ഏഴടി ഏഴിഞ്ച്, ലോകത്തിലെ ഏറ്റവും വലിയ ഉയരക്കാരി ഈ തുര്‍ക്കി യുവതി

Published : Oct 14, 2021, 03:33 PM IST
ഏഴടി ഏഴിഞ്ച്, ലോകത്തിലെ ഏറ്റവും വലിയ ഉയരക്കാരി ഈ തുര്‍ക്കി യുവതി

Synopsis

ഒഴിവുസമയങ്ങളിൽ റുമെയ്സ കുടുംബത്തോടൊപ്പം നല്ല ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുകയും നീന്തലിലേര്‍പ്പെടുകയും ചെയ്യുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് പദവി ലഭിച്ചതിൽ അവളുടെ കുടുംബത്തിന് വളരെ സന്തോഷവും അഭിമാനവുമാണ്. 

215.16 സെന്റിമീറ്റർ (7 അടി, 0.7 ഇഞ്ച്) ഉയരമുള്ള 24 -കാരിയായ ഒരു തുർക്കി യുവതിയെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു. റുമെയ്സ ഗെൽജിയെന്ന(Rumeysa Gelgi) യുവതിയുടെ ഈ അസാധാരണമായ ഉയരം വീവർ സിൻഡ്രോം എന്ന അവസ്ഥ മൂലമാണ്, ഇത് ത്വരിത വളർച്ചയ്ക്കും മറ്റ് അസാധാരണതകൾക്കും കാരണമാകുന്നു, ഗിന്നസ് വേൾഡ് റെക്കോർഡ്സ്(Guinness World Records) പ്രസ്താവനയിൽ പറഞ്ഞു.

2014 -ൽ 18 -ാം വയസ്സിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ വർഷം ഗെൽഗിയുടെ നീളം വീണ്ടും അളന്നു. അവളുടെ അവസ്ഥ കാരണം, ഗെൽഗി സാധാരണയായി വീൽചെയറിലാണ് സഞ്ചരിക്കുന്നത്. പക്ഷേ, അവൾക്ക് കുറച്ച് നേരത്തേക്ക് വാക്കർ ഉപയോഗിക്കാൻ കഴിയും. തന്‍റേത് പോലെ അപൂർവ രോഗാവസ്ഥകളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും ഗെല്‍ഗി ആഗ്രഹിക്കുന്നു. 

"എല്ലാ പോരായ്മകളും നിങ്ങൾക്ക് ഒരു നേട്ടമാക്കി മാറ്റാൻ കഴിയും, അതിനാൽ നിങ്ങൾ ആരാണെന്ന് സ്വയം അംഗീകരിക്കുക, നിങ്ങളുടെ സാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുക, നിങ്ങളുടെ പരമാവധി ചെയ്യുക" അവർ പ്രസ്താവനയിൽ പറഞ്ഞു.

അവളുടെ ഉയരം ആളുകളെ ആകർഷിക്കുന്നു. പക്ഷേ, മിക്ക ആളുകളും ദയയുള്ളവരും പിന്തുണ നല്‍കുന്നവരുമാണ്, ഗെൽഗി ഗിന്നസ് ലോക റെക്കോർഡിനോട് പറഞ്ഞു. ഒഴിവുസമയങ്ങളിൽ റുമെയ്സ കുടുംബത്തോടൊപ്പം നല്ല ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുകയും നീന്തലിലേര്‍പ്പെടുകയും ചെയ്യുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് പദവി ലഭിച്ചതിൽ അവളുടെ കുടുംബത്തിന് വളരെ സന്തോഷവും അഭിമാനവുമാണ്. 

"റുമെയ്‌സയെ റെക്കോർഡ് ബുക്കുകളിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമാണ്. ജനക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നതിലെ അവളുടെ അചഞ്ചലമായ മനസും അഭിമാനവും ഒരു പ്രചോദനമാണ്" ഗിന്നസ് വേൾഡ് റെക്കോർഡ്സ് ചീഫ് എഡിറ്റർ ക്രെയ്ഗ് ഗ്ലെൻഡേ പ്രസ്താവനയിൽ പറഞ്ഞു. "ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന വിഭാഗം പലപ്പോഴും കൈ മാറുന്ന ഒന്നല്ല, അതിനാൽ ഈ വാർത്ത ലോകവുമായി പങ്കിടുന്നതിൽ ഞാൻ ആവേശഭരിതനാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?