സ്ക്രീൻഷോട്ട് ഷെയർ ചെയ്ത് യുവതി; ഒരു മണിക്കൂർ ബ്രേക്ക് ചോദിച്ചതിന് അപമാനിച്ച് എച്ച് ആർ, വ്യാപകവിമർശനം

Published : Jun 15, 2025, 01:54 PM IST
woman

Synopsis

ഇതോടെ അവർ ഒരു മണിക്കൂർ‌ ബ്രേക്ക് എടുക്കാതെ തന്റെ ജോലി തുടർന്നു. എന്നിട്ടും എച്ച് ആർ സൂപ്പർവൈസർ വിട്ടില്ല. 

ലോകത്ത് പലയിടങ്ങളിലും തൊഴിലിടങ്ങിൽ ജീവനക്കാരെ ചൂഷണം ചെയ്യുകയും പരിഹസിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്യുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അതുപോലെ ചൈനയിൽ നിന്നുള്ളൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവനക്കാരിയായ യുവതിക്ക് എച്ച് ആർ സൂപ്പർവൈസർ അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ട് ചൈനയിലെ സോഷ്യൽ മീഡിയയിൽ‌ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

ഈ മാനേജർ ഒട്ടും പ്രൊഫഷണലല്ല എന്നും യാതൊരു ദയയും തൊട്ടുതീണ്ടിയില്ലാത്ത ആളാണ് ഇയാൾ എന്നും പലരും വിമർശിച്ചു. ജൂൺ അഞ്ചിനാണ് ജീവനക്കാരി ഈ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എച്ച് ആർ സൂപ്പർവൈസറുമായിട്ടുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഹുവാങ് എന്നാണ് യുവതിയുടെ സർനെയിം. തനിക്ക് പനി ആയിരുന്നു. അതിനാൽ തന്നെ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ജോലിക്ക് പ്രവേശിക്കാം എന്നാണ് യുവതി എച്ച് ആർ സൂപ്പർവൈസറിനോട് പറഞ്ഞത്. എന്നാൽ, അതിന് അനുവദിക്കുന്നതിന് പകരം വളരെ മോശമായിട്ടും അപമാനിക്കുന്ന തരത്തിലുമാണ് എച്ച് ആർ സൂപ്പർവൈസർ തന്നോട് പെരുമാറിയത് എന്നാണ് യുവതി പറയുന്നത്.

37.9°C പനി എന്നാണ് യുവതി പറഞ്ഞത്. നീ വളരെ ദുർബലയാണ്, 38 ഡി​ഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്ക് ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് തന്നെ എച്ച് ആർ സൂപ്പർവൈസർ പരിഹസിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.

'ഇന്ന് പനി പിടിച്ച് നിങ്ങളുടെ തലച്ചോറാകെ തളർന്നിരിക്കുകയാണോ, അതോ ആർത്തവം വന്നില്ലേ, സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കാനാവുന്നില്ലേ' തുടങ്ങിയ സന്ദേശങ്ങളും ഇയാൾ അയച്ചു. ഇതോടെ അവർ ഒരു മണിക്കൂർ‌ ബ്രേക്ക് എടുക്കാതെ തന്റെ ജോലി തുടർന്നു. എന്നിട്ടും എച്ച് ആർ സൂപ്പർവൈസർ വിട്ടില്ല. 'ലീവെടുക്കുന്നു എന്ന് പറഞ്ഞ് എടുത്തില്ല, എന്നിട്ട് ജോലി മര്യാദയ്ക്ക് ചെയ്യാതെ ഇരിക്കുകയാണ്. വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല' എന്നും പറഞ്ഞ് യുവതിയെ ഇയാൾ അപമാനിച്ചു.

യുവതിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ, തൊഴിലിടങ്ങളിൽ ജീവനക്കാർ പ്രത്യേകിച്ച് വനിതാ ജീവനക്കാർ നേരിടുന്ന അപമാനത്തെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും വലിയ ചർച്ചയാണ് ഉയർന്നത്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?