കാലാവസ്ഥാ വ്യതിയാനം: അരനൂറ്റാണ്ടിനുള്ളില്‍  ജീവജാലങ്ങളില്‍ മൂന്നിലൊന്നും അപ്രത്യക്ഷമായേക്കും

By Gopika SureshFirst Published Feb 24, 2020, 3:20 PM IST
Highlights

കാലാവസ്ഥ വ്യതിയാനം തുടര്‍ന്നാല്‍ അരനൂറ്റാണ്ടിനുള്ളില്‍ ഭൂമിയിലെ ജന്തു, സസ്യ ജാലങ്ങളില്‍ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് പഠനം.

 

കാലാവസ്ഥ വ്യതിയാനം തുടര്‍ന്നാല്‍ അരനൂറ്റാണ്ടിനുള്ളില്‍ ഭൂമിയിലെ ജന്തു, സസ്യ ജാലങ്ങളില്‍ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് പഠനം.  581 പ്രദേശങ്ങളിലുള്ള 538 സസ്യ ജന്തു വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അരിസോണാ സര്‍വകലാശാലയിലെ ഡോ. ജോണ്‍ ജെ വെയ്ന്‍സിന്റെയും ക്രിസ്ത്യന്‍ റോമന്‍ പാലഷിസിന്റെയും നേതൃത്വത്തിലാണ് പഠനം  നടന്നത്. 2070 ഓടെ ഭൂമുഖത്തെ ജന്തു, സസ്യ, കീട വിഭാഗങ്ങളില്‍പ്പെട്ട ശാശരി മൂന്നിലൊന്ന് ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിച്ചേക്കാമെന്നാണ് പ്രൊസിഡിങ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (PNAS) ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്. 

538 സസ്യ ജന്തു വിഭാഗങ്ങള്‍ക്കിടയിലാണ് സംഘം പഠനം നടത്തിയത്. ഇതില്‍ 44 ശതമാനവും ഇതിനകം പല പ്രദേശങ്ങളില്‍ നിന്നും നാമാവശേഷമായതായി കണ്ടെത്തി. വാര്‍ഷിക താപനിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ സ്ഥലങ്ങളിലാണ് ജീവജാലങ്ങളുടെ വംശനാശം സംഭവിച്ചത്.  ജീവജാലങ്ങളുടെ സ്ഥാനമാറ്റം വരുത്തുന്നതിലൂടെ വംശനാശത്തെ അതിജീവിക്കാനാവുമോ എന്നും പഠനം പരിശോധിച്ചു. കാലാവസ്ഥ വ്യതിയാനം ഇതുപോലെ തുടര്‍ന്നാല്‍, യഥാര്‍ത്ഥത്തില്‍ 50-70% ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കാനാണ് സാദ്ധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍, സ്ഥാനമാറ്റം വരുത്തുന്നതിലൂടെ വംശനാശഭീഷണി 30 ശതമാനമോ അതില്‍ കുറവോ ആയി കുറക്കാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍, അരനൂറ്റാണ്ടിനകം 16-30 ശതമാനം വരെ ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചേക്കാം എന്നാണ് കരുതുന്നത്.  ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാവുന്ന വിധത്തില്‍ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസത്തെ തുറന്ന് കാണിക്കുകയാണ്  ഈ പഠനത്തിലൂടെ ഗവേഷകര്‍. 

ചില ജീവിവര്‍ഗങ്ങളുടെ വംശനാശത്തെക്കുറിച്ച് സുപ്രധാനമായ പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, കാലാവസ്ഥയിലെ ഏത് മാറ്റങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ  വംശനാശങ്ങള്‍ക്ക് കാരണമാകുന്നതെന്നു വ്യക്തമല്ല.  ഇത് മൂലം എത്ര ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുമെന്ന കൃത്യമായ വിവരവും ലഭ്യമല്ല. അതിനാല്‍, കാലാവസ്ഥയിലുണ്ടായ ചില പ്രത്യേക മാറ്റങ്ങളും അതിനോടനുബന്ധിച്ചു പ്രാദേശികമായി സംഭവിച്ച ജീവികളുടെ വംശനാശവുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഈ വിവരങ്ങളുപയോഗിച്ചാണ് ഭാവിയിലുണ്ടായേക്കാവുന്ന വംശനാശങ്ങളുടെ വ്യാപ്തിയെ കുറിച്ച് സംഘം മുന്നറിയിപ്പ് നല്‍കുന്നത്.

click me!