പഞ്ചാബിൽ നിന്ന് കണ്ടെത്തിയ 160 വർഷം പഴക്കമുള്ള മനുഷ്യാസ്ഥികൂടങ്ങൾ, പുതിയ വെളിപ്പെടുത്തലുമായി ​ഗവേഷകർ

Published : May 03, 2022, 01:11 PM IST
പഞ്ചാബിൽ നിന്ന് കണ്ടെത്തിയ 160 വർഷം പഴക്കമുള്ള മനുഷ്യാസ്ഥികൂടങ്ങൾ, പുതിയ വെളിപ്പെടുത്തലുമായി ​ഗവേഷകർ

Synopsis

അപ്പോഴാണ് പഞ്ചാബ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ഡോ. ജെ.എസ്. സെഹ്‌രാവത് അസ്ഥികൂടങ്ങളുടെ ഡിഎൻഎയും ഐസോടോപ്പും വിശകലനം ചെയ്ത് ഇതാരുടേതാണെന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തിയത്. 

എട്ട് വർഷം മുമ്പ് പഞ്ചാബി(Punjab)ലെ ഒരു ഗ്രാമമായ അജ്നാല(Ajnala)യിൽ നിന്ന് 160 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടങ്ങൾ (Human skeletons) കണ്ടെത്തിയിരുന്നു. ഇത് ആരുടേതാകാമെന്നതിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങൾ ഉയർന്നു വന്നു. അത് ഇന്ത്യൻ സൈനികരുടേതാകാമെന്നതായിരുന്നു ഒരു കണ്ടെത്തൽ. എന്നാൽ, യഥാർത്ഥത്തിൽ 160 വർഷം പഴക്കമുള്ള ഈ അസ്ഥികൂടങ്ങൾ 1857 -ൽ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടേതാണെന്നാണ് ഒരു പുതിയ പഠനം പറയുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

അത് പഞ്ചാബിലെയോ, പാക്കിസ്ഥാനിലെയോ ആളുകളുടേതല്ല, മറിച്ച് ബീഹാർ, യുപി, പടിഞ്ഞാറൻ ബംഗാൾ എന്നിവിടങ്ങളെ ജനങ്ങളുടെതാണെന്ന് ഗവേഷകർ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജനിതക ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘമാണ് പുതിയ വിവരം വെളിപ്പെടുത്തിയത്.  

2014 -ന്റെ തുടക്കത്തിലാണ് അജ്‌നാലയിലെ ഒരു പഴയ കിണറ്റിൽ നിന്ന് അസ്ഥികൂടങ്ങൾ കുഴിച്ചെടുത്തത്. ചില ചരിത്രകാരന്മാർ ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടേതാണെന്നാണ് വാദിച്ചു. എന്നാൽ, മറ്റ് ചിലർ ഇത് 1857 -ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങളാണെന്ന് വിശ്വസിച്ചു. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം ഒരു നിഗമനത്തിൽ എത്താൻ ഗവേഷകർക്ക് കഴിഞ്ഞില്ല.    

അപ്പോഴാണ് പഞ്ചാബ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ഡോ. ജെ.എസ്. സെഹ്‌രാവത് അസ്ഥികൂടങ്ങളുടെ ഡിഎൻഎയും ഐസോടോപ്പും വിശകലനം ചെയ്ത് ഇതാരുടേതാണെന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തിയത്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, ലഖ്‌നൗവിലെ ബിർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെയും സഹായം അദ്ദേഹം തേടി. ഡിഎൻഎ വിശകലനത്തിനായി 50 സാമ്പിളുകളും ഐസോടോപ്പ് വിശകലനത്തിനായി 85 സാമ്പിളുകളും ഗവേഷകർ എടുത്തു. ഡിഎൻഎ പരിശോധനയിലൂടെ ആളുകളുടെ വംശപരമ്പരയെ കുറിച്ച് മനസ്സിലാക്കാൻ അവർക്ക് സാധിച്ചു. ഐസോടോപ്പ് വിശകലനം ചെയ്തപ്പോൾ അവരുടെ ഭക്ഷണ ശീലങ്ങളും തിരിച്ചറിഞ്ഞു. ഇതോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാകിസ്ഥാനിലോ താമസിക്കുന്നവരുടെതല്ലെന്ന് കണ്ടെത്തി. പകരം, ഡിഎൻഎ ക്രമങ്ങൾ യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുടേതുമായി സാമ്യമുള്ളതായി ഗവേഷകർ കണ്ടെത്തി.  

ചരിത്രരേഖകളിൽ പറയുന്നത്, മിയാൻ-മിറിൽ നിയമിക്കപ്പെട്ട സൈനികരാണ് അവരെന്നാണ്. മിയാൻ-മിറിൽ ഇപ്പോൾ ആധുനിക പാകിസ്ഥാനിലാണുള്ളത്. ഒരു കലാപത്തിൽ ഈ സൈനികർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുകയുണ്ടായി. തുടർന്ന്, അജ്‌നാലയ്ക്ക് സമീപം വച്ച് ബ്രിട്ടീഷ് സൈനികർ അവരെ പിടികൂടി വധിച്ചു. ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യ സമര നായകന്മാരുടെ ചരിത്രത്തിൽ ഒരു സുപ്രധാന അധ്യായമായിരിക്കും ഈ കണ്ടെത്തലെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഫ്രോണ്ടിയേഴ്‌സ് ഇൻ ജെനറ്റിക് ജേണലിൽ ഏപ്രിൽ 28 -നാണ് പഠനം  പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!