
ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നടന്ന സീരിയൽ ബോംബാക്രമണങ്ങൾ ശ്രീലങ്കയെ നടുക്കി. ക്രിസ്ത്യൻ പള്ളികളെയും പഞ്ചനക്ഷത്ര ഹോട്ടലുകളെയും ലാക്കാക്കി നടന്ന ആക്രമണങ്ങൾ മുന്നൂറോളം പേരുടെ ജീവനെടുത്തു. ആഭ്യന്തര കലാപമൊക്കെ തീർന്ന് ടൂറിസം മേഖലയിലെ ഉണർവിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് പിച്ചവച്ചുകൊണ്ടിരുന്ന ശ്രീലങ്കയെന്ന ദ്വീപരാഷ്ട്രത്തിന്റെ നടുമ്പുറത്തേറ്റ ഊക്കനൊരടിയായിരുന്നു ഓർക്കാപ്പുറത്തുണ്ടായ ഈ ആക്രമണം. സ്വന്തം സമുദായത്തിനകത്തുള്ള ക്ഷുദ്രശക്തികളിൽ നിന്നും ഇങ്ങനെ ഒരു ആക്രമണം വരാൻ സാധ്യതയുണ്ട് എന്നറിഞ്ഞപ്പോൾ, സ്വന്തം ജീവൻ പോലും അപകടത്തിലാകും എന്നറിഞ്ഞു വെച്ചുകൊണ്ടുതന്നെ, ആ തീവ്രവാദത്തെ സമുദായത്തിൽ നിന്നും തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധനായി ഇറങ്ങിപ്പുറപ്പെട്ട, ഒടുവിൽ അതിന്റെ പേരിൽ തീവ്രവാദികളുടെ വെടിയേറ്റ് ശയ്യാവലംബിയായ ഒരു ധീരനുണ്ട് ശ്രീലങ്കയിൽ. ഒരുപക്ഷേ, ആരും അറിയാതെ പോയ ഒരാൾ- മുഹമ്മദ് റസാഖ് തസ്‌ലീം.
അദ്ദേഹം ഇന്ന് ആശുപത്രിക്കിടക്കയിലാണ്. മുഖത്ത് വേദന പ്രകടമാണ്. ശരീരത്തിന്റെ ഇടതുവശം മുഴുവനായും തളർന്നുപോയിരിക്കുന്നു. വലത്തേക്കൈയ്ക്കുമാത്രമാണ് അല്പമെങ്കിലും സ്വാധീനം. അതുയർത്തി ഇടയ്ക്കിടെ തന്റെ ഭാര്യയെയും, ഭാര്യാസഹോദരനെയും ചേർത്തുപിടിക്കും, അത്രമാത്രം.
ഭാര്യ ഫാത്തിമ, ഇടയ്ക്കിടെ തസ്‌ലീമിന്റെ നെറ്റിയിലെ വിയർപ്പ് ഒരു കൈലേസുകൊണ്ട് ഒപ്പിയെടുക്കും. തലയോട്ടിയുടെ ഒരു ഭാഗത്ത് വലിയൊരു കുഴിയാണ്. കഴിഞ്ഞ മാർച്ചിൽ തസ്‌ലീമിന് അവിടെയാണ് വെടിയേറ്റത്. അതാണ് അവന്റെ ശരീരത്തെ പാടെ തളർത്തിക്കളഞ്ഞത്. ആശുപത്രിക്കിടക്കയിലേക്ക് അവനെ ഒതുക്കിയത്. ഒരക്ഷരം മിണ്ടുകയോ, എഴുന്നേറ്റു നടക്കുകയോ ചെയ്യാനാവാത്ത പരുവത്തിലേക്ക് അവനെ തളർത്തിക്കിടത്തിയത്. അന്ന്, ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് തൊട്ടടുത്തമാസം പള്ളികളിൽ ബോംബാക്രമണം നടത്തിയതും. തസ്‌ലീമിന് നേരെ നടന്ന വധശ്രമം, സ്വന്തം മതത്തിനുള്ളിൽ വേരിറക്കാൻ ശ്രമിച്ച തീവ്രവാദത്തെ മുളയിലേ നുള്ളാൻ വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്കുള്ള മറുപടിയായിരുന്നു. അതിന് ഉത്തരവിട്ടതോ, പള്ളിയിൽ ചാവേറായി എത്തി നിരവധിപേരുടെ മരണത്തിനു കാരണമായ സഹ്‌റാൻ ഹാഷിം മൗലവിയും. അന്ന് പോലീസ് അതിനെ ഗൗരവത്തിലെടുത്ത് വേണ്ട അന്വേഷണങ്ങൾ നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ, അവർക്ക് പിന്നീടുള്ള ആക്രമണങ്ങൾ തടയാമായിരുന്നു. അതുണ്ടായില്ല.
ശ്രീലങ്കയിലെ തമിഴ് മുസ്‌ലിം ജനതയ്ക്കിടയിലെ വളർന്നുവരുന്ന ഒരു യുവ രാഷ്ട്രീയ നേതാവായിരുന്നു മുപ്പത്തേഴുകാരനായ മുഹമ്മദ് റസാഖ് തസ്‌ലീം. ലങ്കയിലെ തമിഴ് മുസ്‌ലിം സ്വാധീനമുള്ള പ്രദേശമായ മാവാനെല്ലയിലായിരുന്നു തസ്‌ലീമിന്റെ വീട്. ജാഗരൂകമായ ഒരു ജനത തന്നെ തങ്ങൾക്കിടയിൽ തീവ്രവാദ ഭീഷണികൾ തിരിച്ചറിഞ്ഞിട്ടും ശ്രീലങ്കയിലെ രഹസ്യപ്പോലീസും, ഇന്റലിജൻസ് വൃത്തങ്ങളും മറ്റുള്ള അധികാരികളുമൊക്കെ വേണ്ട നടപടികൾ എടുക്കാതെ പോയതിന്റെ ദുരന്ത ഫലങ്ങളാണ് ഇന്ന് ശ്രീലങ്ക അനുഭവിക്കുന്നത്. തലസ്ഥാനമായ കൊളംബോയിൽ നിന്നും കിഴക്കു ദിക്കിലേക്ക് ഏതാനും മണിക്കൂറുകൾ കാറിൽ സഞ്ചരിച്ചാൽ മാവാനെല്ലയിലെത്തിച്ചേരും. ബുദ്ധിസ്റ്റ്, മുസ്‌ലിം സമുദായങ്ങൾ എത്രയോ കാലമായി ഏറെ സൗഹാർദ്ദത്തിൽ ഇഴചേർന്ന്, ഏറെ സൗഹാർദ്ദത്തിൽ കഴിഞ്ഞു പോന്നിരുന്ന പ്രദേശമാണിത്. അവിടത്തെ മുസ്ലീങ്ങളുടെ മനസ്സുകളിലേക്ക് മതവിദ്വേഷത്തിന്റെ തീപ്പൊരികൾ കുടഞ്ഞിട്ടുകൊണ്ട്, സമാധാനപരമായ അന്തരീക്ഷത്തിൽ നഞ്ചുകലക്കിയത് മൗലവി സഹ്‌റാൻ ഹാഷിം എന്ന തീവ്രവാദിയായിരുന്നു.
ആ സമൂഹത്തിലെ ഉത്സാഹികളായ ചെറുപ്പക്കാരെ വലവീശിപ്പിടിച്ച് അവർക്ക് മതപരിശീലനം എന്ന പേരിൽ തീവ്രവാദത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു ഹാഷിം. അയാളുടെ ഉത്ബോധനങ്ങളിൽ പ്രകോപിതരായിട്ടാണ് കഴിഞ്ഞ കൊല്ലം ഡിസംബറിൽ പ്രദേശത്തെ ചില മുസ്‌ലിം യുവാക്കൾ ചേർന്ന് അവിടത്തെ ബുദ്ധ പ്രതിമകൾ തച്ചുതകർത്തത്. അത് മുറിവേൽപ്പിച്ചത് പ്രദേശത്തിന്റെ സൗഹാർദ്ദമനസ്സിനെയായിരുന്നു. അന്ന് മാവാനെല്ല മുനിസിപ്പാലിറ്റിയിലെ കൗൺസിലർ ആയിരുന്ന തസ്‌ലീമിനെ ഈ സംഭവങ്ങൾ വല്ലാതെ അലട്ടി. ഒരു കേന്ദ്ര മന്ത്രിയുടെ കോർഡിനേറ്റിംഗ് സെക്രട്ടറി കൂടി ആയിരുന്ന അദ്ദേഹം വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ തന്നെ നിശ്ചയിച്ചു.
അദ്ദേഹത്തിന് നേർക്ക് നടന്ന അക്രമണത്തെപ്പറ്റി ബിബിസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാവാനെല്ലയിലെ തസ്‌ലീമിന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ അദ്ദേഹത്തിന് നേർക്ക് നടന്ന അക്രമണത്തെപ്പറ്റി വിശദീകരിച്ചു. മൂന്നു പിഞ്ചു കുഞ്ഞുങ്ങളുണ്ടവർക്ക്. സമൂഹത്തിൽ നടക്കുന്ന ഏതൊരു പ്രശ്നവും സ്വന്തം വിഷയമായി കണ്ട് അതിൽ ഇടപെടുന്ന സ്വഭാവക്കാരനായിരുന്നു തസ്‌ലീം. മുൻ വർഷങ്ങളിൽ പ്രദേശത്തുണ്ടായ പ്രളയത്തിലും, ഉരുൾ പൊട്ടലിലും ഒക്കെ അദ്ദേഹത്തിന്റെ കർമ്മകുശലത വെളിപ്പെട്ടതാണ്. നാനാ ജാതി മതസ്ഥർ ഒരേ സമൂഹത്തിനുള്ളിൽ തോളോടുതോൾ ചേർന്ന് സഹവർത്തിത്വത്തോടെ കഴിയണം എന്നുള്ള അഭിപ്രായക്കാരനായിരുന്നു തസ്‌ലീം. അതുകൊണ്ടുതന്നെ പ്രദേശത്തെ ബുദ്ധപ്രതിമകൾക്കു നേരെ ആക്രമണമുണ്ടായി എന്നറിഞ്ഞപ്പോൾ അതിനു പിന്നിലെ കുത്സിത ശക്തികളെ കണ്ടെത്താൻ അദ്ദേഹം തന്നെ നേരിട്ടിറങ്ങി. "ഒന്നോ രണ്ടോ പേരുടെ അതിക്രമത്തിന് മതത്തെ പഴിക്കേണ്ട കാര്യമില്ല.. കുറ്റം ചെയ്തവരെ പിടികൂടി അകത്തിടുകയാണ് വേണ്ടത്. മതത്തിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്..." അദ്ദേഹം പറഞ്ഞു.
അദ്ദേഹമടക്കമുള്ളവരിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ബലത്തിൽ ബുദ്ധപ്രതിമകൾ തകർത്ത വിഷയത്തിൽ പൊലീസ് പലരെയും അറസ്റ്റു ചെയ്തെങ്കിലും, എല്ലാറ്റിനും പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന പ്രദേശവാസികളായ രണ്ടു സഹോദരന്മാർ പോലീസിനെ വെട്ടിച്ച് കടന്നു കളയുന്നു. സാദിഖ് അബ്ദുൽ ഹഖ്, ശഹീദ് അബ്ദുൽ ഹഖ് എന്നിവരായിരുന്നു അവർ.
അബ്ദുൽ ഹഖ് സഹോദരന്മാരുടെ തീവ്രവാദ സ്വഭാവം അവരെ പ്രദേശത്തെ മുസ്ലിം വിദ്യാർത്ഥി സംഘടനയിൽ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചു. 2018 -ൽ കാൻഡിയിൽ ബുദ്ധിസ്റ്റുകളുടെ നേതൃത്വത്തിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന കലാപത്തിൽ ഹഖ് സഹോദരന്മാർക്ക് കാര്യമായ അമർഷമുണ്ടായിരുന്നു. "നമ്മളെ ജീവിക്കാൻ സമ്മതിക്കാത്ത ആ തെമ്മാടികൾക്കെതിരെ എന്തെങ്കിലും ചെയ്യണം..." എന്ന് സാദിഖ് അഹമ്മദ് ഹഖ് ഇടയ്ക്കിടെ പറയുമായിരുന്നത്രെ.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഹഖ് സഹോദരന്മാർ ഒളിവിൽ പോയി. അവരെ പിടിക്കാൻ വേണ്ടി ലോക്കൽ പൊലീസിന് എല്ലാ സഹായങ്ങളും അവിടത്തെ മുസ്‌ലിം സമുദായം വാഗ്ദാനം ചെയ്തു. തസ്‌ലീം ആയിരുന്നു അതിനെല്ലാം മുന്നിട്ടിറങ്ങിയത്. തസ്‌ലീം പലപ്പോഴും പൊലീസിനൊപ്പം മാവാനെല്ലയിലെയും കാൻഡിയിലേയുമൊക്കെ ഘോരവനങ്ങളിൽ സേർച്ച് ഓപ്പറേഷനുകൾ നടന്നപ്പോൾ പൊലീസിന്റെ വഴികാട്ടിയായി കൂടെപ്പോയി. ജനുവരിയിലാണ് ബുദ്ധ പ്രതിമകൾക്ക് നേരെയുള്ള ആക്രമണം നടക്കുന്നത്. അന്ന് പലരേയും ചോദ്യം ചെയ്തപ്പോൾ അവിടെനിന്നും 150 കിലോമീറ്റർ അകലെ ശ്രീലങ്കയുടെ വടക്കു കിഴക്കൻ മേഖലയിലെ ഒരു തെങ്ങിൻ പുരയിടത്തിൽ 100 കിലോ ആർഡിഎക്സ് പൂഴ്‌ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊലീസിന് ചോർന്നു കിട്ടുന്നു. അന്ന് അത് പിടിച്ചെടുക്കാൻ പോയ പൊലീസ് സംഘത്തെ തസ്‌ലീമും അനുഗമിച്ചു. അന്ന് പൊലീസ് അവിടെ കണ്ടെത്തിയത് സ്‌ഫോടകവസ്തുക്കളും, ആയുധങ്ങളും, ടെന്റും, ഡിറ്റണേറ്ററുകളും, കാമറയും ഒക്കെ അടങ്ങുന്ന ഒരു മിനി തീവ്രവാദ ക്യാമ്പുതന്നെയായിരുന്നു.
അന്ന് തിരികെ വന്ന ശേഷം തസ്‌ലീം പൊലീസുകാരുടെ ജാഗ്രതക്കുറവിനെപ്പറ്റി പറഞ്ഞ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ ഓർക്കുന്നുണ്ട്. "അത്രയുമല്ല... ഇനിയും സ്ഫോടകവസ്തുക്കൾ അവർ പലയിടത്തും പൂഴ്ത്തി വെച്ചിട്ടുണ്ടാവണം... എന്തോ മോശപ്പെട്ടത് നടക്കാൻ പോവുന്നു... പൊലീസ് കൃത്യമായി ഇടപെട്ടില്ലെങ്കിൽ നമ്മുടെ ജീവിതം ഇവിടെ കഷ്ടപ്പാടാവാൻ പോവുന്നു." എന്ന് അന്ന് തസ്‌ലീം പറഞ്ഞത് ഏറെ പ്രവചനാത്മകമായിട്ടായിരുന്നു.
അന്ന് ആ ക്യാമ്പ് റെയ്ഡ് ചെയ്ത പൊലീസ് നാലു ഭീകരരെ അറസ്റ്റു ചെയ്‌തെങ്കിലും, ആഭ്യന്തര കലാപം തീർന്നതിന്റെ ഹാങ്ങ് ഓവറിൽ ഇരുന്ന സർക്കാർ, പാർലമെന്റിലെ തൊഴുത്തിൽകുത്തിന്റെ ബഹളത്തിനിടെ, രാജ്യസുരക്ഷക്ക് പ്രഥമപരിഗണന കൊടുക്കാതെ പോയി. അപ്പോഴൊക്കെ യൂട്യൂബിൽ നിരന്തരം നിർബാധം വെറുപ്പുപ്രചരിപ്പിച്ചുകൊണ്ട് സഹ്‌റാൻ ഹാഷിം വീഡിയോകൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നതും അധികാരികളിൽ ആരെയും അലട്ടിയില്ല.
പൊലീസിനെയും ഇന്റലിജൻസിനെയും സഹായിക്കുന്ന തസ്‌ലീമിന്റെ നിലപാട് അയാൾക്ക് ഹാഷിമിന്റെ ലിസ്റ്റിൽ ഒരു 'കരിങ്കാലി'യുടെ പരിവേഷം ചാർത്തിക്കൊടുത്തു. എത്രയും പെട്ടെന്ന് തസ്‌ലീമിനെ ഇല്ലാതാക്കാൻ ഹാഷിം മൗലവി തന്റെ അനുയായികൾക്ക് നിർദേശം നൽകി.
ഈസ്റ്റർ ആക്രമണങ്ങൾ നടക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ്, മാർച്ചിൽ, ഒരു ദിവസം പുലർച്ചെ, ആരുമറിയാതെ തസ്‌ലീമിന്റെ വീട്ടിനുള്ളിൽ കടന്നു കയറിയ അക്രമി സംഘം ഭാര്യയോടും മൂന്നു മക്കളോടുമൊത്തു കിടന്നുറങ്ങുകയായിരുന്ന തസീമിന്റെ തലയിലേക്ക് വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ടു. പടക്കം പൊട്ടുന്ന പോലെ ഒരു ഒച്ച കേട്ടുണർന്ന ഫാത്തിമ ഇരുട്ടിൽ ആരെയും കണ്ടില്ല. അവർ ആദ്യം കരുതിയത് തസ്‌ലീമിന്റെ മൊബൈല്‍ ചാർജർ പൊട്ടിത്തെറിച്ചതാവും എന്നാണ്. വെടിമരുന്നിന്റെ ഗന്ധം മൂക്കിലേക്ക് അരിച്ചു കേറിയപ്പോഴാണ് അതൊരു വധശ്രമമാണെന്ന് കാര്യം അവർക്ക് ബോധ്യപ്പെടുന്നത്. അബോധാവസ്ഥയിലായ തസ്‌ലീമിനെയും കൊണ്ട് അവർ ആശുപത്രിയിലേക്ക് പാഞ്ഞു. തന്റെ ഭർത്താവ് മരിച്ചു എന്നുതന്നെ ഫാത്തിമ ഉറപ്പിച്ചു. എന്നാൽ, ഉടനടി ആശുപത്രിയിലേക്കെത്തിച്ചതിനാൽ അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുകിട്ടി. മുഴുവനായും അദ്ദേഹത്തിന്റെ അസുഖം മാറുമോ എന്ന് അവർക്കുറപ്പില്ല. എങ്കിലും, ജീവനെങ്കിലും തിരിച്ചു തന്ന ദൈവത്തിനു അവർ നന്ദി പറയുന്നു.
ബുദ്ധപ്രതിമകൾ തകർത്തതും, തെങ്ങിൻ പുരയിടത്തിൽ തീവ്രവാദ ക്യാമ്പ് നടത്തിയതും, തസ്‌ലീമിനെ വധിക്കാൻ ശ്രമിച്ചതും ഒരേ സംഘം തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശ്രീലങ്കയ്ക്ക് അകത്തു നടന്ന ഇത്തരത്തിലുള്ള തീവ്രവാദ സ്വഭാവമുളള സംഭവങ്ങളും, ഇന്ത്യയിൽ നിന്നുള്ള കൃത്യമായ ഇന്റലിജൻസ് ഇൻപുട്ടുകളും അവഗണിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
വളരെ മോശമായ ആരോഗ്യാവസ്ഥയാണെങ്കിലും, തസ്‌ലീമിന് വീട്ടുകാർ പറയുന്നതൊക്കെ കേൾക്കാൻ കഴിയുന്നുണ്ട്. ഒക്കെ മനസ്സിലാവുന്നുണ്ട്. ഈസ്റ്റർ ദിവസം ഞായറാഴ്ച നടന്ന അക്രമണത്തെപ്പറ്റിയും, അതിൽ മുന്നൂറോളം പേരുടെ ജീവൻ നഷ്ടപ്പെട്ടതിനെപ്പറ്റിയും തസ്‌ലീമിനോട് പറഞ്ഞപ്പോൾ, അയാൾ ഒരു കഷ്ണം കടലാസിൽ ,"അന്നേ നിങ്ങളോട് പറഞ്ഞതല്ലേ ഞാൻ അവരെന്തെങ്കിലുമൊക്കെ ചെയ്യുമെന്ന്.." എന്നെഴുതിവെച്ചിട്ട് പൊട്ടിക്കരഞ്ഞു പോയത്രേ...
ഏപ്രിലിൽ നടന്ന ബോംബാക്രമണങ്ങൾക്കു ശേഷം ലങ്കയിലെ മുസ്ലീങ്ങളുടെ ജീവിതം വളരെ ദുഷ്കരമായിട്ടുണ്ട്. അവരുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും ആക്രമിക്കപ്പെട്ടു. പീടികകളിൽ പലതും തീയിട്ടു നശിപ്പിച്ചുകളഞ്ഞു അക്രമികൾ. തസ്‌ലീമിനെപ്പോലെ പൊലീസുമായി സഹകരിച്ചതിന്റെ പേരിൽ ജീവിതം നഷ്ടപ്പെട്ടവരുടെ ഉദാഹരണങ്ങൾ മുന്നിലുണ്ട്. എന്നിട്ടും, സമുദായം തീവ്രവാദത്തെ വളർത്തുന്നു എന്ന ആരോപണങ്ങൾ കേൾക്കേണ്ടി വരുമ്പോൾ അവർ ആകെ സങ്കടത്തിലാണ്.
തന്റെ ഭർത്താവ് നാടിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകളിലും, ത്യാഗങ്ങളിലും ഫാത്തിമയ്ക്ക് അഭിമാനമുണ്ട്. "സഹജീവികളെ സ്നേഹിക്കാനാണ് പരമകാരുണികനായ എന്റെ ദൈവം എന്നോട് പറഞ്ഞിട്ടുള്ളത്.. നീയും അത് തന്നെ ചെയ്യണം.." എന്ന് തസ്‌ലീം എന്നും പറഞ്ഞിരുന്നത്, വിങ്ങുന്ന മനസ്സോടെ ഫാത്തിമ ഇന്നും ഓർക്കുന്നു, തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്നു.
കടപ്പാട്: ബിബിസി