യു എസ്സിലെ ജോലി ഉപേക്ഷിച്ച് സംയുക്ത നാട്ടിലെത്തിയത് ഇവരെക്കൂടി ചേര്‍ത്തുപിടിക്കാനാണ്; ഇത് ഇവരുടെ വിജയത്തിന്‍റെ കഥ...

By Web TeamFirst Published Jun 17, 2019, 5:01 PM IST
Highlights

രണ്ടര വര്‍ഷം അവിടെ ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും ട്രാന്‍സ് വുമണാണ് എന്ന തരത്തിലുള്ള പെരുമാറ്റം ഒരാളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല വളരെ സ്നേഹത്തോടെയാണ് അവര്‍ അങ്ങനെയൊരാളെ സ്വീകരിക്കുന്നത് എന്നും സംയുക്തയ്ക്ക് ബോധ്യപ്പെട്ടു. 

ട്രാന്‍സ് ജെന്‍ഡറായിട്ടുള്ള ആളുകളെ സംബന്ധിച്ച് ഇന്ത്യയില്‍ ജീവിതം ദുഷ്കരമാണ്. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം മാറ്റിനിര്‍ത്തപ്പെടാറുണ്ട് അവര്‍. എന്നാല്‍, ഒന്ന് ചേര്‍ന്നു നിന്നാല്‍ മറ്റാരേക്കാളും മികച്ച നിലയിലെത്താന്‍ അവര്‍ക്ക് കഴിയുമെന്ന് ഉറപ്പാണ്. അതിന് ഉദാഹരണമാണ് സംയുക്ത വിജയന്‍റെ ജീവിതം. അച്ഛന്‍റേയും അമ്മയുടേയും പിന്തുണ കൊണ്ട് പഠിച്ച് നല്ലൊരു ജോലി വാങ്ങുകയും പിന്നീട് സ്വന്തമായി ബുട്ടീക്ക് തുടങ്ങുകയും ട്രാന്‍സ് വുമണിനെ തന്നെ അവിടെ ജോലിക്ക് നിര്‍ത്തുകയും ചെയ്തു സംയുക്ത. 

ദിയ, റോസ, ശക്തി, വൈഗ എന്നീ നാല് ട്രാന്‍സ് വുമണിനെ സംബന്ധിച്ച് വളരെ ദുരിത പൂര്‍ണമായിരുന്നു ജീവിതം. അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും എന്തിന് വീട്ടുകാരുടെ ഇടയില്‍ നിന്നുപോലും അകറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു ഇവര്‍. ജോലി കിട്ടാനുള്ള പ്രയാസം പലപ്പോഴും ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമായി. ബംഗളൂരുവിലെ ഈ ബ്രൈഡല്‍ സ്റ്റുഡിയോയില്‍ ജോലി കിട്ടിയിരുന്നില്ലായെങ്കില്‍ ഇവരുടെ ജീവിതം തന്നെ വേറൊന്നാകുമായിരുന്നു. 

34 വയസ്സുകാരിയായ സംയുക്ത വിജയനാണ് ഈ സ്റ്റുഡിയോ തുടങ്ങിയിരിക്കുന്നത്. സംയുക്തയും ട്രാന്‍സ് വുമണാണ്. കോയമ്പത്തൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു സംയുക്തയുടെ ജനനം. പക്ഷെ, സംയുക്തയുടെ മാതാപിതാക്കള്‍ എല്ലാത്തിനോടും തുറന്ന സമീപനം സ്വീകരിക്കുന്നവരായിരുന്നു. കോയമ്പത്തൂരിലെ ഒരുള്‍നാട്ടിലെ കുടുംബത്തില്‍ ഇങ്ങനെയൊരാള്‍ ഉണ്ടാവുക എന്നത് അംഗീകരിക്കാനാകാത്തതായിരുന്നുവെങ്കിലും അതൊന്നും തന്നെ സംയുക്തയെ ബാധിച്ചിരുന്നില്ല. രണ്ട് സഹോദരന്മാരായിരുന്നു സംയുക്തയ്ക്ക്. അവരില്‍ നിന്നും വ്യത്യസ്തമാണ് താനെന്ന് ചെറുപ്പത്തിലേ സംയുക്തയ്ക്ക് ബോധ്യമുണ്ടായിരുന്നു. സംയുക്ത എപ്പോഴും ആര്‍ട്ടും മ്യൂസിക്കും ഇഷ്ടപ്പെട്ടു. അതിനെ കുറിച്ച് മാതാപിതാക്കള്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടില്ല. അവളുടെ ഇഷ്ടങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചു. 

സ്റ്റേജുകളില്‍ നൃത്തമവതരിപ്പിച്ചപ്പോള്‍ അത് പഠിക്കൂ എന്നായിരുന്നു അവരുടെ പ്രതികരണം. എഞ്ചിനീയറിങ്ങിന് ചേര്‍ന്നപ്പോഴും സംയുക്തയുടെ ഇഷ്ടങ്ങളെ ചേര്‍ത്തുപിടിക്കണം എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ പ്രോത്സാഹനത്തോടെയാണ് സംയുക്ത പഠനം തുടര്‍ന്നത്. എഞ്ചിനീയറിങ്ങ് കഴിഞ്ഞയുടന്‍ തന്നെ സംയുക്തക്ക് ജോലി കിട്ടി. പിന്നീട്, യൂറോപ്പിലേക്കും യു എസ് എയിലേക്കും ജോലിക്കായി യാത്ര ചെയ്തു. അവിടെ ചെന്നപ്പോഴാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തന്നെപ്പോലുള്ളവരോടുള്ള സമൂഹത്തിന്‍റെ പ്രതികരണം ഇന്ത്യയിലേത് പോലെയല്ല എന്ന് അവള്‍ക്ക് മനസിലാവുന്നത്. 

പ്രത്യേകിച്ച് യു എസ് എയില്‍... രണ്ടര വര്‍ഷം അവിടെ ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും ട്രാന്‍സ് വുമണാണ് എന്ന തരത്തിലുള്ള പെരുമാറ്റം ഒരാളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല വളരെ സ്നേഹത്തോടെയാണ് അവര്‍ അങ്ങനെയൊരാളെ സ്വീകരിക്കുന്നത് എന്നും സംയുക്തയ്ക്ക് ബോധ്യപ്പെട്ടു. പക്ഷെ, തനിക്ക് കിട്ടിയ പ്രിവിലേജുകളാണ് ഇതെല്ലാം എന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തനിക്ക് കുടുംബത്തില്‍ നിന്ന്, സഹപ്രവര്‍ത്തകരില്‍ നിന്ന്, സുഹൃത്തുക്കളില്‍ നിന്ന് ഒക്കെ കിട്ടും പോലെയുള്ള പ്രോത്സാഹനം എല്ലാവര്‍ക്കും കിട്ടുന്നില്ലയെന്നും സംയുക്തക്ക് ബോധ്യമുണ്ടായിരുന്നു. അവര്‍ നേരിടുന്ന അവഗണനകളെ കുറിച്ചും ധാരണയുണ്ടായിരുന്നു. 

അവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് സംയുക്ത തീരുമാനിച്ചു. അതിനായി താന്‍ ജോലി ചെയ്തു കൊണ്ടിരുന്നു മള്‍ട്ടി നാഷണല്‍ കമ്പനികളെ ആശ്രയിക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷെ, അത് പ്രായോഗികമല്ലെന്ന് ബോധ്യമായതോടെ Toute studio എന്ന സ്വന്തം സ്ഥാപനം സംയുക്ത ആരംഭിക്കുന്നത്. 2018 നവംബറില്‍ ബംഗളൂരുവിലായിരുന്നു Toute studio -യുടെ പിറവി. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒ ആണ് ദിയ, റോസ, ശക്തി, വൈഗ എന്നിവരുടെ വിവരങ്ങള്‍ സംയുക്തക്ക് കൈമാറുന്നത്. അവര്‍ക്ക് ഫാഷന്‍ ഡിസൈനിങ്ങില്‍ അറിവുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്ക് സംയുക്ത തന്നെ പരിശീലനം നല്‍കി. ഒരാളെ കസ്റ്റമര്‍ മാനേജിങിനും മറ്റൊരാളെ ഫോട്ടോഗ്രാഫറായും നിയമിച്ചു. യാതൊരു അല്ലലുമില്ലാതെ കഴിയാവുന്ന താമസ സ്ഥലവും അവര്‍ക്കായി സംയുക്ത തന്നെ ഒരുക്കി. 

ഏഴ് മാസം മുമ്പാണ് ആരംഭിച്ചതെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു Toute studio. ആത്മാര്‍ത്ഥതയും മികച്ച സേവനവും കസ്റ്റമേഴ്സിനിടയില്‍ നല്ല അഭിപ്രായമുണ്ടാക്കി കൊടുത്തിരിക്കുകയാണ് സംയുക്തയുടെ സ്റ്റുഡിയോയ്ക്ക്. അതിനെല്ലാമുപരി നാലുപേര്‍ക്കെങ്കില്‍ നാലുപേര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും താമസിക്കാനുമുള്ള അവസരമൊരുക്കി എന്നതില്‍ തന്നെയാണ് സംയുക്തയ്ക്ക് സന്തോഷം. നേരത്തേതിനേക്കാള്‍ അവരുടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അവര്‍ക്ക് പിന്തുണ ലഭിക്കുന്നു. തങ്ങളുടെ മക്കള്‍ ബംഗളൂരു നഗരത്തിലെ മികച്ച ഒരു സ്ഥാപനത്തില്‍ നല്ല ശമ്പളത്തിന് ജോലി ചെയ്യുന്നുവെന്നത് അവരുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു. അവരുടെ സന്തോഷവും അംഗീകാരവും ഈ നാലുപേരുടെ ജീവിതവും സമാധാനം നിറഞ്ഞതാക്കുന്നു. 

click me!