വിമാനത്താവളത്തിലെ ക്ലീനർ മുതൽ പത്രമിടുന്ന ജോലി വരെ, ഇന്ന് കോടിക്കണക്കിന് വാർഷിക വരുമാനമുള്ള ബിസിനസുകാരൻ

By Web TeamFirst Published Mar 15, 2021, 12:51 PM IST
Highlights

തുടക്കത്തിൽ എല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കോഫി ഓർഡർ ചെയ്യാൻ പോലും അദ്ദേഹത്തിന് ഭയമായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ആത്മവിശ്വാസം കൈവിട്ടില്ല. 

ഒരു വിമാനത്താവളത്തിൽ ക്ലീനറായി ജോലി ചെയ്യുന്നതുമുതൽ പത്രങ്ങൾ എത്തിക്കുന്നതുവരെയുള്ള പലതരം ജോലികൾ ചെയ്തിട്ടുള്ള ആളാണ് 31 -കാരനായ ആമിർ ഖുതുബ്. എന്നാൽ 2014 -ൽ ഓസ്‌ട്രേലിയയിൽ എന്റർപ്രൈസ് മങ്കി എന്ന പേരിൽ സ്വന്തമായി ഒരു സംരംഭം ആരംഭിച്ച അദ്ദേഹം നിലവിൽ 10 കോടി വാർഷിക വരുമാനം ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാണ്. ആമിർ ജനിച്ചത് ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ്. പിന്നീട് ആമിറിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം നൽകാനായി അലിഗഡിലേക്ക് മാറി. വലുതായപ്പോൾ ആമിർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സ് എടുത്തു.  

“അത് പഠിക്കാൻ എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയില്ല. ഇത് എന്റെ മാർക്കുകൾ കുറയാൻ കാരണമായി” അദ്ദേഹം പറയുന്നു. ഈ സമയത്താണ് കോളേജിലെ പ്രൊഫസർമാരിലൊരാൾ, അമിറിനോട് ജീവിതത്തിൽ അവൻ ഒന്നും ആയിത്തീരാൻ പോകുന്നില്ലെന്ന് പറഞ്ഞത്. ആ നിമിഷം ആമിർ ഇന്നും ഓർമിക്കുന്നു. “പ്രൊഫസർ എന്നെ ക്ലാസ്സിൽ എഴുന്നേൽപ്പിച്ച് നിർത്തി. എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞു എന്റെ ഗ്രേഡുകൾ വളരെ മോശമാണെന്നും, ഞാൻ ജീവിതത്തിൽ ഒന്നുമാകാൻ പോകുന്നില്ലെന്നും. അത് എന്നെ തകർത്തു. എന്റെ ആത്മവിശ്വാസം നശിച്ചു” അദ്ദേഹം പറഞ്ഞു.

ഓർ‌കുട്ട് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ‌ ജനപ്രീതി നേടുന്ന ഒരു കാലമായിരുന്നു അത്. തന്റെ കോളേജിനായി ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ ആമിർ തീരുമാനിച്ചു. ആമിർ നാലുമാസം അതിനായി കഷ്ടപ്പെട്ടു. 2008 -ൽ അദ്ദേഹം ഉണ്ടാക്കിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ ആദ്യ ആഴ്ചയിൽ മാത്രം പതിനായിരത്തോളം അംഗങ്ങൾ സൈൻ അപ്പ് ചെയ്തു. ഒരു ചെറിയ കാലയളവിനുള്ളിൽ, 50,000 ത്തിലധികം അംഗങ്ങൾ സൈൻ അപ്പ് ചെയ്തു. “ഒരു പ്രശ്‌നം പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്,” അദ്ദേഹം പറയുന്നു.  

പിന്നീട് ആമിർ 2012 ൽ ഗ്രേറ്റർ നോയിഡയിലെ ഹോണ്ടയിൽ ജോലി ചെയ്തു. ഒരു വർഷത്തോളം പ്രൊഡക്ഷൻ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം മറ്റുള്ളവരെ കീഴിൽ ജോലി ചെയ്യാൻ യോഗ്യനല്ലെന്ന് മനസ്സിലാക്കി. തന്റെ കഴിവും അഭിനിവേശവും പാഴായിപ്പോകുന്നതായി അദ്ദേഹത്തിന് തോന്നി. ഒരു സംരംഭകനാകാനാണ് തന്റെ ആഗ്രഹം എന്നദ്ദേഹം തിരിച്ചറിഞ്ഞു. 23 -ാം വയസ്സിൽ ആമിർ ജോലി ഉപേക്ഷിച്ചു. എന്നാൽ അടുത്തതായി എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.  

ഒരു ക്ലയന്റാണ് ആമിറിന് ഓസ്‌ട്രേലിയയിൽ ഒരു ജോലിയ്ക്ക് ശ്രമിക്കാനുള്ള പ്രചോദനം നൽകിയത്. വിദ്യാർത്ഥി വിസയിലായിരുന്നു ആമിറിന് ആ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം. അതിനാൽ അദ്ദേഹം ഒരു എം‌ബി‌എയ്ക്ക് അപേക്ഷിക്കുകയും ഭാഗിക സ്കോളർഷിപ്പ് നേടുകയും ചെയ്തു. “ഓസ്‌ട്രേലിയയിൽ ചെന്നെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു വിമാനത്തിൽ കയറിയത്. അതുവരെ വിമാനം ആകാശത്ത് പറക്കുന്നത് മാത്രമേ കണ്ടിട്ടുള്ളൂ, ”അദ്ദേഹം പറയുന്നു.

തുടക്കത്തിൽ എല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കോഫി ഓർഡർ ചെയ്യാൻ പോലും അദ്ദേഹത്തിന് ഭയമായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ആത്മവിശ്വാസം കൈവിട്ടില്ല. നാലുമാസത്തോളം ആമിർ വിവിധ കമ്പനികൾക്കും തസ്തികകൾക്കും അപേക്ഷ അയച്ചു കൊണ്ടിരുന്നു. അതോടൊപ്പം ബില്ലുകൾ, കോളേജ് ഫീസ് എന്നിവ വർദ്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ അതിജീവിക്കാൻ ആമിർ ഒരു ക്ലീനറുടെ വേഷം ഏറ്റെടുത്തു. “ഒരു വിമാനത്താവളത്തിൽ എനിക്ക് ക്ലീനറായി ജോലി ലഭിച്ചു. ഇതിന് വളരെയധികം ശാരീരികക്ഷമത ആവശ്യമായിരുന്നു. ഇന്ത്യയിൽ ഒരിക്കൽ പോലും എന്റെ മുറി വൃത്തിയാക്കാത്ത ഞാൻ, വിമാനത്താവളത്തിലുടനീളമുള്ള മാലിന്യ കുപ്പകൾ വൃത്തിയാക്കാൻ പോയി” അദ്ദേഹം പറയുന്നു. അധ്വാനത്തിന്റെ അന്തസ്സിനെക്കുറിച്ച് അന്നാണ് ആമിർ മനസിലാക്കിയത്. ഇതിനൊപ്പം, ആമിർ ഒരു രാത്രി ജോലിയും ഏറ്റെടുത്തു. അത് പുലർച്ചെ 2.00 ന് ആരംഭിച്ച് രാവിലെ 7.00 വരെ തുടർന്നു. അടുത്തുള്ള പ്രദേശത്തേക്ക് പത്രങ്ങൾ വിതരണം ചെയ്യുന്ന ജോലിയായിരുന്നു അത്.  

ഈ രണ്ടു ജോലിക്കുമിടയിൽ എംബിഎ പഠനവും. എല്ലാ ദിവസവും അദ്ദേഹത്തിന് മൂന്ന് മണിക്കൂർ മാത്രമേ വിശ്രമം ഉണ്ടായിരുന്നുള്ളൂ. ഇത് ഏകദേശം ഒരു വർഷത്തോളം തുടർന്നു. ഒടുവിൽ, ആമിർ ഒരു കമ്പനിയിൽ ഇന്റേൺഷിപ്പ് കണ്ടെത്തി. ജോലി ചെയ്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ഥിരപ്പെടുകയും ചെയ്തു. “ആ അംഗീകാരം എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലസ് ആയിരുന്നു” അദ്ദേഹം ഓർക്കുന്നു. രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം ജനറൽ മാനേജർ സ്ഥാനത്തെത്തി. 2014 -ൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ, ആമിർ ഒരു പുതിയ സംരംഭം ആരംഭിച്ചു. എന്റർപ്രൈസ് മങ്കി പ്രൊപ്രൈറ്റർ ലിമിറ്റഡ് എന്ന പേരിൽ ഒരു വെബ്, ആപ്ലിക്കേഷൻ ഡെവലപ്മെന്റ് കമ്പനി. തന്റെ ഗാരേജിൽ 2,000 ഡോളർ മുതൽമുടക്കിൽ ജോലി ആരംഭിച്ചു ആമിർ. ഇത് ഒട്ടും എളുപ്പമല്ല. ഏകദേശം നാലുമാസത്തിനുശേഷം, ആദ്യ ക്ലയന്റിനെ അദ്ദേഹം കണ്ടുമുട്ടി. തുടർന്ന് കുറച്ച് ഉപഭോക്താക്കളെ കൂടി ലഭിച്ചു. 

നാല് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു മൾട്ടിനാഷണൽ ഡിജിറ്റൽ സ്ഥാപനത്തിന്റെ സിഇഒയും എന്റർപ്രൈസ് മങ്കി സ്ഥാപകനുമാണ് ആമിർ ഇന്ന്. ഓസ്‌ട്രേലിയൻ യംഗ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ ഫൈനലിസ്റ്റും നാല് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകനും ടെക് സഹസ്ഥാപകനുമാണ് അദ്ദേഹം. ഒരു അന്താരാഷ്ട്ര ഡിജിറ്റൽ കോൺഫറൻസായ പിവറ്റ് സമ്മിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് അദ്ദേഹം. എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാൻ ആമിറിനെ സഹായിച്ചത് അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം മാത്രമാണ്.  


 

  


 

click me!