
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ പുള്ളിപ്പുലിയും തെരുവുനായയും തമ്മിൽ ഏറ്റുമുട്ടി, ഒടുവിൽ ഭയന്ന് ഓടിപ്പോയി പുലി. ഈ ആഴ്ച ആദ്യം നിഫാദിലാണ് സംഭവം നടന്നത്. ഏകദേശം 300 മീറ്ററോളം നായ പുലിയെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഗ്രാമവാസികളെയാകെ അമ്പരപ്പിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചു. വലിയ ഭയത്തോടും ഞെട്ടലോടെയുമാണ് ആളുകൾ വീഡിയോ കണ്ടത്.
പുള്ളിപ്പുലി ഇവിടെയാകെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു എന്നും ആ സമയത്താണ് നായയും പുലിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമാണ് നായയുടെ ഭാഗത്ത് നിന്നും പുലിക്ക് നേരെയുണ്ടായത്. ഇതിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന പുള്ളിപ്പുലി ഒടുവിൽ ഒരുവിധത്തിൽ നായയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‘നായ പുള്ളിപ്പുലിയെ അങ്ങനെ അക്രമിച്ചത് വിശ്വസിക്കാൻ പോലും സാധിക്കില്ല, ഒടുവിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പുലി ഓടിപ്പോവുകയായിരുന്നു’ എന്നാണ് ഒരു ഗ്രാമവാസി സംഭവത്തെ കുറിച്ച് പറഞ്ഞത്.
നായയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടമൊന്നും സംഭവിച്ചിട്ടില്ല. പുള്ളിപ്പുലിക്ക് പരിക്കേറ്റെങ്കിലും ഗ്രാമവാസികൾക്ക് ഭീഷണിയാവില്ല എന്നാണ് അധികൃതർ പറയുന്നത്. ജീവൻ അപകടത്തിലാകുന്ന പരിക്കല്ല പുലിക്കേറ്റത് എന്ന് കരുതുന്നുണ്ടെങ്കിലും പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
വ്യാപകമായി പ്രചരിച്ച വീഡിയോയിൽ പുലിയും നായയും തമ്മിലുള്ള ഏറ്റുമുട്ടലാണ് കാണുന്നത്. പുലിയെ നായ കടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് ഇതിൽ കാണുന്നത്. നേരിയ വെളിച്ചം മാത്രമാണ് പ്രദേശത്തുള്ളത്. യാതൊരു ഭയവുമില്ലാത്ത വണ്ണം പുലിയെ കടിച്ചുവലിക്കുന്ന നായയെ ആണ് വീഡിയോയിൽ കാണുന്നത്. ഒടുവിൽ ഒരുവിധത്തിലാണ് പുലി ഇതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നത്.