'എന്‍റെ ജീവിതം മാറ്റിയത് നിങ്ങളാണ്'; നന്ദി അറിയിക്കാനായി പൊലീസ് ഓഫീസറെ കെട്ടിപ്പിടിച്ച് തേങ്ങി ഗായിക...

By Web TeamFirst Published Oct 4, 2019, 5:07 PM IST
Highlights

എമിലി ഒരു ഇറ്റാലിയന്‍ ഓപ്പറ ഗാനം പാടുന്ന വീഡിയോ ആണ് പൊലീസ് ഓഫീസര്‍ പങ്കുവെച്ചിരുന്നത്. പരിശീലനം സിദ്ധിച്ച ഒരു പിയാനിസ്റ്റും വയലിനിസ്റ്റുമാണ് എമിലി. 

നമ്മുടെയെല്ലാം ജീവിതത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയുക സാധ്യമല്ല. ജീവിതം മാറിമറിയാന്‍ ചിലപ്പോള്‍ ഒരു വൈറല്‍ വീഡിയോ മതിയാകും. ഈ സോഷ്യല്‍ മീഡിയാ കാലത്ത് അറിയപ്പെടാതിരുന്ന പല കലാകാരന്മാരും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സബ്‍വേയില്‍ പാടിക്കൊണ്ടിരുന്ന ഈ പാട്ടുകാരിയുടെ ജീവിതം അപ്രതീക്ഷിതമായിട്ടാണ് മാറിയത്. അതിനുകാരണക്കാരനായ മനുഷ്യനെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന, നന്ദി പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

We saw with our brains, but we listened with our hearts.

Her voice continues to captivate our city, and as the offers for help pour in, we asked: “Emily, what can we do for you?” Her answer: “I want to thank Officer Frazier for taking the video.”

Her wish was granted tonight. pic.twitter.com/lH4V51YTZ4

— LAPD HQ (@LAPDHQ)

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോസ് ആഞ്ചെലെസിലെ സബ്‍വേയില്‍ പാടിക്കൊണ്ടിരുന്ന എമിലി സമോര്‍ക്ക എന്ന യുവതിയുടെ വീഡിയോ ഈ പൊലീസ് ഓഫീസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്. അത് വൈറലാവുകയായിരുന്നു. അത് ആ ഗായികയുടെ ജീവിതം തന്നെ മാറുന്നതിനും കാരണമായി. പുതിയ വീഡിയോയില്‍ പൊലീസ് ഓഫീസറും എമിലിയും വീണ്ടും കണ്ടമുട്ടുന്ന രംഗമാണുള്ളത്. പൊലീസ് ഓഫീസറെ കണ്ട എമിലി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും നീണ്ടുനിന്ന ആ ആലിംഗനത്തിനിടെ അവള്‍ തേങ്ങുന്നതും വീഡിയോയില്‍ കാണാം. അവളുടെ പുറത്ത് ആശ്വസിപ്പിച്ചുകൊണ്ട് തട്ടുന്ന പൊലീസ് ഓഫീസറോട് അവള്‍, 'സംഭവിച്ചത് എനിക്ക് വിശ്വസിക്കാനാകുന്നില്ല' എന്ന് പറയുന്നുണ്ട്.

എമിലി ഒരു ഇറ്റാലിയന്‍ ഓപ്പറ ഗാനം പാടുന്ന വീഡിയോ ആണ് പൊലീസ് ഓഫീസര്‍ പങ്കുവെച്ചിരുന്നത്. പരിശീലനം സിദ്ധിച്ച ഒരു പിയാനിസ്റ്റും വയലിനിസ്റ്റുമാണ് എമിലി. കുട്ടികളെ പഠിപ്പിച്ചും തെരുവ് കലാകാരിയായും അവര്‍ ജീവിക്കാനുള്ളത് കണ്ടെത്തുന്നത്. 52 വയസ്സുകാരിയായ എമിലിയെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെയാണ് അവളുടെ വയലിന്‍ മോഷ്ടിക്കപ്പെടുന്നതും പിന്നാലെ അവളുടെ കണങ്കയ്യിലേറ്റ പരിക്കും അവളെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലെത്തിക്കുകയായിരുന്നു. അങ്ങനെ അവള്‍ സബ്‍വേയില്‍ പാടിത്തുടങ്ങി.

4 million people call LA home. 4 million stories. 4 million voices...sometimes you just have to stop and listen to one, to hear something beautiful. pic.twitter.com/VzlmA0c6jX

— LAPD HQ (@LAPDHQ)

തനിക്ക് സബ്‍വേയില്‍ പാടാന്‍ ഇഷ്ടമായിരുന്നുവെന്നും അത് തനിക്ക് സദസ്സില്‍ പാടുന്നതുപോലെയുള്ള അനുഭവം തരുന്നുവെന്നും എമിലി പറഞ്ഞിരുന്നു. എമിലി പാടുന്ന വീഡിയോ വൈറലായതോടെ മ്യൂസിക് പ്രൊഡ്യൂസറായ ജോയല്‍ ഡയമണ്ടില്‍നിന്ന് ഒരു റെക്കോര്‍ഡിങ് ഡീല്‍ എമിലിക്ക് കിട്ടിയിട്ടുണ്ട്. തന്‍റെ ആഗ്രഹം ഒടുവില്‍ സഫലമായിരിക്കുന്നു. ഒരു ആര്‍ട്ടിസ്റ്റായി ജോലി ചെയ്യണമെന്നതായിരുന്നു എപ്പോഴും തന്‍റെ ആഗ്രഹം എന്ന് എമിലി പറയുന്നു. വീഡിയോ വൈറലായതോടെ ലോസ് ആഞ്ചെലെസ് കൗണ്‍സില്‍ അംഗങ്ങളും മറ്റും ചേര്‍ന്ന് അവളുടെ വീടിന്‍റെ കാര്യം ശരിയാക്കുമെന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങളായി വീടില്ലാതെ കഴിയുകയാണ് എമിലി. ഗോഫൗണ്ട്മീ എന്ന കാമ്പയിനിങ്ങിന്‍റെ ഭാഗമായി $61,000 രൂപയും എമിലിക്ക് സ്വന്തം കാലില്‍ നില്‍ക്കാനായി ശേഖരിച്ചു കഴിഞ്ഞു.

ഇതിനെല്ലാം നന്ദിയുമായാണ് ആ കലാകാരി വീഡിയോ പകര്‍ത്തിയ പൊലീസ് ഓഫീസറെ കാണാനെത്തിയതും അദ്ദേഹത്തിനെ ആംലിംഗനം ചെയ്‍തതും. ഈ വീഡിയോയും ഒരുപാട് പേരാണ് കണ്ടതും ഷെയര്‍ ചെയ്‍തതും.

click me!