18 -ാം വയസിൽ കൊലപാതകക്കുറ്റത്തിന് നിരപരാധി അറസ്റ്റിൽ, 42 വർഷത്തിനുശേഷം മോചനം, ഒറ്റരൂപ നഷ്ടപരിഹാരമില്ല

By Web TeamFirst Published Nov 24, 2021, 11:59 AM IST
Highlights

താൻ വീട്ടിൽ ടെലിവിഷൻ കാണുകയായിരുന്നുവെന്ന് സ്‌ട്രിക്‌ലാൻഡ് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും തന്നെ അവിടെനിന്നും കിട്ടിയിരുന്നില്ല. 

1978 -ൽ മൂന്നുപേരെ കൊന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മിസോറി(Missouri) പൗരനെ 42 വർഷത്തിനുശേഷം കുറ്റവിമുക്തനാക്കുകയും മോചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കെവിൻ സ്‌ട്രിക്‌ലാൻഡ്(Kevin Strickland) എന്ന 62 -കാരന്‍, 18 -ാം വയസ്സിലാണ് അറസ്റ്റിലായത്. അന്നുമുതല്‍ അദ്ദേഹം തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. 1979 ജൂണിലാണ് അദ്ദേഹത്തെ ശിക്ഷിക്കുന്നത്. മോചിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം കോടതിക്ക് പുറത്തുവച്ച് പറഞ്ഞത് 'ഇങ്ങനെയൊരു ദിവസം വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല' എന്നാണ്. 

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ തടവായിരുന്നു ഇത്. എന്നാൽ, മിസോറി നിയമപ്രകാരം അദ്ദേഹത്തിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ല. 1989 മുതലുള്ള ദേശീയ രജിസ്ട്രി ഓഫ് എക്സോണറേഷനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, യുഎസിൽ ഏറ്റവുമധികം ദൈർഘ്യമേറിയ ഏഴാമത്തെ തെറ്റായ തടവ് കൂടിയാണിത്. 15,487 ദിവസത്തെ ജയില്‍ വാസത്തിനുശേഷം സ്‌ട്രിക്‌ലാൻഡിനെ സംസ്ഥാന കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ ചൊവ്വാഴ്ച ഒരു ജഡ്ജി ഉത്തരവിട്ടു. 

സ്‌ട്രിക്‌ലാൻഡിനെ മോചിപ്പിക്കാൻ മാസങ്ങളോളം പ്രവർത്തിച്ച മിഡ്‌വെസ്റ്റ് ഇന്നസെൻസ് പ്രോജക്‌റ്റിന്റെ അഭിഭാഷകർ ബിബിസിയോട് പറഞ്ഞത് തങ്ങള്‍ ആഹ്ളാദഭരിതരായി എന്നാണ്. “തെളിവുകൾ കണ്ട ഏതൊരു ജഡ്ജിയും മിസ്റ്റർ സ്‌ട്രിക്‌ലാൻഡ് നിരപരാധിയാണെന്ന് കണ്ടെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതാണ് സംഭവിച്ചത്” മിഡ്‌വെസ്റ്റ് ഇന്നസെൻസ് പ്രോജക്‌റ്റ് ലീഗൽ ഡയറക്ടർ ട്രിസിയ റോജോ ബുഷ്‌നെൽ പ്രസ്താവനയിൽ പറഞ്ഞു. അവൾ കൂട്ടിച്ചേർത്തു: "നഷ്ടപ്പെട്ട 43 വർഷത്തിന് പകരമായി ഒന്നും അദ്ദേഹത്തിന് നൽകിയിട്ടില്ല, അദ്ദേഹത്തിൽ നിന്ന് മോഷ്ടിച്ച സമയത്തിന് ഒരു രൂപ പോലും നൽകാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നത്. അത് നീതിയല്ല." 

മിഡ്‌വെസ്റ്റ് ഇന്നസെൻസ് പ്രോജക്‌റ്റ് പ്രകാരം, ദൃക്‌സാക്ഷിയുടെ സാക്ഷ്യങ്ങൾ കൊണ്ടല്ല, ഡിഎൻഎ തെളിവുകളിലൂടെ കുറ്റവിമുക്തരാക്കപ്പെട്ട തടവുകാർക്ക് മാത്രമാണ് മിസോറി സംസ്ഥാനം നഷ്ടപരിഹാരം നൽകുന്നത്. 1978 ഏപ്രിൽ 25 -ന് കൻസാസ് സിറ്റിയിലെ ഒരു വീട് മാരകമായി കൊള്ളയടിച്ചതും തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 50 വർഷത്തേക്ക് പരോളിന് സാധ്യതയില്ലാത്ത വിധം സ്‌ട്രിക്‌ലാൻഡിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ആ രാത്രിയിൽ, നാല് അക്രമികൾ വീടിനുള്ളിൽ കടന്ന് മൂന്ന് പേരെ വെടിവയ്ക്കുകയായിരുന്നു: ഷെറി ബ്ലാക്ക് (22), ലാറി ഇൻഗ്രാം (22), ജോൺ വാക്കർ (20) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. നാലാമത്തെ ഇരയായ സിന്തിയ ഡഗ്ലസ് എന്ന 20 -കാരി മരിച്ചതായി നടിച്ച് പരിക്കുകളോടെ രക്ഷപ്പെട്ടു. അവളുടെ സഹോദരിയുടെ കാമുകന്‍റെ സംശയപ്രകാരം, കൗമാരക്കാരനായ സ്‌ട്രിക്‌ലാൻഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ വീട്ടിൽ ടെലിവിഷൻ കാണുകയായിരുന്നുവെന്ന് സ്‌ട്രിക്‌ലാൻഡ് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും തന്നെ അവിടെനിന്നും കിട്ടിയിരുന്നില്ല. 

1979 -ലായിരുന്നു ആദ്യത്തെ വിചാരണ. അതില്‍ ഒരു കറുത്ത വര്‍ഗക്കാരനായ ജൂറിയുള്‍പ്പെട്ട 11 അംഗ പാനലായിരുന്നു. അതിൽ ചെയ്ത കുറ്റം തെളിയിക്കാനായില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെ വിചാരണയിൽ, മുഴുവൻ വെള്ളക്കാരായ ജൂറി, സ്‌ട്രിക്‌ലാൻഡിനെ കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

വർഷങ്ങൾക്ക് ശേഷം ഡഗ്ലസ്, സ്ട്രിക്ലാന്‍ഡല്ല കൊലപാതകം നടത്തിയത് എന്ന് പറയുകയായിരുന്നു. "അന്ന് കാര്യങ്ങൾ വ്യക്തമായിരുന്നില്ല, എന്നാൽ ഇപ്പോൾ എനിക്ക് കൂടുതൽ അറിയാം, എനിക്ക് കഴിയുമെങ്കിൽ ഈ വ്യക്തിയെ സഹായിക്കാൻ ആഗ്രഹിക്കുന്നു" എന്നാണ് ഡഗ്ലസ് പറഞ്ഞത്. സ്ട്രിക്ക്‌ലാൻഡിനെതിരായ തന്റെ സാക്ഷ്യം ഔപചാരികമായി പിൻവലിക്കുന്നതിന് മുമ്പ് തന്നെ ഡഗ്ലസ് മരിച്ചു. എന്നാൽ, അവളുടെ അമ്മയും സഹോദരിയും മകളും കോടതിയിൽ തെറ്റായ ആളെയാണ് കൊലപാതകിയായി തിരിച്ചറിഞ്ഞത് എന്ന് സാക്ഷ്യപ്പെടുത്തി. 

ജാക്‌സൺ കൗണ്ടിയിലെ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ നവംബറിൽ സ്‌ട്രിക്‌ലാൻഡിന്റെ ശിക്ഷാവിധി അവലോകനം ചെയ്യാൻ തുടങ്ങി. ഒരു പുതിയ മിസോറി നിയമപ്രകാരം അദ്ദേഹത്തെ ഉടൻ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം ഫയൽ ചെയ്തു. "ഈ അതുല്യമായ സാഹചര്യങ്ങളിൽ, സ്‌ട്രിക്‌ലാൻഡിന്റെ ശിക്ഷാവിധിയിലുള്ള കോടതിയുടെ ആത്മവിശ്വാസം നിലനിൽക്കാൻ കഴിയാത്തവിധം ദുർബലമാണ്, ശിക്ഷാവിധി റദ്ദാക്കണം" ജഡ്ജി ജെയിംസ് വെൽഷ് ചൊവ്വാഴ്ചത്തെ വിധിയിൽ എഴുതി. 

മിഡ്‌വെസ്റ്റ് ഇന്നസെൻസ് പ്രോജക്‌റ്റിലെ മിസ് റോജോ ബുഷ്‌നെൽ പറഞ്ഞു, "ഒരു തെറ്റ് തിരുത്തുന്നത് സിസ്റ്റത്തിന് എത്ര അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണെന്ന് ഈ പ്രക്രിയ കാണിച്ചുതന്നു. മിസ്റ്റർ സ്‌ട്രിക്‌ലാൻഡ് നിരപരാധിയാണെന്ന് പ്രോസിക്യൂട്ടർ സമ്മതിച്ചു, ഇതിന് ഇനിയും മാസങ്ങളെടുക്കും. ഇതുപോലെ കഠിനമാവരുത് ഒരു നിരപരാധിയുടെ മോചനം."

click me!