
കുട്ടികൾക്ക് ടാറ്റൂ ചെയ്യുന്നത് പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. ഇനിയഥവാ നിയമവിരുദ്ധമാണെങ്കിലും അല്ലെങ്കിലും പലപ്പോഴും ആളുകൾ കുഞ്ഞുങ്ങൾക്ക് ടാറ്റൂ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുപോലെ സമാനമായ ഒരു സംഭവത്തിൽ സോഷ്യൽ മീഡിയ ഒരു കുഞ്ഞിന്റെ മാതാപിതാക്കളെ വിമർശിക്കുകയാണ്. ഫ്ലോറിഡയിലാണ് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കൾ ടാറ്റൂ ചെയ്തത്.
ജയ്ഡ ഹാരിസും ഭർത്താവുമാണ് അവരുടെ മകനായ സ്റ്റെറ്റ്സണിന് ആഗസ്തിൽ കാലിൽ ടാറ്റൂ ചെയ്യിപ്പിച്ചത്. ടിക്ടോക്കിൽ ആ വീഡിയോ പങ്ക് വച്ചതോടെ ആളുകൾ കഠിനമായ രീതിയിൽ അതിനെ വിമർശിച്ചു. 'ബേബീസ് വിത്ത് ടാറ്റൂ' വീഡിയോ കണ്ടത് 14 മില്ല്യൺ ആളുകളാണ്. കുഞ്ഞ് അച്ഛന്റെ മടിയിൽ ഇരിക്കുകയാണ്. അപ്പോൾ ഒരു ടാറ്റൂ ആർടിസ്റ്റ് കുഞ്ഞിന് ടാറ്റൂ ചെയ്യുന്നു. 'മോം' എന്നാണ് എഴുതുന്നത്.
കുഞ്ഞാവട്ടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ പകച്ചിരിക്കുകയാണ്. എന്നാൽ, ഈ ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ ടിക്ടോക്കിൽ പങ്കുവച്ചതോടെ ആളുകൾ വിമർശനങ്ങളുമായി രംഗത്തെത്തി. കുഞ്ഞിന്റെ അച്ഛന്റേതും അമ്മയുടേതും നിരുത്തരവാദപരമായ പെരുമാറ്റമാണ് എന്നാണ് പലരും ആരോപിച്ചത്.
'എന്തിനാണ് നിങ്ങൾ ഈ കുഞ്ഞിന് ടാറ്റൂ ചെയ്തത്? നിങ്ങൾക്ക് എന്താണ് പ്രശ്നം?' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഇത് നിയമവിരുദ്ധമാണോ' എന്ന് മറ്റൊരാൾ ചോദിച്ചു. അതിന് 'അല്ല' എന്നാണ് വേറൊരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, കുഞ്ഞിന് ചെയ്തിരിക്കുന്നത് പെർമനന്റ് ടാറ്റൂ ആയിരിക്കില്ല എന്നും അത് പെട്ടെന്ന് തന്നെ മായുന്ന ഒന്നാവും എന്നും മറ്റ് പലരും കമന്റ് ചെയ്തിട്ടുണ്ട്.
മൂന്നുമാസത്തോളം വീഡിയോ പലയിടത്തും കറങ്ങി നടക്കുകയും ആളുകളുടെ വിമർശനം കൂടുകയും ചെയ്തപ്പോൾ കഴിഞ്ഞയാഴ്ച കുഞ്ഞിന്റെ അമ്മ വിശദീകരണവുമായി എത്തി. അത് നോൺ ടോക്സിക്ക് പെയിന്റ് ആണ് എന്നും അന്ന് രാത്രി തന്നെ അത് മാഞ്ഞുപോയി എന്നുമായിരുന്നു അമ്മയുടെ വിശദീകരണം.
ഏതായാലും ഇപ്പോഴും പലയിടത്തായി ഈ വീഡിയോ കാണുന്ന ആളുകൾ രോഷത്തിലാണ്.
(ആദ്യ ചിത്രം പ്രതീകാത്മകം)