എട്ട് സെന്റിമീറ്റർ നീളമുള്ള മത്സ്യം, കുത്തേറ്റാൽ പ്രസവവേദനയേക്കാൾ വേദനയത്രെ, ജാ​ഗ്രതയിൽ ബീച്ച് സന്ദർശകർ

Published : Aug 12, 2022, 01:12 PM IST
എട്ട് സെന്റിമീറ്റർ നീളമുള്ള മത്സ്യം, കുത്തേറ്റാൽ പ്രസവവേദനയേക്കാൾ വേദനയത്രെ, ജാ​ഗ്രതയിൽ ബീച്ച് സന്ദർശകർ

Synopsis

ബീച്ച് സന്ദർശിക്കാനെത്തിയ ഒരു സ്ത്രീ തന്റെ മകൾക്ക് രണ്ട് തവണ മത്സ്യത്തിന്റെ കുത്തേറ്റു എന്നും പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വന്നു എന്നും പറയുന്നു.

നോർത്ത് വെയിൽസിൽ ബീച്ച് സന്ദർശിക്കാൻ പോകുന്നവരോട് ഒരു കുഞ്ഞു മത്സ്യത്തിന്റെ കുത്തേൽക്കാതെ നോക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഗ്വിനെഡിലെ ബ്ലാക്ക് റോക്ക് സാൻഡ്‌സ് ബീച്ചിൽ 11 പേർക്ക് വീവർ മത്സ്യത്തിന്റെ കുത്തേറ്റതായി റിപ്പോർട്ടുണ്ട്. അവയുടെ കുത്തിന്റെ വേദന പ്രസവ വേദനയേക്കാൾ ഭീകരമാണ് എന്നും പറയപ്പെടുന്നു. ബീച്ച് സന്ദർശിക്കുന്നവരോട് പ്രത്യേകതരം ചെരിപ്പ് ധരിക്കണം എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

വീവർ മത്സ്യം ചെറുതാണ്. ഏകദേശം 8 സെന്റീമീറ്റർ മാത്രമാണ് നീളം. പക്ഷേ, അവയുടെ കുത്ത് അസഹനീയമായ വേദനയുണ്ടാക്കും. ശൈത്യകാലത്ത്, സാധാരണയായി ഇവ ആഴത്തിലുള്ള വെള്ളത്തിലാണ് കാണപ്പെടുന്നത്. എന്നാൽ, വേനൽക്കാലത്ത് അവ കരയിൽ എത്തുകയും വളരെ ആഴം കുറഞ്ഞ വെള്ളത്തിലോ അല്ലെങ്കിൽ മണലിൽ സ്വയം പുതഞ്ഞോ കഴിയുകയും ചെയ്യും. അവയുടെ വിഷാംശമുള്ള മുള്ള് പുറത്തേക്ക് നീണ്ടു നിൽക്കും. 

ബീച്ച് സന്ദർശിക്കാനെത്തിയ ഒരു സ്ത്രീ തന്റെ മകൾക്ക് രണ്ട് തവണ മത്സ്യത്തിന്റെ കുത്തേറ്റു എന്നും പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വന്നു എന്നും പറയുന്നു. ഫേസ്ബുക്കിൽ അവർ ഇതേ കുറിച്ച് എഴുതുകയുണ്ടായി. 'മകളുടെ നിലവിളി അസഹനീയമായിരുന്നു. മുതിർന്ന പുരുഷന്മാരും ഈ മത്സ്യത്തിന്റെ കുത്തേറ്റാൽ ഇങ്ങനെ തന്നെയാണ് നിലവിളിക്കുന്നത് എന്ന് ബീച്ച് വാർഡന്മാർ പറഞ്ഞു. കുത്തേറ്റ രണ്ട് സ്ഥലങ്ങളിലും വിഷക്കുമിളകളും കാണാമായിരുന്നു' എന്നും സ്ത്രീ പോസ്റ്റിൽ വിശദീകരിച്ചു. 'ഇത് അവളുടെ പെരുവിരൽ കുറച്ച് നേരത്തേക്ക് തളർത്തി കളഞ്ഞു. അവളുടെ കാൽ തിളച്ച വെള്ളത്തിൽ മുക്കി വച്ചു. വിഷം മുഴുവനും പുറത്തിറക്കാൻ അരമണിക്കൂറെടുത്തു' എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. 

കുറച്ച് വർഷം മുമ്പ് ഈ മീനിന്റെ കുത്തേറ്റ ഒരു സ്ത്രീ പറയുന്നത്, താൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വേദന അതാണ് എന്നാണ്. കടിയേറ്റതിനെ തുടർന്ന് തന്റെ കാൽ ഇരട്ടി വലിപ്പമായി വീർത്തു വന്നു എന്നും അവർ പറഞ്ഞു. ഏതായാലും നോർത്ത് വെയിൽസിൽ ഇപ്പോൾ ബീച്ചിൽ പോകുന്നവരെല്ലാം ജാ​ഗ്രതയോടെയാണ് നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ