
പാറ്റ്ന ജംഗ്ഷന് സമീപം റോഡിലെ വെള്ളം നിറഞ്ഞ ഒരു വലിയ കുഴിയിൽ എസ് യു വി മുങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ കാർ കുഴിയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്സാക്ഷികളായവർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു മഹീന്ദ്ര സ്കോർപ്പിയോ-എൻ എസ് യു വി ഒരു വശത്തേക്ക് ചരിഞ്ഞ് ക്രമേണ വെള്ളത്തിൽ മുങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഭാഗ്യവശാൽ, കാറിലുണ്ടായിരുന്ന ആർക്കും ഗുരുതരമായ പരിക്കുകളില്ല. പിന്നീട്, അതേ കുഴിയിൽ ഒരു ബൈക്ക് യാത്രികനും വീണു.
അതേസമയം അപകടത്തിൽപ്പെട്ട വാഹനത്തിൻറെ ഉടമയുടെ ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ മനഃപൂർവമായ ശ്രമമാണ് ഈ സംഭവത്തിന് പിന്നിലെന്ന് കാറിൻ്റെ ഉടമയായ ഭാഗൽപൂരിലെ നീതു സിംഗ് ചൗബേ ആരോപിച്ചത്. അപകടം നടന്ന സ്ഥലത്തെ പ്രാദേശിക ഭരണകക്ഷിയായ പ്രതിപക്ഷം ഇവിടെ യാതൊരു ബാരിക്കേഡുകളും സ്ഥാപിച്ചിട്ടില്ലായിരുന്നു എന്നും ഇയാൾ ആരോപിച്ചു. സമാനസംഭവങ്ങൾ പ്രദേശത്ത് സാധാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രധാന റോഡുകളിൽ, പ്രത്യേകിച്ച് മൺസൂൺ മഴക്കാലത്ത് വാഹനങ്ങൾ അപകടത്തിൽ പെടാൻ മാത്രം വലുപ്പമുള്ള കുഴികൾ ധാരാളമായി ഉണ്ടെന്നും നാട്ടുകാർ പറയുന്നു. റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ചും അറ്റകുറ്റപ്പണികൾ വൈകുന്നതിനെ കുറിച്ചുമുള്ള കാലങ്ങളായുള്ള വിമർശനങ്ങൾക്ക് ഈ സംഭവം കൂടുതൽ ശക്തി പകർന്നു. പൊതുജന സൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു.