ഈ മനുഷ്യരെന്താണിങ്ങനെ എന്ന് തോന്നിയേക്കാം, പക്ഷേ, ഇവരൊക്കെയുള്ളതുകൊണ്ടാണ് ലോകമിത്ര സുന്ദരം!

By Web TeamFirst Published Jan 22, 2020, 10:59 AM IST
Highlights

ആ ക്യാന്റീനിനുള്ളിൽ അപ്പോൾ പത്തിരുന്നൂറ്റമ്പതോളം വിദ്യാർത്ഥിനികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ക്യാന്റീനിനു മുന്നിൽ തൂത്തുകൊണ്ടിരിക്കുകയായിരുന്നു പർവേസ് മസീഹ് എന്ന ജീവനക്കാരൻ. സ്വന്തം ജീവൻ രക്ഷിക്കാമായിരുന്നു. അയാളത് ചെയ്തില്ല. കയ്യിൽ തൂത്തുകൊണ്ടിരുന്ന ആ ചൂൽ അല്ലാതെ യാതൊരു ആയുധവുമില്ലാതിരുന്നിട്ടും അയാൾ,  ക്യാന്റീനിന്റെ വാതിലടച്ച്, രണ്ടു കൈകളും വിരിച്ചു നിന്ന് ആ ചാവേറിനെ തടഞ്ഞു. 

ഈ ലോകത്ത് ചിലരുണ്ട്. അവരുടെ പ്രവൃത്തികൾ കാണുമ്പോൾ 'തലക്ക് വല്ല ഓളവുമുണ്ടോ?' എന്നു നമ്മൾ അറിയാതെ ചോദിച്ചുപോകും. കാരണം, അവർക്ക് അഞ്ചുകാശിന്റെ പ്രയോജനമില്ലാത്ത കാര്യങ്ങൾക്കുവേണ്ടിയാകും അവർ വിലപ്പെട്ട സമയവും പണവും അധ്വാനവും ഒക്കെ ചെലവിട്ട് എന്തിന്റെയെങ്കിലുമൊക്കെ പിന്നാലെ നടക്കുന്നത്. അങ്ങനെ സഹജീവികളുടെ ക്ഷേമത്തിനായി ചിലതൊക്കെ പ്രവർത്തിച്ച ചില കിറുക്കുള്ള മനുഷ്യരെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

ദശരഥ് മാഞ്ജി 

 

ദശരഥ് മാഞ്ജി എന്നു കേട്ടിട്ടുണ്ടോ?  മൗണ്ടൻ മാൻ? ബീഹാറിലെ ഗയക്ക് സമീപത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു തൊഴിലാളിയായിരുന്നു അദ്ദേഹം. ഒരുദിവസം മാഞ്ജിയുടെ ഭാര്യ ഫാൽഗുനി ദേവിക്ക് അസുഖം മൂർച്ഛിച്ചു. പക്ഷേ, ഏറ്റവും അടുത്തുള്ള ആശുപത്രി ഗയ പട്ടണത്തിൽ ആയിരുന്നു. അവിടേക്കാകട്ടെ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. അത്രയും ദൂരം അവർ നടന്നും മറ്റും എത്തിയപ്പോഴേക്കും അവരുടെ പ്രാണൻ കൈവിട്ടുപോയി. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന മാഞ്ജി കാണുന്നത് തനിക്കും പട്ടണത്തിലെ ആശുപത്രിക്കുമിടയിൽ തടസ്സമായി നിന്ന മലയെയാണ്. തന്റെ ഭാര്യക്ക് വന്ന ഗതി മറ്റാർക്കും വരരുത് എന്ന വാശി അയാളെ ആവേശിച്ചു. അടുത്ത ദിവസം അയാൾ ചുറ്റികയും ഉളിയും എടുത്തുകൊണ്ടിറങ്ങിവന്ന് മലയിലെ പാറപൊട്ടിച്ചു തുടങ്ങി. അതുകണ്ട ഗ്രാമവാസികൾ അയാളെ ഭ്രാന്തനെന്നു വിളിച്ച് പരിഹസിച്ചു. നടക്കാത്ത കാര്യമല്ലേ? ഇതെന്ന് പൊട്ടിച്ചു തീരാനാണ്? അങ്ങനെ നീണ്ടു പരിഹാസങ്ങൾ. എന്നാൽ മാഞ്ജി കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ഒടുവിൽ രണ്ടു പതിറ്റാണ്ടു നീണ്ട പരിശ്രമത്തിനുശേഷം അയാൾ തന്റെ ഉദ്യമത്തിൽ വിജയം കാണുക തന്നെ ചെയ്തു. ഇനി ആ ഗ്രാമത്തിലെ ആരും തന്നെ സമയത്ത് ആശുപത്രിയിൽ എത്താത്തതുകൊണ്ട് മരിക്കില്ല. പക്ഷേ, ഇങ്ങനെ ഒരു കാര്യത്തിനായി അയാളെന്തിനാണ് തന്റെ യൗവ്വനം കളഞ്ഞു കുളിച്ചത്? ഭാര്യ മരിച്ച സമയത്ത് അയാളുടെ നല്ല പ്രായമായിരുന്നു. രണ്ടാമതൊന്നു കെട്ടി സുഖമായി കഴിഞ്ഞുകൂടായിരുന്നോ അയാൾക്ക്? ഇങ്ങനെ മറ്റുള്ളവരുടെ വേണ്ടപ്പെട്ടവരെ സമയത്തിന് ആശുപത്രിയിൽ കൊണ്ടുപോകാനായി മലവെട്ടി റോഡുണ്ടാക്കിയിട്ട് ദശരഥ് മാഞ്ജിക്കെന്തു കിട്ടാനാണ് ?

കരീമുൽ ഹഖ്

 

ബംഗാളിൽ ആംബുലൻസ് ബാബാ കരീമുൽ ഹഖ് എന്നൊരാളുണ്ട്. സമയത്ത് ആംബുലൻസ് എത്താത്തതുകൊണ്ട്, അദ്ദേഹത്തിന്റെ അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. കരീമിന്റെ തോളിൽ കൈവെച്ചുകൊണ്ട് അന്ന് ഡോക്ടർ പറഞ്ഞത്, കുറേക്കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ അമ്മയെ രക്ഷിക്കാമായിരുന്നു എന്നാണ്. അതോടെ അയാൾ ചിന്തിച്ചിരുന്ന വിധമേ മാറി. ഒരു തേയിലത്തോട്ടത്തിൽ സാധാരണ ജീവനക്കാരനായിരുന്ന അയാൾ, തവണ വ്യവസ്ഥയിൽ ഒരു ബൈക്ക് വാങ്ങി അതിനെ ആംബുലൻസാക്കി മാറ്റിയെടുത്ത്, അതിൽ  ആ ഗ്രാമത്തിലെ രോഗികളെ നേരത്തിനും കാലത്തിനും ആശുപത്രിയിലെത്തിക്കുന്ന കടമ അയാൾ ഏറ്റെടുത്തു.  ആറായിരത്തിൽ അധികം രോഗികളുടെയെങ്കിലും ജീവൻ അയാൾ ഇന്നുവരെ സമയത്തിന് ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചിട്ടുണ്ട്. എത്രയോ പേർക്ക് അയാൾ ഫസ്റ്റ് എയിഡ് കൊടുത്തിട്ടുണ്ട്. എന്തിനാണ് അയാൾ അങ്ങനെ വർഷങ്ങളോളം ചെയ്തത്? അയാളുടെ അമ്മ മരിച്ചതല്ലേ, മറ്റുള്ളവരെ എത്തിച്ചിട്ട് കരീമുൽ ഹഖിനെന്തു കിട്ടാനാണ് ?

പർവേസ് മസീഹ് 

 

2009 ഒക്ടോബറിൽ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ക്യാമ്പസിനുനേരെ ഒരു തീവ്രവാദ ആക്രമണമുണ്ടായിരുന്നു. അന്ന് ദേഹത്ത് സ്ഫോടകവസ്തുക്കൾ അടങ്ങിയ ബെൽറ്റും ധരിച്ച് ഒരു തീവ്രവാദി ക്യാമ്പസിലെ ക്യാന്റീനിനുള്ളിലേക്ക് കടന്നുകയറാൻ നോക്കി. ആ ക്യാന്റീനിനുള്ളിൽ അപ്പോൾ പത്തിരുന്നൂറ്റമ്പതോളം വിദ്യാർത്ഥിനികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ക്യാന്റീനിനു മുന്നിൽ തൂത്തുകൊണ്ടിരിക്കുകയായിരുന്നു പർവേസ് മസീഹ് എന്ന ജീവനക്കാരൻ. വേണമെങ്കിൽ അയാൾക്ക് ഓടി രക്ഷപ്പെടാമായിരുന്നു. സ്വന്തം ജീവൻ രക്ഷിക്കാമായിരുന്നു. അയാളത് ചെയ്തില്ല. കയ്യിൽ തൂത്തുകൊണ്ടിരുന്ന ആ ചൂൽ അല്ലാതെ യാതൊരു ആയുധവുമില്ലാതിരുന്നിട്ടും അയാൾ,  ക്യാന്റീനിന്റെ വാതിലടച്ച്, രണ്ടു കൈകളും വിരിച്ചു നിന്ന് ആ ചാവേറിനെ തടഞ്ഞു. അകത്തേക്ക് പോകാൻ നിർവാഹമില്ല എന്ന് പറഞ്ഞു. മല്പിടുത്തമായി. ഒടുവിൽ ആ ഭീകരവാദി തന്റെ ബെൽറ്റ് ബോംബ് ട്രിഗർ ചെയ്തു. കാന്റീൻ വരാന്തയിൽ നിന്ന മൂന്നു വിദ്യാർത്ഥിനികളും, പർവേസും അടക്കം നാലുപേർ അന്ന് ആ സ്‌ഫോടനത്തിൽ മരിച്ചു എങ്കിലും, സ്വന്തം ജീവന്റെ സുരക്ഷ അവഗണിച്ചുകൊണ്ട്, സമയോചിതമായി പർവേസ് നടത്തിയ ഇടപെടൽ അന്ന് രക്ഷിച്ചത് ഇരുനൂറ്റമ്പത് വിദ്യാർത്ഥിനികളുടെ ജീവനാണ്. അയാൾ എന്തിനാണ് അന്നങ്ങനെ ചെയ്തത്? യന്ത്രത്തോക്കുമേന്തി ആ ചാവേർ വരുന്നത് അയാൾ ദൂരെ നിന്നുതന്നെ കണ്ടതല്ലേ? ഓടി രക്ഷപ്പെടാമായിരുന്നില്ലേ പർവേസിന് തന്റെ ജീവനും കൊണ്ട്? സ്വന്തം ജീവൻ കളഞ്ഞ് പേരുപോലുമറിയാത്ത ആ പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചിട്ട് പർവേസിനെന്തു കിട്ടാനാണ് ?

ഐറിന സാൻഡ്‌ലർ


 

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നാണ്. എന്നാലും ഇക്കൂട്ടത്തിൽ ഒരു പോളണ്ടുകാരിയെപ്പറ്റിയും പറയാതിരിക്കാൻ നിവൃത്തിയില്ല. പേര് ഐറിന സാൻഡ്‌ലർ. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിൽ മുനിസിപ്പാലിറ്റിയിലെ ഒരു സാധാരണ ജീവനക്കാരി. അവർ യഹൂദ വംശജയൊന്നും അല്ലായിരുന്നു. എന്നിട്ടും, പോളണ്ടിനെ ചവിട്ടിമെതിച്ചുകൊണ്ട് ഹിറ്റ്‌ലർ കടന്നുപോയ രണ്ടാം ലോകമഹായുദ്ധകാലത്ത്, അവർ സമാനഹൃദയരോടൊപ്പം ചേർന്നുകൊണ്ട് ഒരു രഹസ്യ സംഘടന രൂപീകരിച്ചു. ഒരു അണ്ടർഗ്രൗണ്ട് നെറ്റ്‌വർക്ക്.  ചാക്കുകളിൽ കെട്ടിയും, അഴുക്കുചാലുകൾ വഴിയുമൊക്കെ അവർ ഹിറ്റ്ലറുടെ കൊലപാതകികളിൽ നിന്ന് അവർ കഴിയാവുന്നത്ര ജൂതക്കുട്ടികളെ പോളണ്ടിലേക്ക് കടത്തി. അവിടെ അവരെ ഒളിപ്പിച്ചു വളർത്താൻ കഴിയുന്ന പോളിഷ് കുടുംബങ്ങളുടെ സംരക്ഷണയിലാക്കി. ഒന്നും രണ്ടുമല്ല, 2500 -ലധികം യഹൂദകുഞ്ഞുങ്ങളുടെ ജീവനാണ് ആ രഹസ്യ നെറ്റ്‍വർക്ക്, ഇങ്ങനെ ഐറീനയുടെ നേതൃത്വത്തിൽ ഗെസ്റ്റപ്പോയുടെ കൈകളിൽ പൊലിയാതെ കാത്തത്. 2007 -ൽ പോളിഷ് പാർലമെന്റ്   അവരെ 'ദേശീയ ധീരനായിക' എന്ന് ആദരവോടെ വിളിച്ചപ്പോൾ അവർ പറഞ്ഞത് "ഇതൊക്കെ ഇങ്ങനെയുള്ള സാഹചര്യത്തിൽ മനുഷ്യർ എന്ന് സ്വയം വിളിക്കുന്ന ആരും ചെയ്യേണ്ട ഏറ്റവും ചുരുങ്ങിയ ഒരു കാര്യം മാത്രമല്ലേ..? ഏതൊക്കെ മക്കളെ രക്ഷിച്ചെടുക്കുന്നതിൽ എനിക്ക് നേരിയ പങ്കെങ്കിലുമുണ്ടോ, ആ മക്കളൊക്കെ ചേർന്നാണ് എന്റെ ജന്മത്തെ സാർത്ഥകമാക്കുന്നത്. ഞാനീ ഭൂമിയിലേക്ക് വന്നത് വെറുതെയായിരുന്നില്ല, അതിനൊരു നിയോഗമുണ്ടായിരുന്നു എന്നെനിക്ക് തോന്നാൻ കാരണമാകുന്നത്" എന്നാണ്. അന്നൊക്കെ ജൂതന്മാരെ സഹായിക്കുക എന്നുപറഞ്ഞാൽ ഗെസ്റ്റപ്പോയുടെ തോക്കിന് ഇരയാവുക എന്നായിരുന്നു അർഥം. അങ്ങനെ സ്വന്തം ജീവൻ പണയം വെച്ച് വഴിയേ പോകുന്ന യഹൂദക്കുഞ്ഞുങ്ങളെ രക്ഷിച്ചിട്ട് ഐറിനയ്ക്ക് എന്തുകിട്ടാനാണ് ?

സുലൈമാൻ ഖാൻ 

 

കഴിഞ്ഞയാഴ്ച പാകിസ്താനിലെ ബലൂചിസ്ഥാനിൽ കടുത്ത മഞ്ഞുവീഴ്ചയുണ്ടായി. നൂറുകണക്കിന് വാഹനങ്ങൾ യാത്രാമധ്യേ റോഡിൽ കുടുങ്ങിപ്പോയിരുന്നു. ക്വേട്ടയ്ക്ക് അടുത്ത് താമസിച്ചിരുന്ന സുലൈമാൻ ഖാൻ എന്നൊരാൾ ആ ദുരിതം കണ്ടപ്പോൾ അവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. അയാളും, സഹോദരനും, ഒരു സുഹൃത്തും ചേർന്ന് ഇങ്ങനെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെയാണ് മഞ്ഞുവീഴ്ചയിൽ നിന്ന് രക്ഷിച്ചെടുത്ത് ചൂടും ഭക്ഷണവും വെള്ളവുമൊക്കെ നൽകിയത്. അയാൾ അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ, സർക്കാർ സംവിധാനങ്ങൾ അതിന്റെ വേഗത്തിൽ പ്രവർത്തിച്ച് ഔദ്യോഗിക സഹായം എത്തുന്നതിനിടെ നൂറുകണക്കിന് പേർ തണുത്തുവിറച്ച് മരിച്ചുപോയേനെ..! അങ്ങനെയൊക്കെ ചെയ്യേണ്ട എന്തുകാര്യമുണ്ട് സുലൈമാൻ ഖാന്? ആളുകൾ മഞ്ഞിൽ കുടുങ്ങിയത് അയാളുടെ കുറ്റം കൊണ്ടല്ലല്ലോ. അവരെ സർക്കാർ രക്ഷപ്പെടുത്തിക്കൊള്ളും എന്നുകരുതി തന്റെ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ? ഇങ്ങനെ പെടാപ്പാടുപെട്ട് പത്തുനൂറുപേരെ രക്ഷിച്ചെടുത്തിട്ട് അയാൾക്ക് എന്തുകിട്ടാനാണ് ?

ഇവർക്കൊക്കെ എന്താ ഭ്രാന്താണോ? തലക്ക് വല്ല കിറുക്കുമുണ്ടോ? ഒരു രാഷ്ട്രീയ നേട്ടവും ഇല്ലാതിരുന്നിട്ടും, വ്യക്തിപരമായ ഒരു കാര്യവും സാധിക്കാനില്ലാതിരുന്നിട്ടും, പലപ്പോഴും സ്വന്തം ജീവനും ജീവിതവും അപകടത്തിലാക്കിക്കൊണ്ടുപോലും ഇങ്ങനെ സഹജീവികളെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ചില കിറുക്കന്മാരാണ് ഈ ഭൂമിയിൽ മനുഷ്യത്വം അസ്തമിച്ചിട്ടില്ല എന്നതിന്റെ തെളിവ്... അവർ ഉണർത്തുന്ന ശുഭപ്രതീക്ഷകളാണ് ഇരുൾവീണ ലോകവീഥികളിലൂടെ മനുഷ്യരാശിയെ മുന്നോട്ടുതന്നെ നയിക്കുന്നത്. അവരാണ് ഈ ലോകത്തിന്റെ വെളിച്ചവും തെളിച്ചവും!

click me!