ബിടിഎസിലെ അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനം, ഒടുവിൽ സർവേ നടത്താൻ ദക്ഷിണ കൊറിയ

Published : Sep 01, 2022, 02:57 PM IST
ബിടിഎസിലെ അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനം, ഒടുവിൽ സർവേ നടത്താൻ ദക്ഷിണ കൊറിയ

Synopsis

സർവേ വേഗത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി ലീ ജോങ്-സുപ്പ് പറഞ്ഞു. ബിടിഎസ് നിർത്തിയാലുണ്ടാകുന്ന സാമ്പത്തിക ആഘാതം, സൈനിക സേവനത്തിന്റെ പ്രാധാന്യം, മൊത്തത്തിലുള്ള ദേശീയ താൽപ്പര്യം തുടങ്ങിയ വിവിധ ഘടകങ്ങളും തന്റെ മന്ത്രാലയം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിടിഎസ് അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ കുറച്ച് നാളുകളായി ദക്ഷിണകൊറിയയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയായിരുന്നു. ഒരു തീരുമാനത്തിലെത്താൻ സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ലെങ്കിലും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരമാർഗം ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ് ഭരണകൂടം. പൊതുസർവേ നടത്തി തീരുമാനത്തിലെത്താനാണ് പുതിയ നീക്കം.

ലോകം മുഴുവൻ ആരാധകരുള്ള ദക്ഷിണകൊറിയൻ ബാൻഡ് ആണ് കെ-പോപ്പ് ബോയ്‌ബാൻഡ് ബിടിഎസ്. ഇങ്ങ് കേരളത്തിൽ വരെ ബിടിഎസ് തരംഗം ആഞ്ഞടിക്കുമ്പോൾ പിന്നെ ദക്ഷിണകൊറിയയിലെ അവരുടെ ആരാധക വൃന്ദത്തെ കുറിച്ച് പറയണ്ടല്ലോ. പക്ഷെ, ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു വാർത്ത പുറത്ത് വന്നു, 2022 ഡിസംബറോടെ ബിടിഎസ് പൊളിയുന്നു എന്നായിരുന്നു വാർത്ത. കാരണം ബാന്റിലെ മുതിർന്ന അംഗമായ ജിൻ -ന് ഡിസംബർ നാലിന് 30 വയസ്സ് പൂർത്തിയാകും. അതിനാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് അദ്ദേഹം നിർബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും.  
 
18–28 വയസ്സിനിടയിലാണ് നിർബന്ധിത സൈനിക സേവനം നടത്തേണ്ടത്. എന്നാൽ, ബിടിഎസ് സംഘത്തിന് ഇതിൽ ചെറിയ ഇളവ് കൊറിയൻ സർക്കാർ നൽകിയിട്ടുണ്ട്. 30 വയസ്സിനു മുൻപ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താൽ മതി എന്നതായിരുന്നു ഇളവ്. ഇത് ഇനി ഇവർ പാലിക്കേണ്ടി വരും.

എന്നാൽ, ബാന്റിന്റെ അവസാനത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവരാണ് ബാന്റിന്റെ ആരാധകർ. കൂടാതെ ആഗോളതലത്തിൽ തന്നെ കൊറിയൻ തരംഗമായി മാറിയ ബാന്റ് നിർത്തുന്നതിൽ ഭരണകൂടത്തിനും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ബിടിഎസിലെ അംഗങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് ഇളവുകൾ നൽകണമോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതിന് ദക്ഷിണ കൊറിയ ഒരു പൊതു സർവേ നടത്താൻ ഒരുങ്ങുന്നത്.

സർവേ വേഗത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി ലീ ജോങ്-സുപ്പ് പറഞ്ഞു. ബിടിഎസ് നിർത്തിയാലുണ്ടാകുന്ന സാമ്പത്തിക ആഘാതം, സൈനിക സേവനത്തിന്റെ പ്രാധാന്യം, മൊത്തത്തിലുള്ള ദേശീയ താൽപ്പര്യം തുടങ്ങിയ വിവിധ ഘടകങ്ങളും തന്റെ മന്ത്രാലയം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർവേ നടത്തുകയാണെങ്കിൽ, നീതി ഉറപ്പാക്കാൻ മന്ത്രാലയമോ ബന്ധപ്പെട്ട അധികാരികളോ അല്ല, മൂന്നാമതൊരു സംഘടനയാണ് അത് നടത്തുകയെന്ന് പ്രസ്താവനയിൽ പറയുന്നു. 

എങ്കിലും ബിടിഎസ് അംഗങ്ങളുടെ സൈനിക പദവി നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമായിരിക്കും ഈ ഫലങ്ങൾ എന്ന് മന്ത്രാലയം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?