
റെയില്‍വേ പ്ലാറ്റ്ഫോമിൽ യാത്രക്കാരനായ യുവാവിനെ പിടിച്ചുവച്ച് മര്‍ദ്ദിച്ച് സമൂസ വില്പനക്കാരന്‍. സംഭവം നടന്നത് ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ്. ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പ്ലാറ്റ്‌ഫോം നമ്പർ 5 -ലാണ് യാത്രക്കാരനും സമൂസ വിൽക്കുന്ന കച്ചവടക്കാരനും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക് മാറിയത്. സമൂസ വാങ്ങിയ ശേഷം യുപിഐയിൽ പണമടക്കുന്നത് പരാജയപ്പെട്ടതിനെച്ചൊല്ലി കച്ചവടക്കാരന്‍ യാത്രക്കാരനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു.
ഇതിന്റെ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചു. വൈറലായ വീഡിയോയിൽ, ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നിറങ്ങിയ ശേഷം സമൂസ വാങ്ങുന്നതും യുപിഐ വഴി പണമടക്കാൻ ശ്രമിക്കുന്നതും കാണാം. പിന്നാലെ പണമിടപാട് പരാജയപ്പെടുകയാണ്. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, അയാൾ സമൂസ തിരികെ നൽകി വീണ്ടും ട്രെയിനിൽ കയറാൻ ശ്രമിക്കുന്നു. പക്ഷേ, കച്ചവടക്കാരൻ അയാളെ തടഞ്ഞുനിർത്തി കോളറിൽ പിടിച്ച് പണം ആവശ്യപ്പെടുന്നു. വീഡിയോയിൽ യാത്രക്കാരൻ പരിഭ്രാന്തനായതായി കാണാം. പണമടക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതാണ് എന്ന് അയാൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.
ട്രെയിൻ പോകുമെന്ന് ഭയന്ന യുവാവ് ഒടുവിൽ തന്റെ സ്മാർട്ട് വാച്ച് ഊരിയ ശേഷം അത് കച്ചവടക്കാരന് നൽകുന്നു. അയാൾ അപ്പോൾ യുവാവിന് രണ്ടുപ്ലേറ്റ് സമൂസ നൽകുകയും യുവാവിനെ പോകാൻ അനുവദിക്കുകയുമാണ്. യുവാവ് പോകുന്നതും കാണാം. വീഡിയോ വൈറലായി മാറിയതോടെ കച്ചവടക്കാരനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. കച്ചവടക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു. വിൽപ്പനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആർപിഎഫ് അയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജബൽപൂർ ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. കൂടാതെ, ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരികയാണ് എന്നും ജബൽപൂർ ഡിആർഎം കുറിച്ചിട്ടുണ്ട്.