ഒരു വീട്ടില്‍ 72 പേര്‍; ദിവസം വേണ്ടത് 10 ലിറ്റര്‍ പാല്‍, ആയിരക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍!

Published : Nov 17, 2022, 06:48 PM IST
ഒരു വീട്ടില്‍ 72 പേര്‍; ദിവസം വേണ്ടത് 10 ലിറ്റര്‍ പാല്‍,  ആയിരക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍!

Synopsis

അരിയും ഗോതമ്പും പയറും പോലുള്ള ധാന്യങ്ങള്‍ ഓരോ വര്‍ഷത്തേക്ക് ആവശ്യമുള്ളത് ഒരുമിച്ചാണ് വാങ്ങുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒരു വര്‍ഷത്തേക്ക് 40 മുതല്‍ 50 വരെ ചാക്ക് അരി വേണം.


കൂട്ടുകുടുംബങ്ങള്‍ ഒരുകാലത്ത് നമ്മുടെ നാടുകളില്‍ സജീവമായിരുന്നെങ്കിലും ഇന്ന് രണ്ടുപേര്‍ മാത്രമുള്ള നമ്മുടെ കുടുംബത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി വന്നാല്‍ പോലും അസ്വസ്ഥമാകുന്നവരാണ് ഭൂരിഭാഗം ആളുകളും. അങ്ങനെയുള്ളപ്പോള്‍ ഒന്ന് ആലോചിച്ചു നോക്കൂ, ഒരു വീട്ടില്‍ ഒരേ മനസ്സോടെ 72 പേര്‍ ഒരുമിച്ചു കഴിയുന്ന അവസ്ഥ. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും ഈ വലിയ കൂട്ടുകുടുംബത്തില്‍ നാലു തലമുറകളില്‍ നിന്നുള്ള 72 പേരാണ് ഒരുമിച്ച് കഴിയുന്നത്. ഇവരില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായ മുതുമുത്തശ്ശനും മുത്തശ്ശിയും വരെയുണ്ട്. ഇതേതാണ് ഈ വലിയ കൂട്ടുകുടുംബം എന്നല്ലേ? 

മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ഡോയിജോഡ് കുടുംബത്തിലാണ് നാലു തലമുറകളില്‍ നിന്നുള്ള 72 പേര്‍ ഒരുമിച്ച് കഴിയുന്നത്. ഇവര്‍ പരസ്പരം ജോലികള്‍ പങ്കിട്ടും സുഖവും ദുഃഖവും പിണക്കവും പിണക്കവും എല്ലാം പരസ്പരം പങ്കുവെച്ചും ഒരേ മനസ്സോടെ ഒരു കൂരയ്ക്ക് കീഴില്‍ കഴിയുന്നു. സ്വന്തമായി ഒരു ട്രേഡിങ് കമ്പനി നടത്തുകയാണ് ഈ കുടുംബം. 


72 അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് രാവിലെയും വൈകുന്നേരവും 10 ലിറ്റര്‍ പാലും 1,000 രൂപ മുതല്‍ 1,200 രൂപ വരെ വിലയുള്ള പച്ചക്കറികളും വേണ്ടിവരുന്നതായി കുടുംബാംഗമായ അശ്വിന്‍ ഡോയിജോഡ് പറയുന്നു. പലചരക്ക് സാധനങ്ങള്‍ ഇതിനു പുറമേയാണ്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ചെലവ് കൂടുമെന്നും അദ്ദേഹം പറയുന്നു. 

അരിയും ഗോതമ്പും പയറും പോലുള്ള ധാന്യങ്ങള്‍ ഓരോ വര്‍ഷത്തേക്ക് ആവശ്യമുള്ളത് ഒരുമിച്ചാണ് വാങ്ങുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒരു വര്‍ഷത്തേക്ക് 40 മുതല്‍ 50 വരെ ചാക്ക് അരി വേണം. ഈ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇങ്ങനെ ജീവിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ലെന്നും എന്നാല്‍ വിവാഹം ചെയ്തു വരുന്നവര്‍ക്ക് തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഒക്കെ തോന്നുമെന്നും ഇവിടേക്ക് വിവാഹം കഴിച്ചെത്തിയ നൈന ഡോയിജോഡ് പറയുന്നു. എന്നാല്‍ ഇവിടുത്തെ ശീലങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ അണു കുടുംബങ്ങളില്‍ ജീവിക്കുന്നതിനേക്കാള്‍ വളരെയധികം രസകരമാണ് ഇവിടുത്തെ ജീവിതം എന്നും ഇവര്‍ പറയുന്നു.

കളിക്കാനും വളരാനും നിരവധി ബന്ധുക്കള്‍ ഉള്ളതിനാല്‍, കുടുംബത്തിലെ കുട്ടികള്‍ക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുകയോ വിനോദത്തിനായി മൊബൈല്‍ ഫോണുകള്‍ പോലുള്ളവ ആശ്രയിക്കേണ്ടി വരികയോ ചെയ്യില്ലെന്ന് കുടുംബാംഗങ്ങള്‍ അഭിമാനപൂര്‍വ്വം പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്