
താജ്മഹൽ ശൈലിയിൽ നിർമ്മിച്ച മധ്യപ്രദേശിൽ നിന്നുള്ള ഒരു വീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിശയകരമായ വാസ്തുവിദ്യ മാത്രമല്ല ഹൃദയസ്പർശിയായ ഒരു കാരണവും ഈ വീട് ഇങ്ങനെ നിർമ്മിച്ചതിന് പിന്നിലുണ്ട്. ബിസിനസുകാരനായ ആനന്ദ് പ്രകാശ് ചൗക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര 4-ബിഎച്ച്കെ മാർബിൾ വീട്.
വീടിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് ക്രിയേറ്റർ പ്രിയം സരസ്വത് ആണ് പങ്കുവെച്ചത്. ഇതൊരു വീടാണോ അതോ താജ്മഹലിന്റെ പകർപ്പാണോ എന്ന ചോദ്യത്തോടെയാണ് സരസ്വത് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ ഇതിൻറെ ഉടമസ്ഥരായ ദമ്പതികളെയും കാണാം. ഇത് തങ്ങളുടെ വീടാണ് എന്ന് ചെറുപുഞ്ചിരിയോടെ അവർ വീഡിയോയിൽ സമ്മതിക്കുന്നു. തന്റെ ഭാര്യയ്ക്കായി താൻ നിർമ്മിച്ചതാണ് ഈ വീട് എന്നാണ് ആനന്ദ് പ്രകാശ് ചൗക്‌സി പറയുന്നത്. കാരണം ഭാര്യയുടെ സ്നേഹം അത്രമാത്രം തന്റെ കുടുംബത്തിന് മുതൽക്കൂട്ടാണ് എന്നാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.
ആഗ്രയിലെ താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന അതേ മാർബിളായ മക്രാന മാർബിൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നതെന്നാണ് ആനന്ദ് പ്രകാശ് ചൗക്‌സി വീഡിയോയിൽ വിശദീകരിക്കുന്നത്. യഥാർത്ഥ താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പമാണ് വീടിനുള്ളത് എന്നും ഇദ്ദേഹം പറയുന്നു. മധ്യപ്രദേശിലെ ഇൻഡോറിനടുത്താണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത് എന്നാണ് കണ്ടന്റ് ക്രിയേറ്ററായ സരസ്വത് പറയുന്നത്. എല്ലാവർക്കുമിടയിൽ സ്നേഹം പ്രചരിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും വീഡിയോ വ്യക്തമാക്കുന്നു.
ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച് വീട് നിർമ്മിക്കാൻ ഏകദേശം 2 കോടി രൂപ ചെലവായി. ചൗക്സിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കർ സ്ഥലത്തിന്റെ ഉള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഈ സ്ഥലത്ത് അദ്ദേഹം സ്ഥാപിച്ച ഒരു സ്കൂളും ഉൾപ്പെടുന്നുണ്ട്. നാല് കിടപ്പുമുറികൾ, ഒരു ധ്യാന മുറി, ഒരു ലൈബ്രറി എന്നിവയാണ് വീടിനുള്ളിലെ പ്രധാന സൗകര്യങ്ങൾ. ഇൻസ്റ്റാഗ്രാമിൽ, വീഡിയോ 14.7 മില്ല്യണിലധികം ആളുകൾ കാണുകയും 1.3 മില്ല്യണിലധികം ലൈക്കുകൾ നേടുകയും ചെയ്തു.