റോഡരികിൽ മുട്ടുകുത്തിയിരിക്കണം, കാൽവിരലുകൾ നക്കണം, സ്വവർ​ഗവിവാഹം; തട്ടിപ്പുസംഘം തട്ടിയത് കോടികൾ

Published : Oct 20, 2025, 11:31 AM IST
woman

Synopsis

വാങ്ങിൽ നിന്നും മകനിൽ നിന്നും പലപ്പോഴായിട്ടാണ് വലിയ തുക സംഘം തട്ടിയത്. ഒടുവിൽ, ഫീസ് വാങ്ങുന്നതിന് പുറമേ, കോൾ എടുക്കാതിരുന്നാൽ, വൈകിയാൽ എന്നൊക്കെ പറഞ്ഞ് പിഴയിനത്തിലും കുറേ പണം ഈടാക്കി.

മാരകമായ രോ​ഗം ബാധിച്ച സ്ത്രീയിൽ നിന്നും 'ആത്മീയമായി ഉന്നതിയിലെത്തിക്കാം' എന്ന് വാ​ഗ്‍ദ്ധാനം ചെയ്ത് ഒരു സംഘം തട്ടിച്ചത് 13 മില്യൺ ന്യൂ തായ്വാൻ ഡോളർ (3,68,56,701 രൂപ). ‌സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വാങ് എന്ന സ്ത്രീക്ക് കാൻസറായിരുന്നു. വളരെ ​ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു രോ​ഗത്തെ തുടർന്ന് വാങ്. ആ സമയത്താണ് ആത്മീയമായ രക്ഷ എന്നെല്ലാം പറഞ്ഞുകൊണ്ട് സംഘം വാങ്ങിനെയും മകനേയും ചൂഷണം ചെയ്തത്.

2013 ആഗസ്റ്റിലാണ് ഷാങ്, ചെൻ എന്നീ രണ്ട് സ്ത്രീകൾ നയിക്കുന്ന ആത്മീയമായി ഉന്നതി നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു കോഴ്സിൽ (spiritual growth course) വാങ് ചേരുന്നത്. 2021 ഏപ്രിലിൽ അവരുടെ മകനും സംഘത്തിൽ ചേർന്നു. അതോടെ അമ്മയുടെയും മകന്റെയും കഷ്ടകാലം തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ. റോഡരികിൽ മുട്ടുകുത്തിയിരിക്കുക, മറ്റുള്ളവരുടെ കാൽവിരലുകൾ നക്കുക, ശുദ്ധീകരണത്തിന്റെ പേരും പറഞ്ഞുള്ള ശാരീരികമായ അക്രമങ്ങൾ സഹിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം അമ്മയ്ക്കും മകനും ചെയ്യേണ്ടി വന്നു.

ഇതുകൊണ്ടൊന്നും തീർന്നില്ല. 2021-ൽ വാങിനെയും മകനെയും സംഘം സ്വവർഗ വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, അടുത്ത വർഷം തന്നെ പങ്കാളികളെ വിവാഹമോചനം ചെയ്യാനും നിർബന്ധിതരായി. ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സമ്മതിക്കുന്നതുവരെ തന്നെ മർദ്ദിച്ചുവെന്നും അങ്ങനെയാണ് വാങിനെ വിവാഹം കഴിപ്പിച്ചത് എന്നുമാണ് വാങ്ങിനെ വിവാഹം ചെയ്ത സ്ത്രീ പറഞ്ഞത്.

മാത്രമല്ല, ഷാങ്ങും ചെന്നും ഇവരുടെ കൾട്ടിൽ ചേരുന്നതുവരെ വാങ്ങിനെ പല കാര്യങ്ങളും പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തിരുന്നു. 'നീ മരിക്കാൻ പോവുകയാണ്, ദൈവങ്ങൾക്ക് പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല. ആത്യന്തികമായി, നിന്റെ കുടുംബം ശിഥിലമാകും, മരണം അനിവാര്യമാണ്, നീ ഇഷ്ടക്കേടോടെയാണ് മരിക്കുക, കണ്ണുകൾ അടയ്ക്കാൻ കഴിയാതെ, പുനർജന്മം പ്രാപിക്കാൻ കഴിയാതെ നീ കഷ്ടപ്പെടും' എന്നാണ് വാങ്ങിനോട് ഇവർ പറഞ്ഞത്.

വാങ്ങിൽ നിന്നും മകനിൽ നിന്നും പലപ്പോഴായിട്ടാണ് വലിയ തുക സംഘം തട്ടിയത്. ഒടുവിൽ, ഫീസ് വാങ്ങുന്നതിന് പുറമേ, കോൾ എടുക്കാതിരുന്നാൽ, വൈകിയാൽ എന്നൊക്കെ പറഞ്ഞ് പിഴയിനത്തിലും കുറേ പണം ഈടാക്കി. വാങ്ങിന്റെ മകൻ കുടുംബവീട് വരെ വിറ്റ് ഇവർക്ക് പണം നൽകി. എന്തായാലും, പിന്നീട് വാങ്ങിനും മകനും തങ്ങൾ പറ്റിക്കപ്പെടുകയാണ് എന്ന് ബോധ്യപ്പെട്ടു. ഇരുവരും സംഘത്തിനെതിരെ പരാതിയും നൽകി.

എന്നാൽ, വാങ്ങും മകനും സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളുടെ അടുത്ത് വന്നത് എന്നാണ് ഷാങ്ങും ചെന്നും പറഞ്ഞത്. എന്തിരുന്നാലും കോടതി ഇവരോട് വാങ്ങിനും മകനും 3,80,81,547 നൽകണം എന്നാണ് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം