Latest Videos

ഇത് അധാർമ്മികത, വികസിത രാജ്യങ്ങൾ വാക്സിൻ കയ്യടക്കുന്നു, ദരിദ്രരാജ്യങ്ങളിലെത്തുന്നില്ലെന്ന് ​ഗ്രേറ്റ തുൻബെർഗ്

By Web TeamFirst Published Apr 20, 2021, 10:18 AM IST
Highlights

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ നാലില്‍ ഒരാള്‍ക്കും വളരെ പെട്ടെന്ന് തന്നെ വാക്സിന്‍ കിട്ടുന്നു. എന്നാല്‍, വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ 500 -ല്‍ ഒരാള്‍ക്കാണ് വാക്സിന്‍ ലഭ്യമാവുന്നത് എന്നും ഗ്രേറ്റ പറയുന്നു. 

വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ലോകത്ത് അസമത്വം നിലനില്‍ക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്. ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ കൂടുതല്‍ കൊവിഡ് -19 വാക്സിൻ ഡോസുകൾ വാങ്ങിയതിനാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് അവ ലഭിക്കാതെ പോയിരിക്കുകയാണ്. അതിനാല്‍, അവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള പോരാട്ടത്തില്‍ പങ്കു ചേരണമെന്ന് സര്‍ക്കാരുകളോടും വാക്സിന്‍ നിര്‍മ്മിക്കുന്നവരോടും യുവപരിസ്ഥിതി പ്രവര്‍ത്തകരോടും ഗ്രേറ്റ ആവശ്യപ്പെട്ടു. 

ലോകാരോഗ്യ സംഘടന ഏറ്റവും പുതിയ ആഴ്ചയിൽ 5.2 ദശലക്ഷം പുതിയ വൈറസ് കേസുകൾ പ്രഖ്യാപിച്ചതോടെയാണ് തിങ്കളാഴ്ച ഗ്രേറ്റ തന്‍റെ അഭിപ്രായം അറിയിച്ചത് എന്ന് യുഎൻ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആവശ്യമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ കൊവിഡ് വാക്സിനുകൾ വാങ്ങാൻ സഹായിക്കുന്നതിനായി അവളുടെ ചാരിറ്റബിൾ ഫൗണ്ടേഷനിൽ നിന്ന് ഡബ്ല്യുഎച്ച്ഒ ഫൗണ്ടേഷന് ഒരു ലക്ഷം ഡോളർ (യുഎസ് ഡോളർ 120,000, ഏകദേശം 80 ലക്ഷം രൂപ) നൽകിയിട്ടുണ്ട്.

'ഇത് പൂര്‍ണമായും അധാര്‍മ്മികതയാണ്. സമ്പന്ന രാജ്യങ്ങള്‍ അവരുടെ യുവാക്കള്‍ക്കും പൂര്‍ണാരോഗ്യവാന്മാർ ആയിരിക്കുകയും ചെയ്യുന്നവര്‍ക്കും വാക്സിന്‍ നല്‍കുന്നത് ദരിദ്രരാജ്യങ്ങള്‍ അവരുടെ അപകടത്തില്‍ നില്‍ക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ എത്തിക്കേണ്ടുന്നതിന് പകരമാണ്' എന്നും തുംബര്‍ഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പതിവ് അവലോകന യോഗത്തില്‍ അതിഥി ആയിരുന്നു ഗ്രേറ്റ. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ നാലില്‍ ഒരാള്‍ക്കും വളരെ പെട്ടെന്ന് തന്നെ വാക്സിന്‍ കിട്ടുന്നു. എന്നാല്‍, വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ 500 -ല്‍ ഒരാള്‍ക്കാണ് വാക്സിന്‍ ലഭ്യമാവുന്നത് എന്നും ഗ്രേറ്റ പറയുന്നു. കാലാവസ്ഥാ പ്രതിസന്ധിയോടൊപ്പം, ഏറ്റവും ദുർബലരായവർക്ക് മുൻഗണന നൽകേണ്ടതുണ്ട്. ആഗോള പ്രശ്‌നങ്ങൾക്ക് ആഗോള പരിഹാരങ്ങൾ തന്നെയാണ് ആവശ്യം എന്നും പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ കൂട്ടിച്ചേർത്തു.

ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്റോസ് അധാനം ഗബ്രിയെസൂസും രോഗനിരക്കും മരണനിരക്കും കൂടുന്നതില്‍ ആശങ്കകള്‍ അറിയിച്ചു. അപകടകരമായ രീതിയിലാണ് വൈറസ് വ്യാപിക്കുന്നതും കേസുകള്‍ വര്‍ധിക്കുന്നതും അത് വൈറസ് വകഭേദത്തിന്‍റെയും സാമൂഹിക കൂടിച്ചേരലുകളുടെയും ഫലമാകാം എന്നും ഡബ്ല്യുഎച്ചഒ ഡയറക്ടര്‍ ജനറല്‍ പറയുന്നു. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 141 മില്ല്യണിലധികം ആളുകളെ രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍, അതിനേക്കാള്‍ കൂടുതല്‍ ആയിരിക്കാം യഥാര്‍ത്ഥ കണക്കുകളെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.  

click me!