Taliban: പെണ്ണു തേടി വീടുകേറി താലിബാന്‍, ഭീഷണി ഭയന്ന് സ്ത്രീകളുടെ ഒളിച്ചോട്ടം

Published : Jun 09, 2022, 12:10 PM IST
Taliban: പെണ്ണു തേടി വീടുകേറി താലിബാന്‍, ഭീഷണി ഭയന്ന് സ്ത്രീകളുടെ ഒളിച്ചോട്ടം

Synopsis

ഈ നിര്‍ബന്ധിത വിവാഹങ്ങള്‍ താലിബാനിലേയ്ക്ക് ആളെ ചേര്‍ക്കാനുള്ള ഒരു അടവാണെന്ന് കാബൂളിലെ വനിതകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസ്മ ഹാഫിസി പറയുന്നു. സുഖം പകരാനുള്ള ഒരു ഉപകരണങ്ങള്‍ മാത്രമാണ് അവരുടെ കണ്ണില്‍ സ്ത്രീയെന്നും അവര്‍ പറയുന്നു.  

താലിബാന്‍ അധികാരത്തില്‍ കയറിയപ്പോള്‍, സ്ത്രീകളുടെ സ്വാതന്ത്ര്യം മാത്രമല്ല ഹനിക്കപ്പെട്ടത്, ആത്മാഭിമാനം കൂടിയാണ്. അവിവാഹിതകളായ സ്ത്രീകളെ വിവാഹം ചെയ്തു നല്കാന്‍ താലിബാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഇപ്പോള്‍. വിസമ്മതിച്ചാല്‍, ക്രൂരമായ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക. പലരും മനസ്സില്ലാമനസോടെ പെണ്മക്കളെ കുരുതിയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. 

താലിബാന്റെ കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില സ്ത്രീകള്‍ സ്വന്തം വീടും, നാടും ഉപേക്ഷിച്ച് ഒളിച്ചോടുന്നു. അതിന് സാധിക്കാത്ത ചിലര്‍ ആത്മഹത്യ ചെയ്യുന്നു. സ്ത്രീകളെ വെറും ലൈംഗിക അടിമകളായി കാണുന്ന താലിബാന്റെ കൈയില്‍ അകപ്പെടുന്നതിനേക്കാള്‍ ഭേദം മരണമാണ് എന്നവര്‍ കരുതുന്നതായി ക്വിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ഹിസ്ബുല്ല ഖാനാണ് അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ താലിബാന്‍ ഭരണത്തിനു കീഴില്‍ അനുഭവിക്കുന്ന ലൈംഗിക അടിമത്തം റിപ്പോര്‍ട്ട് ചെയ്തത്. 

സെറീന്‍ (സുരക്ഷ മുന്‍നിര്‍ത്തി പേര് മാറ്റിയിട്ടുണ്ട്) എന്ന സ്ത്രീയുടെ ഞെട്ടിക്കുന്ന അനുഭവം റിപ്പോര്‍ട്ടിലുണ്ട്.  പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂലൈയിലാണ് സെറീന്‍ ബംഗ്ലാദേശില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും, ഒരു രാഷ്ട്രീയ നേതാവായി പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും ഒക്കെ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ അവളുടെ സ്വപ്നങ്ങള്‍ എല്ലാം പൊലിഞ്ഞു. മാത്രമല്ല, അമേരിക്കയുമായുള്ള യുദ്ധത്തില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത പ്രായംചെന്ന ഒരു താലിബാന്‍ പോരാളിയ്ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ അവളുടെ പിതാവിനെ സമീപിച്ചു. സ്വന്തം മകളുടെ സുരക്ഷയെയും, ഭാവിയെയും ഓര്‍ത്ത് അദ്ദേഹം വേവലാതിപ്പെട്ടു, ഭയന്നു.  വിവാഹത്തിന് സമ്മതിച്ചാല്‍ മകളുടെ ഭാവി അവതാളത്തിലാകും, സമ്മതിച്ചില്ലെങ്കില്‍ കുടുംബം ക്രൂരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം നീറി.  

'രാജ്യത്തെ മറ്റ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ ആഗ്രഹിച്ച തനിക്ക് ഇപ്പോള്‍ സ്വന്തം ജീവിതം പോലും സംരക്ഷിക്കാനാവാത്ത അവസ്ഥയാണ്' എന്നാണ് സെറീന്‍ ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  തന്റെ അവകാശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ലല്ലോ എന്നോര്‍ത്തുള്ള നിരാശയിലാണ് അവള്‍. 

താലിബാന്‍ പോരാളിയെ വിവാഹം കഴിച്ചാല്‍ ജീവിതം നരകമാകുമെന്ന് ആ ഇരുപത്തെട്ടുകാരിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ക്രൂരതകള്‍ സഹിച്ച് ഒരു അടിമയെപ്പോലെ ജീവിക്കാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നില്ല. ഒടുവില്‍ രായ്ക്കുരാമാനം അവള്‍ ഉമ്മയോടൊപ്പം അവിടെ നിന്ന് ഒളിച്ചോടി. ഇത്രയും കാലമായിട്ടും അവള്‍ക്ക് വീട്ടില്‍ തിരികെ പോകാന്‍ സാധിച്ചിട്ടില്ല. നാട്ടില്‍ എത്തിയാല്‍, താലിബാന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമെന്ന് അവള്‍ ഭയക്കുന്നു. 

എന്നാല്‍ അവളോളം ഭാഗ്യമില്ലാത്തവര്‍ താലിബാന്‍കാരെ വിവാഹം ചെയ്തു അവിടെ മരിച്ച് ജീവിക്കുകയാണ്. സ്വന്തം ശരീരത്തിലും, ജീവിതത്തിലും യാതൊരു അവകാശവുമില്ലാതെ ഭര്‍ത്താവിന്റെ പീഡനങ്ങളും, ക്രൂരതകളും, അവഹേളനവും സഹിച്ച് അവര്‍ എരിഞ്ഞടങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം ഈ നിര്‍ബന്ധിത വിവാഹങ്ങള്‍ താലിബാനിലേയ്ക്ക് ആളെ ചേര്‍ക്കാനുള്ള ഒരു അടവാണെന്ന് കാബൂളിലെ വനിതകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസ്മ ഹാഫിസി പറയുന്നു. ആദ്യം താലിബാന്‍ സ്ത്രീകളുടെ സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ അവകാശങ്ങള്‍ കവര്‍ന്നെടുത്തു. ഇപ്പോള്‍ ജീവിക്കാനുള്ള അവകാശം പോലും ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. സുഖം പകരാനുള്ള ഒരു ഉപകരണങ്ങള്‍ മാത്രമാണ് അവരുടെ കണ്ണില്‍ സ്ത്രീയെന്നും അവര്‍ പറയുന്നു.  

'ആളുകളെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന, ബോംബാക്രമണങ്ങള്‍ നടത്തുന്ന, ഞങ്ങളുടെ സഹോദരങ്ങളെ കൊന്നൊടുക്കുന്ന,  പതിനായിരക്കണക്കിന് സ്ത്രീകളെ അനാഥരും വിധവകളുമാക്കുന്ന അവരെ ഏത് സ്ത്രീയ്ക്ക് സ്‌നേഹിക്കാന്‍ സാധിക്കും? അവരുമായി എങ്ങനെ സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ സാധിക്കും?' പേരു വെളിപ്പെടുത്താത്ത മറ്റൊരു പെണ്‍കുട്ടി ചോദിക്കുന്നു.  

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്