വിമാനം തകർന്നു വീണു, 72 ദിവസങ്ങൾ പർവതത്തിൽ കുടുങ്ങി, മരിച്ചവരുടെ മാംസം കഴിക്കേണ്ടി വന്നു...

By Web TeamFirst Published Apr 20, 2021, 2:39 PM IST
Highlights

വെറും ഇരുപത്തിനാല് വയസ്സുള്ള ഞാൻ മരിക്കാൻ പോവുകയാണെന്ന ഭീതിയിൽ എന്റെ ഇരിപ്പിടത്തിൽ കാലുകൾക്കിടയിൽ തലയിട്ട് കണ്ണുകൾ അടച്ചു ഒന്നും കാണാൻ കഴിയാതെ ഇരുന്നു. വിമാനം പർവതത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ വായുവും മഞ്ഞും എന്റെ ശരീരത്തിൽ വന്നടിക്കുന്നതായി എനിക്ക് തോന്നി. 

1972 ഒക്ടോബർ 13 -ൽ നടന്ന ഒരു വിമാന അപകടത്തെ അതിജീവിച്ച 16 പേരിൽ ഒരാളാണ് ജോസ് ലൂയിസ് കോച്ചെ ഇൻ‌സിയാർട്ട്. ചിലിക്കും അർജന്റീനയ്ക്കും ഇടയിലുള്ള ആൻഡീസ് പർവതത്തിലേക്ക് ചാർട്ടേഡ് വിമാനം തകർന്നു വീഴുകയായിരുന്നു. ആ അവസരത്തിൽ ചിലർ അതിജീവിക്കാൻ സുഹൃത്തുക്കളുടെ മൃതദേഹങ്ങൾ കഴിക്കാൻ നിർബന്ധിതരായി. അത്രയും നേരം സ്നേഹത്തോടെ കഴിഞ്ഞ സുഹൃത്തുക്കളുടെ ശരീരം കഴിക്കാൻ ശ്രമിക്കുമ്പോൾ താൻ നേരിട്ട മാനസികസമ്മർദ്ദം ജോസ് ലൂയിസ് ഇപ്പോഴും ഓർക്കുന്നു. 72 ദിവസത്തിന് ശേഷം ഇവരെ രക്ഷപ്പെടുത്തി. ഇന്ന് സംഭവം നടന്നിട്ട് ഇപ്പോൾ 50 വർഷങ്ങൾ പിന്നിട്ടു. അന്നത്തെ പ്രതിബന്ധങ്ങളെ, പോരാട്ടങ്ങളെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. ഇത് അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പാണ്.  

അവസാനമായി എന്റെ പ്രതിശ്രുതവധു സോളിഡാഡിനെ ആലിംഗനം ചെയ്ത ഞാൻ പാസ്‌പോർട്ടും കൊണ്ട് മുന്നോട്ട് നടന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എയർപോർട്ട് ബാൽക്കണിയിൽ നിന്ന് അവൾ എന്നെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്യാൻ പോവുകയായിരുന്നു. എന്നാൽ, ചിലിയിലെ സാന്റിയാഗോയിലേക്കുള്ള എന്റെ നാല് ദിവസത്തെ യാത്രയെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ആവേശഭരിതനായി. അവിടെ എന്റെ ചില സുഹൃത്തുക്കൾ റഗ്ബി കളിക്കാൻ പോകുന്നു.

ആ രാത്രിയിൽ, ഉയർന്ന കാറ്റ് മൂലം ഞങ്ങൾക്ക് അർജന്റീനയിൽ തങ്ങേണ്ടിവന്നു. പക്ഷേ, അടുത്ത ദിവസം, 1972 ഒക്ടോബർ 13, ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു. വിമാനത്തിലെ 42 യാത്രക്കാർക്കിടയിൽ സന്തോഷവും പൊട്ടിച്ചിരിയും അലയടിച്ചു. എന്നാൽ, വിമാനം ഉയർന്ന് ഏകദേശം 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു എയർ പോക്കറ്റിലും പിന്നീട് മറ്റൊന്നിലും തട്ടി. “എനിക്ക് ശക്തി തരൂ” എന്ന് പൈലറ്റ് അലറുന്നത് ഞാൻ കേട്ടു. വിമാനം കുത്തനെയുള്ള ചരിവിലാണെന്നും ഞങ്ങൾ നേരെ ഒരു മലയിലേക്കാണ് പോകുന്നതെന്നും എനിക്ക് തോന്നി. ചിറകുകൾ പാറകളിൽ തട്ടിയപ്പോൾ വലിയ ഒച്ചയോടെ അത് തകർന്നു.    

വെറും ഇരുപത്തിനാല് വയസ്സുള്ള ഞാൻ മരിക്കാൻ പോവുകയാണെന്ന ഭീതിയിൽ എന്റെ ഇരിപ്പിടത്തിൽ കാലുകൾക്കിടയിൽ തലയിട്ട് കണ്ണുകൾ അടച്ചു ഒന്നും കാണാൻ കഴിയാതെ ഇരുന്നു. വിമാനം പർവതത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ വായുവും മഞ്ഞും എന്റെ ശരീരത്തിൽ വന്നടിക്കുന്നതായി എനിക്ക് തോന്നി. വിമാനം മലമുകളിൽ വന്നിടിച്ച ശേഷം ഒരു നിമിഷത്തേക്ക് തികഞ്ഞ നിശബ്ദതയായിരുന്നു. തുടർന്ന് സഹായത്തിനായി നിലവിളികൾ ഉയർന്നു. എന്റെ മുന്നിൽ മൃതദേഹങ്ങളും, സ്യൂട്ട്കേസുകളും, വിമാനസീറ്റുകളും ചിതറി കിടന്നു. പുറകിലേക്ക് നോക്കുമ്പോൾ വിമാനത്തിന്റെ പകുതി ഭാഗം പൂർണമായും ഇല്ലാതായിരുന്നു.  

ഞങ്ങളിൽ 27 പേർ ജീവനോടെ ഉണ്ടായിരുന്നു, 24 പേർക്ക് പരിക്കുകൾ അധികമുണ്ടായില്ല. എന്റെ കാൽമുട്ടിന് ഒരു ചെറിയ മുറിവുണ്ടായിരുന്നു. ചുറ്റിലും കനത്ത മഞ്ഞായിരുന്നു. പെട്ടെന്ന് തന്നെ ഇരുട്ട് വീണു. ഇരുട്ടിൽ എനിക്ക് മറ്റൊരു മനുഷ്യശരീരത്തിന്റെ ചൂട് അനുഭവപ്പെട്ടു, 19 -കാരിയായ റോബർട്ടോ കനേസ. ഞങ്ങൾ ഒരുമിച്ച് ഉണർന്നിരിക്കാൻ ശ്രമിച്ചു. പരസ്പരം ചൂടുപകർന്ന് ഞങ്ങൾ ഉണർന്നിരുന്നു. പിറ്റേന്ന് രാവിലെ ഞങ്ങൾ എല്ലാവരും സ്യൂട്ട്കേസുകൾകൊണ്ട് ഒരു മതിൽ നിർമ്മിച്ച്  തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഞങ്ങൾ റേഡിയോ കേൾക്കുകയും രക്ഷാപ്രവർത്തകർക്കായി കാത്തിരിക്കുകയും ചെയ്തു. സഹായം വരുന്നുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അതുവരെ അതിജീവിക്കാനുള്ള വഴികൾ ഞങ്ങൾ കണ്ടെത്തി. സൂര്യന്റെ ചൂടിൽ മഞ്ഞ് ഉരുക്കി ഞങ്ങൾ വെള്ളമുണ്ടാക്കി. കൈയിലുണ്ടായിരുന്ന തുച്ഛമായ ഭക്ഷണം ഞങ്ങൾ പരസ്പരം പങ്കിട്ടു. പന്ത്രണ്ട് പേർ പിന്നീടുള്ള ദിവസങ്ങളിൽ മരിച്ചു. 17 -ന് ഒരു ഹിമപാതത്തിൽ എട്ട് യാത്രക്കാർ കൂടി മരിച്ചു. ദിവസങ്ങൾ കടന്നുപോകുന്തോറും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിക്കൊണ്ടിരുന്നു. മരണത്തിന്റെ നിഴൽ ഞങ്ങളിൽ പതിഞ്ഞു കിടന്നു. അതിജീവിക്കാൻ കഴിയാതെ മൂന്ന് പേർ കൂടി മരിച്ചു.  

10 ദിവസം കഴിഞ്ഞപ്പോൾ, തിരച്ചിൽ നിർത്തിവച്ച ദുഃഖകരമായ വാർത്തയാണ് ഞങ്ങൾ കേട്ടത്. അതൊരു കനത്ത പ്രഹരമായിരുന്നു. എന്റെ അമ്മയെയും സോളിഡാഡിനെയും വീണ്ടും കാണാമെന്ന് പ്രതീക്ഷയാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. 3,600 മീറ്ററിലധികം ഉയരത്തിൽ കഴിഞ്ഞിരുന്ന ഞങ്ങളുടെ ഭക്ഷണം തീർന്നുതുടങ്ങിയിരുന്നു. ചുറ്റിലും മരംകോച്ചുന്ന തണുപ്പും. പട്ടിണിയുടെ പശ്ചാത്തലത്തിൽ, ജീവിച്ചിരുന്നവർ മരിച്ച യാത്രക്കാരെ ഭക്ഷണമാക്കി. ജീവനോടെ ഇരിക്കണമെങ്കിൽ ഇതല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. ഞങ്ങൾ എല്ലാവരും കൂടിയിരുന്നു അത് ചെയ്യണോ വേണ്ടയോ എന്ന് ചർച്ച ചെയ്തു. അത് ചെയ്യാതിരുന്നാൽ മരണമാണ് പിന്നെ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. മനുഷ്യ ശരീരം ഭക്ഷിക്കാൻ ഞങ്ങൾ എല്ലാവരും തീരുമാനിച്ചു.  

തണുത്തുറഞ്ഞ എന്റെ സുഹൃത്തിന്റെ ശരീരത്തിൽ നിന്ന് ഒരു തുണ്ട് മാംസം എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എന്റെ കൈകൾ എന്നെ അനുസരിക്കാൻ വിസമ്മതിച്ചു. എനിക്ക് വളരെ പ്രയാസപ്പെടേണ്ടി വന്നു. അത് കഴിക്കാനും ഞാൻ കഷ്ടപ്പെട്ടു. എന്റെ തൊണ്ടയിൽ നിന്ന് അത് ഇറക്കാൻ ഞാൻ പാടുപെട്ടു. ഞാൻ കരഞ്ഞു. അതിനിടയിൽ എന്റെ കാലിന് കാര്യമായ പരുക്കേറ്റു. എനിക്ക് അനങ്ങാൻ കഴിയാത്തത്ര വേദനയുണ്ടായിരുന്നു. കഴിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞാൻ 45 കിലോ ഭാരം കുറഞ്ഞു. എന്നാൽ, എന്റെ സുഹൃത്തുക്കൾ ഓരോ ദിവസവും എനിക്ക് വെള്ളം കൊണ്ടുവന്നു. എന്നെ കഴിക്കാൻ നിർബന്ധിച്ചു.

തുടർന്ന്, ഡിസംബർ 12 -ന്, റോബർട്ടോ കനേസ, നണ്ടോ പരാഡോ, അന്റോണിയോ ‘ടിന്റൺ’ വിസിന്റാൻ എന്നിവർ ചിലിയിലേക്ക് സഹായം തേടി പുറപ്പെട്ടു. നവംബറിലുടനീളം ഞങ്ങൾ അവരെ പര്യവേഷണത്തിനായി തയ്യാറാക്കി. അവർക്ക് കൂടുതൽ റേഷനും മികച്ച സ്ലീപ്പിംഗ് ബാഗും നൽകി. ടിന്റൺ തിരിച്ചെത്തിയെങ്കിലും, അത്ഭുതകരമായി റോബർട്ടോയും നണ്ടോയും 10 ദിവസത്തിനുള്ളിൽ കാൽനടയായി ആൻഡീസിലേയ്ക്ക് കടന്നു. ഡിസംബർ 24 -നകം സഹായം ലഭിച്ചില്ലെങ്കിൽ ഞാൻ മരിക്കുമെന്ന് എനിക്ക് തോന്നി. എന്നാൽ 22 -ന് സഹായം എത്തി. 72 ദിവസത്തിനുശേഷം, ഞാൻ കേട്ട ഏറ്റവും മനോഹരമായ സംഗീതം റെസ്ക്യൂ ഹെലികോപ്റ്ററുകളുടെ ശബ്ദമായിരുന്നു.  

ഡിസംബർ 26 -ന് ഞാൻ മരിച്ചില്ല പകരം അതിജീവിച്ച 16 പേർക്കും, എന്റെ കുടുംബത്തോടുമൊപ്പം എന്റെ തിരിച്ച് വരവ് ഞാൻ ആഘോഷിച്ചു. സാന്റിയാഗോയിലെ ഒരു ആശുപത്രി വാർഡിൽ എന്റെ അമ്മയും കാമുകിയും എന്നെ അന്വേഷിച്ച് വന്നപ്പോൾ അവരാരും എന്നെ തിരിച്ചറിഞ്ഞില്ല കാരണം ഞാൻ അത്രയ്ക്ക് മെലിഞ്ഞിരുന്നു. ഞാൻ രക്ഷപ്പെട്ടാൽ ലളിതവും സന്തുഷ്ടവുമായ ജീവിതം നയിക്കുമെന്ന് പർവതത്തിൽ വച്ച് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു. എട്ട് മാസത്തിന് ശേഷം ഞാൻ സോളിഡാഡിനെ വിവാഹം കഴിച്ചു. ഞങ്ങളുടെ മൂന്ന് മക്കളോടും എട്ട് പേരക്കുട്ടികളോടും ഒപ്പം ഞാൻ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു. എനിക്ക് ക്യാൻസർ ഉണ്ട്, പക്ഷെ ഞാൻ ഭയപ്പെടാതെ ജീവിതം നയിക്കുന്നു. എനിക്ക് ലഭിച്ചതിനെല്ലാം ഞാൻ നന്ദി പറയുന്നു. ആ പർവതത്തിൽ, മനുഷ്യചൈതന്യത്തിന്റെ ഏറ്റവും വലിയ പ്രകാശം ഞാൻ കണ്ടു. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ഞങ്ങൾ പരസ്പരം പോരാടിയത് ഞാൻ കണ്ടു. ഞങ്ങൾക്ക് ഒന്നുമില്ലെങ്കിലും, ഞങ്ങൾ പരസ്പരം എല്ലാം നൽകി, അതിൽ ഞാൻ അഭിമാനിക്കുന്നു. നൽകുകയെന്നതാണ് സന്തോഷത്തിന്റെ താക്കോലെന്ന് അവിടെ നിന്ന് ഞാൻ പഠിച്ചു.

click me!