സോഷ്യൽ മീഡിയയിൽ സമ്പത്തിനെ കുറിച്ച് പോസ്റ്റ്, കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി...

Published : May 03, 2022, 04:06 PM IST
സോഷ്യൽ മീഡിയയിൽ സമ്പത്തിനെ കുറിച്ച് പോസ്റ്റ്, കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി...

Synopsis

കയ്യിൽ ഐഫോൺ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ മുതൽ പണത്തിന്റെ വീഡിയോ വരെയുള്ള നിരവധി പോസ്റ്റുകൾ  ഇൻസ്റ്റഗ്രാമിൽ അൻമോൽ പോസ്റ്റ് ചെയ്തിരുന്നു. 

സാമൂഹ്യമാധ്യമങ്ങളിൽ(social media) ലൈക്കുകളും ഷെയറുകളും മറ്റും കിട്ടാനായി നമ്മൾ കാട്ടിക്കൂട്ടുന്നത് ചിലപ്പോൾ വലിയ അപകടങ്ങളിലേയ്ക്ക് വഴിവെയ്ക്കുമെന്ന് തെളിയിക്കുന്ന സംഭവമാണ് രാജസ്ഥാനിലെ ദൗസ ജില്ലയിൽ കഴിഞ്ഞ മാസം അവസാനം നടന്നത്. ദൗസ ജില്ലയിലെ ബന്ദികുയി(Bandikui) പട്ടണത്തിൽ നിന്ന് ഒരു കോളേജ് വിദ്യാർത്ഥിയെ പട്ടാപ്പകൽ ഒരു അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിയായ അൻമോൽ അറോറ(Anmol Arora)യെ പിന്നീട് സിക്കാർ ജില്ലയിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. 

തുടർന്ന് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു. എന്തിനായിരുന്നു തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എന്നതിന്റെ കാരണം കേട്ട് പൊലീസ് അമ്പരന്നു പോയി. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ അൻമോൽ വളരെ സജീവമാണ്. തന്റെ സമ്പത്ത് വെളിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകളും, ചിത്രങ്ങളും അവൻ ഇടക്കിടെ പങ്കിട്ടിരുന്നു. ഇത് കണ്ട പ്രതികൾ ഇര ഒരു ധനികനായ വ്യവസായിയുടെ മകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയത്.  
 
ഏപ്രിൽ 25 -ന് കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകുമ്പോൾ, ഒരു കോടി രൂപ മോചനദ്രവ്യം വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ, അതിനുമുമ്പ് പദ്ധതി പൊളിയുകയും, പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. അൻമോൽ അറോറയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രതികൾ കാണാൻ ഇടയായി. കയ്യിൽ ഐഫോൺ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ മുതൽ പണത്തിന്റെ വീഡിയോ വരെയുള്ള നിരവധി പോസ്റ്റുകൾ  ഇൻസ്റ്റഗ്രാമിൽ അൻമോൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടിൽ ആറ് ലക്ഷം രൂപയുണ്ടെന്ന സന്ദേശത്തിന്റെ വ്യാജ സ്‌ക്രീൻഷോട്ട് പോലും ഇയാൾ പങ്കുവെച്ചിരുന്നു. മകന്റെ കയ്യിൽ ഇത്രയധികം പണം ഉള്ളപ്പോൾ വീട്ടുകാരുടെ പക്കൽ എത്ര ഉണ്ടാകുമെന്ന് പ്രതികൾ ചിന്തിച്ചു. സംഭവത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ വിവേക് ചതുർവേദിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാൽ ആദ്യം ഒരു വ്യാപാരിയുടെ മകനെ തട്ടിക്കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി പ്രതികളിൽ ഒരാളായ ജയ്പൂർ സ്വദേശി സിദ്ധാർത്ഥ് സെയ്‌നി ഒരു സ്വകാര്യ ട്രാവൽ കമ്പനിയിൽ നിന്ന് ഓൺലൈൻ വഴി ഒരു കാർ വാടകയ്‌ക്കെടുത്തു, നമ്പർ പ്ലേറ്റ് മാറ്റി. പക്ഷേ, എന്തോ ചില കാരണങ്ങളാൽ ആ പദ്ധതി പാളിപ്പോയി. ആ സമയത്താണ് അൻമോലിന്റെ പോസ്റ്റ് പ്രതി കാണുന്നത്. അങ്ങനെ അവനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കേസ് പൊലീസ് അന്വേഷിക്കാൻ ആരംഭിക്കുകയും, മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തതോടെ പ്രതികൾക്ക് മോചനദ്രവ്യം ആവശ്യപ്പെടാൻ കഴിയാതായി. ഈ കേസിൽ ഇനി നാല് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.  

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്