Latest Videos

'നിങ്ങൾ വിവാഹം കഴിച്ചത് ഒരു മാലാഖയെയാണ്', 10 വർഷമായി കോമയിലായ ഭർത്താവിനെ പൊന്നുപോലെ നോക്കി യുവതി

By Web TeamFirst Published May 7, 2024, 1:04 PM IST
Highlights

'താനെല്ലാത്തിനും തയ്യാറാണ്. ക്ഷീണിതയാണെങ്കിലും തനിക്ക് മടുപ്പ് തോന്നുന്നില്ല. അദ്ദേഹം തിരികെ വരുമെന്നും നമ്മുടെ കുടുംബം പഴയതുപോലെ ജീവിക്കുമെന്നും എന്നും താൻ പ്രതീക്ഷിച്ചു. അതിന് വേണ്ടിയായിരുന്നു തന്റെ കാത്തിരിപ്പ്.'

പങ്കാളിക്ക് പെട്ടന്നൊരു ദിവസം എന്തെങ്കിലും അപകടം സംഭവിച്ചാൽ ആർക്കും അത് താങ്ങാനാവില്ല. അത് തന്നെയായിരുന്നു ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള സൺ ഹോങ്‌സിയ എന്ന സ്ത്രീയുടേയും അവസ്ഥ. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് കിടപ്പിലായി. എന്നാൽ, 10 വർഷത്തോളമായി അവർ അയാളെ പരിചരിച്ചു കൊണ്ടിരിക്കുകയാണ്. 

2014 -ലാണ് ഹൃദയാഘാതത്തെ തുടർന്ന് ഹോങ്സിയയുടെ ഭർത്താവ് കിടപ്പിലായത്. അയാൾക്ക് ജീവനുണ്ട് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോമയിലായ അവസ്ഥ. ഒന്നും ചെയ്യാനാവില്ല. എന്നാൽ, ജീവച്ഛവം പോലെ കിടക്കുന്ന തന്റെ ഭർത്താവിനെ വിധിക്ക് വിട്ടുകൊടുക്കാൻ ഹോങ്സിയ തയ്യാറായിരുന്നില്ല. അവർ അയാളെ പരിചരിച്ചു. തന്റെ മുഴുവൻ സ്നേഹവും കരുതലും അയാൾക്ക് നൽകി. എന്നെങ്കിലും ഒരിക്കൽ അയാൾ എഴുന്നേൽക്കുമെന്നും പഴയതുപോലെ ജീവിക്കുമെന്നും അവർ സ്വപ്നം കണ്ടു, പ്രതീക്ഷിച്ചു. ഇപ്പോൾ അദ്ദേഹം കണ്ണ് തുറന്നിരിക്കയാണ്.

ഹോങ്സിയയുടെ കഥ ഇന്ന് ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'അയാൾ വിവാഹം കഴിച്ചത് ശരിക്കും ഒരു മാലാഖയെ ആണ്' എന്നാണ് ഒരാൾ ഇവരെ കുറിച്ച് പറഞ്ഞത്. സമാനമായ കമന്റുകളിലൂടെ പലരും ഹോങ്സിയയെ അഭിനന്ദിച്ചു. 'ഇതാണ് യഥാർത്ഥ പ്രണയ'മെന്നും പലരും കുറിച്ചു. 

'വളരെ ബുദ്ധിമുട്ടാണ് കോമയിലായ ഒരാളെ പരിചരിക്കുന്നത്. നമ്മുടെ മുഴുവൻ സമയവും നാം അവർക്ക് വേണ്ടി മാറ്റിവയ്ക്കേണ്ടി വരും. എന്നാൽ, താനെല്ലാത്തിനും തയ്യാറാണ്. ക്ഷീണിതയാണെങ്കിലും തനിക്ക് മടുപ്പ് തോന്നുന്നില്ല. അദ്ദേഹം തിരികെ വരുമെന്നും നമ്മുടെ കുടുംബം പഴയതുപോലെ ജീവിക്കുമെന്നും എന്നും താൻ പ്രതീക്ഷിച്ചു. അതിന് വേണ്ടിയായിരുന്നു തന്റെ കാത്തിരിപ്പ്' എന്നാണ് ഹോങ്സിയ പറയുന്നത്. രണ്ട് കുട്ടികളും ഇവർക്കൊപ്പം അച്ഛനെ പരിചരിക്കാൻ കൂടെത്തന്നെയുണ്ട്. 

ഹോങ്സിയയുടെ ഭർത്താവിന്റെ അച്ഛൻ പറയുന്നത്, ഹോങ്സിയയെ പോലെ ഒരു മരുമകളെ കിട്ടിയത് ഭാ​ഗ്യം എന്നാണ്. 'അത്രയേറെ അവൾ തന്റെ ഭർത്താവിന് വേണ്ടി ചെയ്യുന്നു. അവൾ തനിക്ക് മരുമകളല്ല, ഒരു മകൾ ചെയ്യുന്നതിലും വലിയ കാര്യങ്ങളാണ് അവൾ ചെയ്യുന്നത്' എന്നും അദ്ദേഹം ചൈനയിലെ മാധ്യമങ്ങളോട് പറഞ്ഞു. 

എത്രയും പെട്ടെന്ന് അദ്ദേഹം പഴയതുപോലെ ആവട്ടേയെന്നും ജീവിതം കൂടുതൽ മനോഹരമാകട്ടെ എന്നും നെറ്റിസൺസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!