ഒരു ഐ എ എസ് ഓഫീസര്‍ വിചാരിച്ചാല്‍ ഒരു ഗ്രാമം തന്നെ മാറുമോ? മാറും എന്നതിന് ഉദാഹരണമാണ് ഇത്...

By Web TeamFirst Published Jun 17, 2019, 1:05 PM IST
Highlights

കാശ്മീരില്‍ ജനിച്ച ഈ ഇരുപത്തിയാറുകാരന്‍ 2016 -ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബദ്നോറിലെ എസ് ഡി എം ആയി ചാര്‍ജ്ജെടുത്തു. ബില്‍വാര ജില്ലയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്

ബാല വിവാഹം, സ്ത്രീധനം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിതിരിക്കുക തുടങ്ങി ഒരുപാട് സാമൂഹ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവയാണ് പല രാജസ്ഥാന്‍ ഗ്രാമങ്ങളും. പല വീടുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ചിലരൊക്കെ തീരെ സ്കൂളിലേ പോയില്ലെങ്കില്‍ ചിലര്‍ പ്രൈമറി, സെക്കന്‍ററി ക്ലാസ് കഴിയുന്നതോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നവരായി. പല പെണ്‍കുട്ടികളും കുട്ടികളായിരിക്കെ തന്നെ നിര്‍ബന്ധിത വിവാഹത്തിനിരകളായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീധനവും ദളിതരോടുള്ള വിവേചനവുമെല്ലാം സാധാരണ സംഗതിയായിരുന്നു ഇവിടെ. 

നിരവധി സാമൂഹ്യപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും ഇതിനെതിരെ കൈകോര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രാജസ്ഥാനിലെ ബില്‍വാര ജില്ല അങ്ങനെ മാറ്റത്തിലേക്ക് സഞ്ചരിച്ചൊരു ഗ്രാമമാണ്. അതര്‍ അമീര്‍ ഖാന്‍ എന്ന ചെറുപ്പക്കാരനായ ഐ എ എസ് ഓഫീസറുടെ വരവോടെയാണ് ഗ്രമത്തില്‍ മാറ്റങ്ങളുണ്ടായിത്തുടങ്ങിയത്. 

കാശ്മീരില്‍ ജനിച്ച ഈ ഇരുപത്തിയാറുകാരന്‍ 2016 -ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബദ്നോറിലെ എസ് ഡി എം ആയി ചാര്‍ജ്ജെടുത്തു. ബില്‍വാര ജില്ലയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. 

ജനങ്ങളോട് ഒരിക്കലും കയര്‍ത്തു സംസാരിക്കാത്ത ഒരാളായിരുന്നു അതര്‍. വിദ്യാഭ്യാസരംഗത്ത് അഴിച്ചുപണികള്‍ നടത്തുകയും വിദ്യാഭ്യാസം നേടാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ നല്ലൊരു ഭാവി ഗ്രാമത്തിന് ഉണ്ടാകൂവെന്ന് അതറിന് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ അവിടെ തന്നെയാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തനമാരംഭിച്ചതും. അതിനായി നിരന്തരം അധ്യാപകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു ഈ ചെറുപ്പക്കാരനായ ഓഫീസര്‍. ബാലവിവാഹങ്ങളവസാനിപ്പിക്കാനായി നിരന്തരം പോരാടി അദ്ദേഹം. അതറിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ സ്കൂളുകളുടെ മുഖച്ഛായ മാറ്റുകയും ജനങ്ങളെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. 

രാജസ്ഥാന്‍ കാലങ്ങളായി നേരിടുന്ന പ്രശ്നമായിരുന്നു ബാലവിവാഹം. അതില്‍ത്തന്നെ ബില്‍വാര ജില്ലയിലായിരുന്നു ഏറ്റവും രൂക്ഷം. പതിനെട്ട് വയസ്സിന് മുമ്പേ 50 ശതമാനം പെണ്‍കുട്ടികളുടേയും വിവാഹം കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 

അതര്‍ പൊലീസ് സ്റ്റേഷനുകളില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി, എവിടെയെങ്കിലും ബാലവിവാഹം നടക്കുന്നു എന്നറിഞ്ഞാല്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ബാലവിവാഹങ്ങള്‍ നടക്കുന്നു എന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാനായി ഒരു കണ്‍ട്രോള്‍ റൂമും തുറന്നു. 

ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിരന്തരം ജാഗ്രത പുലര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അടക്കം കാമ്പയിനുകള്‍ നടത്തുകയും അവ തടയിടാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുകയാണ് അതര്‍. അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഫലവും കണ്ടുതുടങ്ങി. ബാലവിവാഹങ്ങള്‍ കുറഞ്ഞു. കുട്ടികള്‍ പഠിച്ചു തുടങ്ങി. അങ്ങനെ അങ്ങനെ ആ ഗ്രാമമിന്ന് മാറ്റത്തിന്‍റെ പാതയിലാണ്. അതിന് ഏറ്റവുമധികം നന്ദി പറയേണ്ടത് ഈ യങ് ഓഫീസര്‍ക്ക് തന്നെയാണ്. 

click me!