മെറിറ്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും നിയമനം നടന്നില്ല, 30 വർഷത്തിനുശേഷം അധ്യാപകന് 80 ലക്ഷം രൂപ നൽകാൻ വിധി

Published : Nov 22, 2021, 12:24 PM IST
മെറിറ്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും നിയമനം നടന്നില്ല, 30 വർഷത്തിനുശേഷം അധ്യാപകന് 80 ലക്ഷം രൂപ നൽകാൻ വിധി

Synopsis

തുടർന്നുള്ള വർഷങ്ങൾ നീതിക്കായി അദ്ദേഹം കോടതി കയറി ഇറങ്ങി. പത്ത് വർഷത്തിന് ശേഷം കേസ് വീണ്ടും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെത്തി. 

മെറിറ്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും അധ്യാപക ജോലി നിഷേധിക്കപ്പെട്ട ഒരാൾക്ക് 30 വർഷങ്ങൾക്ക് ശേഷം 80 ലക്ഷം(80 lakh) രൂപ നഷ്ടപരിഹാരം ലഭിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്(Dehradun, Uttarakhand) സംഭവം. ജെറാൾഡ് ജോൺ(Gerald John) എന്നാണ് അദ്ദേഹത്തിന്റെ പേര്. 1989 -ലാണ് ഡെറാഡൂണിലെ CNI ബോയ്‌സ് ഇന്റർ കോളേജിൽ കൊമേഴ്‌സ് അധ്യാപക ഒഴിവിലേയ്ക്ക് ജെറാൾഡ് അപേക്ഷിച്ചത്. അന്ന് അദ്ദേഹത്തിന് 24 വയസ്സായിരുന്നു. പത്രപരസ്യത്തിൽ ജോലി ഒഴിവിനെക്കുറിച്ച് വായിച്ചതിനെ തുടർന്നാണ് അദ്ദേഹം അപേക്ഷ അയച്ചത്.  

തുടർന്നുള്ള മത്സരപരീക്ഷയിലും, അഭിമുഖത്തിലും വിജയിച്ച് ജെറാൾഡ് മെറിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തി. എന്നിട്ടും പക്ഷേ ജോലി ലഭിച്ചില്ല. തനിക്ക് എന്തുകൊണ്ടാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് അന്വേഷിച്ചപ്പോൾ, ഈ ജോലിയ്ക്ക് സ്റ്റെനോഗ്രാഫി കൂടി അറിഞ്ഞിരിക്കണമെന്നായിരുന്നു  മാനേജ്‌മെന്റിന്റെ വാദം. എന്നാൽ, പരസ്യത്തിൽ അത്തരമൊരു കാര്യം പരാമർശിച്ചിട്ടു കൂടിയില്ലായിരുന്നു. തുടർന്ന്, ജെറാൾഡിന് പകരം മറ്റൊരാളെ അവർ നിയമിച്ചു.  

ഇതിൽ എന്തോ കള്ളക്കളി നടന്നിരിക്കാമെന്ന സംശയത്താൽ അദ്ദേഹം 1990 -ൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 2000 -ൽ ഉത്തരാഖണ്ഡ് യുപിയിൽ നിന്ന് വേർപെടുത്തിയ ശേഷം കേസ് നൈനിറ്റാളിലെ ഹൈക്കോടതിയിലേക്ക് മാറ്റി. ഒടുവിൽ, അദ്ദേഹത്തിന് 55 വയസ്സ് തികഞ്ഞപ്പോൾ, കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. സ്‌കൂളിൽ നിയമനം നൽകാനും നഷ്ടപരിഹാരമായി 80 ലക്ഷം രൂപ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇതിൽ 73 ലക്ഷം രൂപ ഏതാനും മാസങ്ങൾക്ക് മുമ്പ് ഉത്തരാഖണ്ഡ് സർക്കാർ അദ്ദേഹത്തിന് നൽകിയിരുന്നുവെങ്കിലും യുപി സർക്കാർ നൽകാനുള്ള ബാക്കി 7 ലക്ഷം രൂപ ഇപ്പോഴും കുടിശ്ശികയാണ്.  

"ഇന്റർവ്യൂ പാസായിട്ടും മെറിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടും ജോലി ലഭിക്കാത്തത് എന്നെ അമ്പരപ്പിച്ചു. എന്തുകൊണ്ടാണ് എന്നെ നിരസിച്ചതെന്ന് ഞാൻ അധികാരികളോട് ചോദിച്ചപ്പോൾ, ജോലിയ്ക്ക് സ്റ്റെനോഗ്രാഫി കൂടി അറിയണമെന്ന് അവർ മറുപടി പറഞ്ഞു. ജോലി ലഭിച്ച ഉദ്യോഗാർത്ഥി അധികാരികളുമായി ഒത്തുകളിച്ചുവെന്ന് ഞാൻ സംശയിച്ചു. അങ്ങനെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്,” ജെറാൾഡ് പറഞ്ഞു.  എന്നാൽ കേസ് ആദ്യം അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. 2007 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജെറാൾഡിനെതിരെ വിധി പ്രസ്താവിച്ചു. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. അവിടെ മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ സൽമാൻ ഖുർഷിദ് കേസ് ഏറ്റെടുത്തു. ജെറാൾഡിന്റെ ആത്മാർത്ഥത ഖുർഷിദിനെ സ്പർശിച്ചു. അദ്ദേഹം ഫീസൊന്നും വാങ്ങാതെയാണ് ജെറാൾഡിന് വേണ്ടി  വാദിച്ചത്.  

തുടർന്നുള്ള വർഷങ്ങൾ നീതിക്കായി അദ്ദേഹം കോടതി കയറി ഇറങ്ങി. പത്ത് വർഷത്തിന് ശേഷം കേസ് വീണ്ടും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെത്തി. 2020 ഡിസംബറിൽ ജോണിന് അനുകൂലമായി വിധി വന്നു. ഈ വർഷം ജനുവരിയിൽ, ജോൺ സിഎൻഐ ബോയ്‌സ് ഇന്റർ കോളേജിൽ കൊമേഴ്‌സ് അധ്യാപകനായി നിയമിതനായി. ഏപ്രിലിൽ പ്രിൻസിപ്പൽ വിരമിച്ചതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ സ്കൂളിന്റെ ആക്ടിങ് പ്രിൻസിപ്പൽ കൂടിയാണ്. 2025 ലാണ് അദ്ദേഹം വിരമിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു
ഇന്ത്യയില്‍ നമ്മുടെ സമയത്തിന് യാതൊരു വിലയുമില്ല, എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല; താരതമ്യവുമായി യുവതി