോള്‍ പൂട്ടുണ്ടാക്കുന്ന ഒരാളുടെ സഹായത്തോടെ തുറന്നാണ് അവര്‍ അകത്ത് കടന്നത്. എന്നാല്‍, ആ മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‍ച ഇതായിരുന്നു. പപിന്‍ സഹോദരിമാര്‍ നഗ്നരായി കിടക്കയില്‍ കിടക്കുന്നു. (സഹോദരിമാര്‍ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും ക്രിസ്റ്റിന് ലിയായോട് തീവ്രമായ ആകര്‍ഷണമുണ്ടായിരുന്നുവെന്ന കഥ പ്രചരിക്കുന്നത് ഇതുമായി ബന്ധപ്പെടുത്തിയാണ്). സമീപത്ത് കസേരയില്‍ ചോരയില്‍ കുതിര്‍ന്ന ലിയോണിയുടെ മുടി കുടുങ്ങിയ ചുറ്റിക കിടക്കുന്നു. ചോദ്യം ചെയ്‍തപ്പോള്‍ത്തന്നെ തങ്ങളാണ് ആ കൊലപാതകം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. 

വിചാരണയും ശിക്ഷയും

ജയിലില്‍ രണ്ട് സെല്ലുകളിലായിട്ടായിരുന്നു ക്രിസ്റ്റിനെയും ലിയായെയും പാര്‍പ്പിച്ചിരുന്നത്. ഇത് ക്രിസ്റ്റിനില്‍ വലിയ മാനസികാഘാതം തന്നെയുണ്ടാക്കി. അവസാനം ജയിലധികൃതര്‍ അവളെ ലിയായെ കാണാന്‍ ഒന്ന് അനുവദിച്ചു. അവിടെവച്ചും ക്രിസ്റ്റിന് ലിയായോട് അനുരാഗമുണ്ടെന്നും ശാരീരീകാകര്‍ഷണവും ബന്ധവുമുണ്ടെന്നും തെളിയിയിക്കുന്ന സംഭവങ്ങളുണ്ടായി എന്നും കഥകളുണ്ടായി. വീണ്ടും തിരികെയെത്തിയ ക്രിസ്റ്റിന്‍ മനസിന്‍റെ പിടിവിട്ട ലക്ഷണങ്ങളാണ് പിന്നീട് കാണിച്ചത്. സ്വന്തം കണ്ണുകള്‍ ചൂഴ്‍ന്നെടുക്കാനുള്ള ശ്രമവും നടത്തി. 

എന്നാല്‍, സഹോദരിമാര്‍ക്ക് മാനസികമായ പ്രശ്‍നമുണ്ടോ എന്ന് പഠിക്കാനെത്തിയ മൂന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത് അങ്ങനെയൊന്നും ഇല്ലായിരുന്നുവെന്നാണ്. മാത്രവുമല്ല, കുടുംബത്തിലും അങ്ങനെയൊന്നും പ്രശ്‍നങ്ങളില്ലായെന്നും അന്വേഷിച്ചവര്‍ അറിയിച്ചു. ക്രിസ്റ്റിന് വധശിക്ഷയും ലിയാ ക്രിസ്റ്റിന്‍റെ പ്രേരണയാലാണ് കുറ്റം ചെയ്‍തത് എന്നതിനാല്‍ 10 വര്‍ഷം തടവും വിധിച്ചു. എന്നാല്‍, ആറ് വര്‍ഷത്തിനുശേഷം അവളുടെ നല്ലനടപ്പ് പരിഗണിച്ച് അവളെ വെറുതെ വിട്ടു. ക്രിസ്റ്റിനാകട്ടെ വധശിക്ഷ ജീവപര്യന്തമാക്കി. എന്നാല്‍, സഹോദരിയില്‍ നിന്ന് അകലേണ്ടി വന്നതോടെ താനിനി മരണം വരെ ഭക്ഷണം കഴിക്കില്ലെന്ന് അവര്‍ തീരുമാനമെടുത്തു. ഒടുവില്‍ തടവില്‍ക്കിടന്നുതന്നെ മരിച്ചു. 

 

എന്നാല്‍, ഡോക്ടര്‍മാരുടെ കണ്ടെത്തലും സഹോദരിമാരെ കുറിച്ചുള്ള അഭ്യൂഹങ്ങളും തെറ്റായിരുന്നു. അവരുടെ വീട്ടില്‍, മാനസികാസ്വസ്ഥ്യമുള്ള ആളുകളുണ്ടായിരുന്നു. അടുത്തൊരു ബന്ധു ആത്മഹത്യ ചെയ്‍തിരുന്നു. ഒരാള്‍ മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. മാത്രവുമല്ല, സഹോദരിമാര്‍ക്കിടയില്‍ സഹോദരിമാരെന്ന രീതിയിലുള്ള തീവ്രമായ ഇഷ്‍ടം മാത്രമാണ് ഉണ്ടായിരുന്നത്. അല്ലാതെ മറ്റൊരുതരം ബന്ധവും ഉണ്ടായിരുന്നില്ല. മാഡം ലിയോണിയെയും മകളെയും അവര്‍ കൊലപ്പെടുത്തിയത് അതുവരെയുള്ള അടിച്ചമര്‍ത്തലിനും അക്രമത്തിലും മനം മടുത്താണ് എന്നും പറയുന്നു. 14 മണിക്കൂറുകള്‍ വരെ അവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നിരുന്നു, പകരം കിട്ടിയതെല്ലാം ഉപദ്രവവും. അതായിരിക്കാം പെട്ടെന്ന് അങ്ങനെയൊരു കൊല നടത്തിയതിനുപിന്നില്‍ എന്നും പറയുന്നു. ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച പാരാസൈറ്റ് എന്ന സിനിമ സൂചിപ്പിക്കുന്നതും ഇതേ ക്ലാസ് വാര്‍ തന്നെയല്ലേ... 

click me!