മനുഷ്യത്വമില്ലേ? മരിച്ച ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ ഫോണിലേക്ക് മെസ്സേജ്, അവധിയുടെ രേഖകള്‍ ആവശ്യപ്പെട്ടു, രൂക്ഷവിമര്‍ശനം

Published : Oct 20, 2025, 12:28 PM IST
 flight attendant

Synopsis

എന്നാൽ, മരണത്തിന് തൊട്ടുപിന്നാലെ അവരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് അസുഖത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അതോടെ തങ്ങൾക്ക് അവളുടെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അയച്ചുകൊടുക്കേണ്ടി വന്നു എന്നാണ് സണ്ണിന്റെ കുടുംബം പറയുന്നത്.

ഫ്ലൈറ്റ് അറ്റൻഡന്റായ യുവതി മരിച്ചതിന് തൊട്ടുപിന്നാലെ അസുഖത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് മെസ്സേജ് അയച്ച സംഭവത്തിൽ ക്ഷമാപണം നടത്തി തായ്‌വാനീസ് എയർലൈൻ. ദി ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, മിലാനിൽ നിന്ന് തായ്‌വാനിലെ താവോവാനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഇവിഎ എയർ ഫ്ലൈറ്റ് അറ്റൻഡന്റും 34 -കാരിയുമായ സൺ എന്ന് വിളിക്കുന്ന യുവതിക്ക് വയ്യായ്ക അനുഭവപ്പെടുന്നത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒക്ടോബർ പത്തിന് ഇവർ മരിക്കുകയായിരുന്നു.

സെപ്റ്റംബർ 24 -ന് മിലാനിൽ നിന്ന് താവോവാനിലേക്കുള്ള ദീർഘദൂര വിമാനയാത്രയ്ക്കിടെയാണ് ജീവനക്കാരിക്ക് ആദ്യമായി അസ്വസ്ഥത അനുഭവപ്പെട്ടത്. ലാൻഡിംഗിന് ശേഷം അടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അവരുടെ നില വഷളാവുകയായിരുന്നു. സെപ്റ്റംബർ 26 -ന് അവരെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഒക്ടോബർ 8 -ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് അവർ മരിക്കുന്നത്.

എന്നാൽ, മരണത്തിന് തൊട്ടുപിന്നാലെ അവരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് അസുഖത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അതോടെ തങ്ങൾക്ക് അവളുടെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അയച്ചുകൊടുക്കേണ്ടി വന്നു എന്നാണ് സണ്ണിന്റെ കുടുംബം പറയുന്നത്. യുവതിയുടെ ഒരു സുഹൃത്ത് ഈ സംഭവം വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിലടക്കം എയർലൈനെതിരെ വ്യാപകവിമർശനം ഉയർന്നു. പിന്നാലെയാണ് എയർലൈൻ കുടുംബത്തോട് ക്ഷമാപണവുമായി എത്തിയത്.

അതൊരു ജീവനക്കാരന് പറ്റിയ പിഴവാണ് എന്നായിരുന്നു എയർലൈന്റെ വിശദീകരണം. സണ്ണിന്റെ വേർപാട് ഞങ്ങളുടെ ഹൃദയത്തിൽ എന്നും വേദനയാണ്. ഏറ്റവും ഉത്തരവാദിത്തത്തോടെ സംഭവത്തിൽ ഞങ്ങൾ അന്വേഷണം നടത്തും എന്നാണ് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ, EVA എയർ പ്രസിഡന്റ് സൺ ചിയ-മിംഗ് പറഞ്ഞത്. അതേസമയം, ജീവനക്കാരുടെ ആരോ​ഗ്യത്തിൽ കമ്പനിക്ക് യാതൊരുവിധ പരി​ഗണനയും ഇല്ലെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ