'ടൈറ്റാനിക് ഓർഫൻസ്', ആരുമറിയാതെ അച്ഛൻ കടത്തിക്കൊണ്ടുവന്ന കുഞ്ഞുങ്ങൾക്ക് കപ്പല്‍ മുങ്ങിയപ്പോള്‍ സംഭവിച്ചത്...

By Web TeamFirst Published Mar 15, 2021, 5:12 PM IST
Highlights

അവർ രക്ഷപ്പെട്ട മറ്റുള്ളവർക്കൊപ്പം കരയിലെത്തി. എന്നാൽ, അവരുടെ രക്ഷിതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒന്നാമതായി അവർക്ക് ഇം​ഗ്ലീഷ് അറിയില്ല. 

1912 ഏപ്രില്‍ 14 -നാണ് സ്വപ്നങ്ങളും വഹിച്ചുനീങ്ങിയ ടൈറ്റാനിക്കെന്ന വന്‍കപ്പല്‍ മുങ്ങിയത്. ആ വലിയ അപകടത്തെ അതിജീവിച്ചവരാണ് ഈ സഹോദരങ്ങള്‍. ഒരുപക്ഷേ, കപ്പലില്‍ നിന്നും രക്ഷാകര്‍ത്താക്കളോ, മാതാപിതാക്കളോ ഇല്ലാതെ ജീവനോടെ രക്ഷപ്പെട്ട കുഞ്ഞുങ്ങളും ഇരുവരും മാത്രമായിരിക്കും. മൈക്കല്‍, എഡ്മോണ്ട് നവ്രറ്റില്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ഒമ്പതാമത്തെയും അവസാനത്തേതുമായ ലൈഫ്ബോട്ടില്‍ അവരെ കയറ്റി വിട്ടത് അവരുടെ അച്ഛന്‍ തന്നെയാണ്. 

ആ രണ്ട് മക്കളും അച്ഛനെ കണ്ട അവസാനത്തെ നിമിഷവും അതായിരുന്നു. ഫ്രഞ്ച് സഹോദരങ്ങളായ ഇവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ തന്നെ മാസങ്ങളെടുത്തിട്ടാണ് അവരാരാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇതിനേക്കാളൊക്കെ വിചിത്രമായ കാര്യം ആ കുഞ്ഞുങ്ങളുടെ അച്ഛന്‍ അവരെ ഇരുവരെയും അവരുടെ അമ്മ പോലും അറിയാതെ കടത്തിക്കൊണ്ട് പോരുകയായിരുന്നുവെന്നതാണ്. ആ കഥ തുടങ്ങുന്നത് 1912 -ലാണ്. അന്നാണ് അവരുടെ അച്ഛന്‍ നവ്രാറ്റില്‍ ഭാര്യ മര്‍സേലയുമായി വിവാഹമോചിതനാകുന്നത്. കുട്ടികളുടെ പൂര്‍ണമായ അവകാശം മര്‍സേലയ്ക്കായിരുന്നു. അച്ഛന് ആഴ്ചാവസാനം വന്ന് കാണാനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് അയാള്‍ മക്കളെ കടത്തിക്കൊണ്ടുപോയി അമേരിക്കയില്‍ ഒരു പുതിയ ജീവിതം തുടങ്ങാന്‍ ശ്രമിക്കുന്നത്. 

അങ്ങനെ ടൈറ്റാനിക്കില്‍ മൂന്ന് സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ അയാള്‍ സംഘടിപ്പിച്ചു. ലൂയിസ് എം ഹോഫ്മാനും രണ്ട് ആണ്‍മക്കളും എന്നാണ് കപ്പലില്‍ അയാള്‍ പരിചയപ്പെടുത്തിയത്. മൈക്കലിന് നാല് വയസും എഡ്മണ്ടിന് രണ്ട് വയസുമായിരുന്നു അപ്പോള്‍ പ്രായം. അവരുടെ അച്ഛന്‍ മറ്റ് യാത്രക്കാരോട് പറഞ്ഞത് തന്‍റെ ഭാര്യ മരിച്ചുവെന്നും അതുകൊണ്ട് മക്കളെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയാണ് എന്നുമാണ്. മിക്കവാറും കുട്ടികളെ മറ്റുള്ളവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. 

കപ്പല്‍ മുങ്ങിയപ്പോള്‍ അയാള്‍ മക്കളെ നല്ല വസ്ത്രം ധരിപ്പിക്കുകയും മേല്‍ത്തട്ടിലേക്ക് കൊണ്ടുപോവുകയു ചെയ്തു. 'ഞങ്ങള്‍ രണ്ടുപേരും ഉറങ്ങുമ്പോള്‍ അച്ഛന്‍ വന്നു. ഞങ്ങളെ നല്ല ചൂടന്‍ കുപ്പായങ്ങള്‍ ധരിപ്പിച്ചു. ഞങ്ങളെ കയ്യടിലെടുത്തു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ താന്‍ മരിക്കുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നുവെന്ന് തോന്നുന്നു' എന്ന് മൈക്കല്‍ പിന്നീട് പറയുകയുണ്ടായി. കുട്ടികളെ ലൈഫ്ബോട്ടില്‍ കയറ്റുകയും അച്ഛന്‍ കപ്പല്‍ മുങ്ങി മരിക്കുകയുമായിരുന്നു. 

അവസാനമായി അച്ഛന്‍ പറഞ്ഞത്, 'അമ്മയോട് പറയണം ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന്. ഇപ്പോഴും സ്നേഹിക്കുന്നു. അവള്‍ ഞങ്ങളെ പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുമെന്ന് അവളോട് പറയണം. പുതിയ ലോകത്ത് സമാധാനത്തിലും സ്വാതന്ത്ര്യത്തോടെയും നമുക്ക് കഴിയാമെന്നും പറയണം' എന്നാണ് എന്ന് മൈക്കല്‍ പിന്നീട് പറഞ്ഞു. 

അവർ രക്ഷപ്പെട്ട മറ്റുള്ളവർക്കൊപ്പം കരയിലെത്തി. എന്നാൽ, അവരുടെ രക്ഷിതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒന്നാമതായി അവർക്ക് ഇം​ഗ്ലീഷ് അറിയില്ല. രണ്ടാമതായി അവരുടെ പേരുകൾ തെറ്റിയാണ് അവരുടെ അച്ചൻ കപ്പലിൽ നൽകിയിരുന്നത്. ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ രക്ഷപ്പെട്ട ഒരാൾക്കൊപ്പം തൽക്കാലം കുഞ്ഞുങ്ങളെ താമസിപ്പിച്ചു. 'ടൈറ്റാനിക് ഓർഫൻസ്' എന്നാണ് അവരിരുവരും അറിയപ്പെട്ടത്. എത്രയോ പത്രങ്ങളിൽ ഇരുവരുടെയും ചിത്രങ്ങൾ നൽകുകയും അന്വേഷിക്കുകയും ചെയ്തു. ഒടുവിൽ ഒരു മാസത്തിനൊക്കെ ശേഷമാണ് അമ്മ മാർസേലയെ കണ്ടെത്തുന്നത്. അവർ ന്യൂയോർക്ക് സിറ്റിയിലെത്തുകയും കുട്ടികളുമായി ചേരുകയും ചെയ്തു. പിന്നീട് കുഞ്ഞുങ്ങളുമായി  മാർസേല ഫ്രാൻസിലേക്ക് മടങ്ങി. ഫ്രാൻസിലാണ് പിന്നീടുള്ള കാലം അവർ ജീവിച്ചത്. 

click me!