അഗ്നിപർവ്വത സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു, മാസ്ക് മാറ്റി ലോകത്തിന് മുന്നിൽ മുഖം വെളിപ്പെടുത്തി യുവതി

Published : Jun 10, 2022, 03:36 PM IST
അഗ്നിപർവ്വത സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു, മാസ്ക് മാറ്റി ലോകത്തിന് മുന്നിൽ മുഖം വെളിപ്പെടുത്തി യുവതി

Synopsis

ആശുപത്രിയിൽ ചെലവഴിച്ച ആറ് മാസത്തിനിടെ തന്റെ പരിക്കുകളുടെ ഭയാനകമായ ഫോട്ടോകൾ സ്റ്റെഫാനി പങ്കുവച്ചു. ഏകദേശം മൂന്ന് വർഷകാലമായി മുഴുവൻ മുഖംമൂടി ഉൾപ്പെടെയുള്ള കംപ്രഷൻ ബാൻഡേജുകൾ ധരിച്ചായിരുന്നു ജീവിതം. എന്നാൽ അഭിമുഖത്തിനിടയിൽ സ്റ്റെഫാനി ധൈര്യത്തോടെ ആദ്യമായി മുഖംമൂടി അഴിച്ചു.

ന്യൂസിലാന്റിലെ വൈറ്റ് ദ്വീപിൽ നടന്ന അഗ്നിപർവ്വത സ്‌ഫോടനത്തിൽ (New Zealand's White Island volcano eruption) ഗുരുതരമായി പരുക്കേറ്റ 23 -കാരിയാണ് സ്റ്റെഫാനി ബ്രോവിറ്റ് (Stephanie Coral Browitt). ശരീരത്തിന്റെ 70 ശതമാനവും പൊള്ളലേറ്റ അവളുടെ മുഖത്തെയും കൈകാലുകളിലെയും തൊലിയടർന്നു. മുഖം മുഴുവൻ ബാൻഡേജ് കെട്ടി എണ്ണമറ്റ ദിവസങ്ങൾ അവൾ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ അടുത്തിടെ നൽകിയ ഒരു വൈകാരിയ അഭിമുഖത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി അവൾ തന്റെ മുഖത്തെ കംപ്രഷൻ ബാൻഡേജ് നീക്കം ചെയ്തു. 2019 ഡിസംബർ 9 -ന് നടന്ന പ്രകൃതിദുരന്തത്തിന് ശേഷം ആദ്യമായി അവൾ ഫോണിൽ തന്റെ ചിത്രം പകർത്തി. ചുളിവുകളും, പാടുകളുമുള്ള ഒക്കെ ഉണ്ടെങ്കിലും ഈ മുഖം അവൾക്ക് ഒരിക്കലും ഒരു അപമാനമല്ല, മറിച്ച് അഭിമാനമാണ്. കാരണം ആർക്കും അത്ര എളുപ്പം കടന്ന് പോകാവുന്ന ഒന്നിലൂടെയല്ല അവൾ കടന്ന് പോയത്. ദുരിതങ്ങളെ അതിജീവിക്കാൻ അവൾ കാണിച്ച മനക്കരുത്തിന്റെ ബാക്കിയാണ് ഇന്ന് ഈ മുഖത്ത് കാണുന്നതെല്ലാം.    

അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ, അന്ന് അവിടം സന്ദർശിച്ച 47 വിനോദസഞ്ചാരികളിൽ അവളുമുണ്ടായിരുന്നു. അന്ന് അവിടെ മരണപ്പെട്ട ഇരുപത്തിരണ്ട് പേരിൽ അവളുടെ അച്ഛനും സഹോദരിയും ഉൾപ്പെട്ടു. രക്ഷപ്പെട്ട അവളെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം ഡിഗ്രി പൊള്ളലേറ്റ അവൾ ജീവനുവേണ്ടി പോരാടുകയായിരുന്നു. രണ്ടാഴ്ച കോമയിൽ കഴിഞ്ഞു. ഇപ്പോൾ “60 മിനിറ്റ് ഓസ്‌ട്രേലിയ" -യ്ക്ക് നൽകിയ അഭിമുഖത്തിൽ അവൾ തന്റെ മുഖം ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നു. "അതിജീവനം യഥാർത്ഥമാണ്. എന്നിൽ ഇതുണ്ടെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല" അവൾ പറഞ്ഞു. പോരാതെ അവൾ ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തു. “പൊള്ളലേറ്റതിനും പോസ്റ്റ് കംപ്രഷൻ ബാൻഡേജിനും ശേഷമുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സെൽഫികൾ. രണ്ട് വർഷത്തിലേറെയായി. നിങ്ങളുടെ ദയയ്ക്കും അനുകമ്പയ്ക്കും പിന്തുണക്കും സ്നേഹത്തിനും എല്ലാവർക്കും വളരെയധികം നന്ദി" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അവൾ പങ്കിട്ടത്.  

അവൾ ഈ കാലത്തിനിടയ്ക്ക് ഒന്നിലധികം ശസ്ത്രക്രിയകൾക്കും സ്കിൻ ഗ്രാഫ്റ്റുകൾക്കും വിധേയയായി. തന്റെ വിരലുകൾ ഛേദിക്കപ്പെട്ടതുൾപ്പടെയുള്ള കഠിനമായ ശസ്ത്രക്രിയകൾക്ക് അവൾ വിധേയയായി. ആശുപത്രിയിൽ ചെലവഴിച്ച ആറ് മാസത്തിനിടെ തന്റെ പരിക്കുകളുടെ ഭയാനകമായ ഫോട്ടോകൾ സ്റ്റെഫാനി പങ്കുവച്ചു. ഏകദേശം മൂന്ന് വർഷകാലമായി മുഴുവൻ മുഖംമൂടി ഉൾപ്പെടെയുള്ള കംപ്രഷൻ ബാൻഡേജുകൾ ധരിച്ചായിരുന്നു ജീവിതം. എന്നാൽ അഭിമുഖത്തിനിടയിൽ സ്റ്റെഫാനി ധൈര്യത്തോടെ ആദ്യമായി മുഖംമൂടി അഴിച്ചു.

“ഒരുപാട് കാലമായി. ഇങ്ങനെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്" സ്റ്റെഫാനി പറഞ്ഞു. ഒരു ശരാശരി മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന അവൾ അനുഭവിച്ചു. എന്നിട്ടും അവൾ പരാതി പറഞ്ഞില്ല. തന്റെ അച്ഛനും സഹോദരിയുമില്ലാത ഒരു ജീവിതമായിരുന്നു അതിലും വേദനാജനകമായി അവൾക്ക് തോന്നിയത്. 'എന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ, എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കും' അവൾ പറഞ്ഞു. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?