
ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോകുന്ന സംഭവങ്ങൾ നാം ഒരുപാട് സിനിമകളിലൊക്കെ കാണാറുണ്ട് അല്ലേ? എന്നാൽ, ഇവിടെ രണ്ട് സ്ത്രീകൾ തങ്ങളെ ആശുപത്രിയിൽ വച്ച് മാറിപ്പോയതാണ് എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ്. അതും 55 -ാമത്തെ വയസിലാണ് അവരിരുവരും ആ സത്യം തിരിച്ചറിയുന്നത്, തങ്ങളിത്രകാലം കരുതിയിരുന്ന ആളുകളല്ല തങ്ങളുടെ യഥാർത്ഥ മാതാപിതാക്കൾ എന്ന്. Ancestry.com വഴിയുള്ള ഡിഎൻഎ പരിശോധനയിലൂടെയാണ് 1964 -ൽ ജനിച്ചപ്പോൾ തന്നെ തങ്ങൾ പരസ്പരം മാറുകയായിരുന്നുവെന്ന് രണ്ട് സ്ത്രീകളും മനസ്സിലാക്കിയത്. ഇപ്പോൾ, അവർ ജനിച്ച ഒക്ലഹോമ(Oklahoma)യിലെ ആശുപത്രിക്കെതിരെ കേസ് കൊടുക്കുകയാണ്.
ദ ഡെയ്‌ലി ബീസ്റ്റ് പറയുന്നതനുസരിച്ച്, ടീന എന്നിസും ജിൽ ലോപ്പസും(Tina Ennis and Jill Lopez) 1964 മെയ് 18 -ന് ഡങ്കൻ ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഹോസ്പിറ്റലിലാണ് ജനിച്ചത്. അവിടെ വച്ചാണ് തെറ്റായി കുഞ്ഞുങ്ങളെ കൈമാറിയത്. 2019 -ൽ താനും 26 വയസ്സുള്ള മകളും വീട്ടിലിരുന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോഴാണ് തന്റെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എന്നിസ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയുടെ ഫലങ്ങളിൽ എന്നിസിന് അറിയാത്ത കുറേപ്പേരുടെ പേരുകളാണ് ബന്ധുക്കളായി വന്നത്. ജെനിസിനെ ആശുപത്രിയിൽ വച്ച് തെറ്റായ മാതാപിതാക്കൾക്ക് കൈമാറിയിരിക്കാം എന്ന് അപ്പോൾ തന്നെ മകൾക്കാണ് തോന്നിയത്. എന്നിസിന്റെ അതേ ദിവസം അവിടെ തന്നെ ജനിച്ച ജിൽ ലോപ്പസ് എന്ന സ്ത്രീയെ അവൾ പിന്നീട് കണ്ടെത്തി.
ഫേസ്ബുക്ക് മെസഞ്ചർ വഴി അവൾ എന്നിസ് ലോപ്പസുമായി ബന്ധപ്പെട്ടു. ശേഷം ലോപ്പസ് ഡിഎൻഎ ടെസ്റ്റ് നടത്തി, അവളാണ് അതുവരെ എന്നിസിന്റെ അമ്മയാണ് എന്ന് കരുതിയിരുന്ന കാതറിൻ ജോൺസിന്റെ യഥാർത്ഥ മകളെന്നത് അതോടെ സ്ഥിരീകരിച്ചു. ഇപ്പോൾ, എന്നിസ്, ലോപ്പസ്, ജോൺസ് എന്നിവർ ഡങ്കൻ റീജിയണൽ ഹോസ്പിറ്റലിനെതിരെ അശ്രദ്ധമായി പെരുമാറിയതിനും ഇത്രയും ഗുരുതരമായ വൈകാരിക ക്ലേശം ഉണ്ടാക്കിയതിനും കേസ് കൊടുത്തു. ദ ഡെയ്‌ലി ബീസ്റ്റ് പറയുന്നതനുസരിച്ച്, 1975 -ൽ മറ്റ് പ്രാദേശിക ആശുപത്രികളുമായി ലയിച്ചതിന് ശേഷം, തങ്ങളുടെ സ്ഥാപനം തന്നെ മാറി എന്നും കുട്ടികൾ മാറിയതിൽ പങ്കില്ല എന്നും ആശുപത്രി പറയുന്നു.
കാതറിൻ ജോൺസിന് തന്റെ വയറ്റിൽ ജനിച്ച മകളെ കാണാൻ കഴിഞ്ഞു. എന്നാൽ, എന്നിസിന്റെ തന്റെ യഥാർത്ഥ മാതാപിതാക്കളെ ഒരിക്കൽ പോലും കാണാനായില്ല, ആവുകയുമില്ല. കാരണം അവരിരുവരും മരിച്ചു. ജോൺസിനെ സംബന്ധിച്ച് അതുവരെ താലോലിച്ചിരുന്ന പേരക്കുട്ടികൾ പോലും തന്റെ ചോരയല്ല എന്നത് അവരിൽ വലിയ വേദനയാണുണ്ടാക്കിയത്. തനിക്ക് തന്റെ മകളെയും കൊച്ചുമക്കളെയും നഷ്ടപ്പെട്ടതു പോലെയാണ് തോന്നുന്നത് എന്നാണ് അവർ പറഞ്ഞത്.
കഴിഞ്ഞ മൂന്നുവർഷമായി യഥാർത്ഥ മകൾക്കും കുടുംബത്തിനും ഒപ്പം ക്രിസ്മസ് ആഘോഷിക്കുന്നു എങ്കിലും ആ സംഭവങ്ങളൊന്നും ഇപ്പോഴും അവർക്ക് പൂർണമായും ഉൾക്കൊള്ളാനാവുന്നില്ല. അതുപോലെ, "പുറത്തുനിന്ന് നോക്കുമ്പോൾ നാമെല്ലാവരും വളരെ നന്നായിരിക്കുന്നുവെന്ന് എല്ലാവർക്കും തോന്നുന്നു" എന്നിസ് പറഞ്ഞു. "എന്നാൽ അത് അങ്ങനെ അല്ല, ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല" എന്നും അവർ പറയുന്നു.
1998 -ൽ ദി ബാൾട്ടിമോർ സൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓരോ വർഷവും ഏകദേശം 28,000 കുഞ്ഞുങ്ങൾ ആശുപത്രികളിൽ മാറുന്നുണ്ടെന്ന് പറയുന്നു. ഇന്ന്, ശിശുക്കൾ മാറുന്നത് തടയാൻ, ഐഡി ബ്രേസ്‍ലെറ്റുകൾ പോലെയുള്ള സാങ്കേതിക സംവിധാനങ്ങൾ ആശുപത്രികളിൽ ഉണ്ട്.