ജീവിതത്തില്‍ മോശം സമയമുണ്ടായെങ്കിലേ നല്ല സമയത്തിന്‍റെ വില അറിയൂ; ഈ 100 വയസ്സുകാരി പറയുന്നത്

By Web TeamFirst Published Jun 7, 2019, 6:07 PM IST
Highlights

ഞാന്‍ പഠിച്ചിട്ടില്ല. വിദ്യാഭ്യാസമില്ല. വേറൊരു കഴിവുമില്ല, അതുകൊണ്ട് ഞാന്‍ അടുത്തുള്ള വീടുകളില്‍ സഹായത്തിന് പോയിത്തുടങ്ങി. അതിരാവിലെ എഴുന്നേല്‍ക്കും, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി വയ്ക്കും. 

നൂറ് വയസ്സായ ഒരാളോട് ജീവിതത്തെ കുറിച്ച് ചോദിച്ചാല്‍ അവരെന്ത് പറയും? ഈ അമ്മൂമ്മ പറയുന്നത്, 'ജീവിതത്തില്‍ മോശം സമയമുണ്ടായാല്‍ അതങ്ങ് കടന്നുപോകും. മോശം സമയമുണ്ടായെങ്കിലേ നല്ല സമയത്തിന്‍റെ വില നമുക്ക് കൂടുതല്‍ മനസ്സിലാകൂ'വെന്നാണ്. ഹ്യുമന്‍സ് ഓഫ് ബോംബെ പങ്കുവെച്ച പോസ്റ്റിലാണ് ജീവിതത്തെ കുറിച്ച് ഇത്ര ലളിതമായി ഈ 100 വയസ്സുകാരി പറയുന്നത്. 

ഇരുപതുകളുടെ തുടക്കത്തില്‍ ഭര്‍ത്താവ് മരിച്ചു. മൂന്ന് കുഞ്ഞുങ്ങള്‍. കയ്യില്‍ പണമില്ല, വിദ്യാഭ്യാസമില്ല, ജോലിയില്ല. മക്കളെ പഠിപ്പിച്ചു. അവരിന്ന് തന്നെ നന്നായി നോക്കുന്നുലെന്നും ഈ അമ്മൂമ്മ പറയുന്നു. ആയിരത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്: 
മൂന്നാമത്തെ കുഞ്ഞുണ്ടായതിന് തൊട്ടു പിന്നാലെയാണ് എന്‍റെ ഭര്‍ത്താവ് മരിക്കുന്നത്. ഇരുപതു വയസ്സ് കഴിഞ്ഞേയുണ്ടായിരുന്നുള്ളൂ എനിക്ക്. മൂന്ന് കുഞ്ഞുങ്ങള്‍, ഭര്‍ത്താവ് മരിച്ചു, പണമില്ല എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. കുറച്ച് ദിവസങ്ങള്‍ വിഷമിച്ചിരുന്ന ശേഷം ഞാന്‍ തന്നെ എഴുന്നേറ്റു. എനിക്കൊരു കുടുംബമുണ്ട്. അവര്‍ക്ക് ഭക്ഷണം കൊടുക്കണം. അത് സ്വയം സംഭവിക്കില്ല. ഞാനെന്തെങ്കിലും ചെയ്തേ തീരൂവായിരുന്നു. 

ഞാന്‍ പഠിച്ചിട്ടില്ല. വിദ്യാഭ്യാസമില്ല. വേറൊരു കഴിവുമില്ല, അതുകൊണ്ട് ഞാന്‍ അടുത്തുള്ള വീടുകളില്‍ സഹായത്തിന് പോയിത്തുടങ്ങി. അതിരാവിലെ എഴുന്നേല്‍ക്കും, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി വയ്ക്കും. പണിക്ക് പോകും. പാതിരാത്രി  വരെ ജോലി ചെയ്യും.  എന്‍റെ മക്കള്‍ പരസ്പരം ശ്രദ്ധിച്ചു. ഞാനടുത്തില്ലെങ്കിലും അവരെ ഞാന്‍ പഠിപ്പിച്ചു. അവരെല്ലാവരും വിവാഹം കഴിച്ചു. 

എന്‍റെ കൊച്ചുമക്കളും എല്ലാവരും നല്ല ജോലിയില്‍ പ്രവേശിച്ചു. അടുത്തിടെ എനിക്ക് 100 വയസ്സ് തികഞ്ഞു. എന്‍റെ മൂന്ന് മക്കളും എന്നെ നന്നായി നോക്കുന്നു. ഈ ഭൂമിയില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എനിക്ക് നിങ്ങളോട് ഇതല്ലാതെ ഒന്നും പറയാനില്ല; മോശം സമയം കടന്നുപോകും. മോശം സമയമുണ്ടായെങ്കിലേ നല്ല സമയത്തിന്‍റെ വില നമുക്ക് കൂടുതല്‍ മനസ്സിലാകൂ. 
 

click me!