Latest Videos

ടാക്സി ഡ്രൈവറിൽ നിന്നും ന്യൂസിലാൻഡ് പൊലീസ് സേനയിലെ ആദ്യ വനിതാ സീനിയർ സർജന്റ് വരെ, ഇന്ത്യക്കാരിയുടെ പോരാട്ടം

By Web TeamFirst Published Mar 25, 2021, 10:12 AM IST
Highlights

1999 -ൽ മൻദീപ് ന്യൂസിലൻഡിലേക്ക് കുടിയേറി. ജീവിക്കാനായി അവൾ ടാക്സി ഓടിച്ചു. ഓക്ലാൻഡിലെ വൈഎംസി‌എ വനിതാ ലോഡ്ജിലാണ് അവൾ താമസിച്ചിരുന്നത്. 

ഇന്ത്യൻ വംശജരായ സ്ത്രീകൾ ലോകമെമ്പാടും വാർത്തകൾ സൃഷ്ടിക്കുകയാണ്. ന്യൂസിലാൻഡ് പൊലീസ് സേനയിലെ ആദ്യത്തെ കിവി-ഇന്ത്യൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ മൻദീപ് കൗർ സിദ്ധുവിന് സീനിയർ സർജന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അടുത്തിടെ വെല്ലിംഗ്ടണിൽ നടന്ന ഒരു ചടങ്ങിൽ പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ, മൻദീപിന് ബാഡ്ജ് സമ്മാനിച്ചു. എന്നാൽ, മൻദീപിന്റെ ഈ വിജയത്തിന് പിന്നിൽ ഒരുപാട് നാളത്തെ കഠിനാധ്വാനവും, കണ്ണുനീരുമുണ്ട്.    

മൻദീപ് കൗർ പഞ്ചാബിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. പതിനെട്ടാം വയസ്സിൽ വിവാഹിതയായ അവൾക്ക് കോളേജിലെ അവസാന വർഷം ആദ്യജാതൻ എന്ന് പേരുള്ള ഒരു ആൺകുട്ടി ജനിച്ചു. അങ്ങനെ 19 -ാം വയസ്സിൽ ഒരമ്മയായി തീർന്നു അവൾ. എന്നാൽ, അവളുടെ വിവാഹജീവിതം ഒരുപാട് കാലം നീണ്ടു നിന്നില്ല. 1992 -ൽ അവളുടെ വിവാഹമോചനം നടക്കുകയും തന്റെ രണ്ട് കുട്ടികളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് അവൾ മടങ്ങുകയും ചെയ്തു.

കുട്ടികൾക്ക് വെറും ആറും എട്ടും വയസ്സുള്ളപ്പോൾ മൻദീപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. മുൻ ഭർത്താവുമായി നടന്നുകൊണ്ടിരിക്കുന്ന സങ്കീർണ്ണമായ കസ്റ്റഡി പോരാട്ടത്തെത്തുടർന്ന് തന്റെ രണ്ട് കുട്ടികളെ അവൾക്ക് നാട്ടിൽ ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം കാലിൽ നില്ക്കാനുള്ള കഷ്ടപ്പാടായിരുന്നു പിന്നീട് അവളുടെ ജീവിതം. വീടുംതോറും നടന്ന് സാധനങ്ങൾ വിൽക്കുന്ന ഒരു വിൽപ്പനക്കാരിയുടെ ജോലിയായിരുന്നു അവൾക്ക് ആദ്യം ലഭിച്ചത്. അവൾ വീടുതോറും കയറി ഇറങ്ങുകയും ഉപഭോക്താക്കളെ സേവനങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് അവൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. അതിനാൽ ആളുകളോട് പറയേണ്ടത് അവൾ ഒരു കടലാസിൽ കുറിച്ച് വച്ചു.  

1999 -ൽ മൻദീപ് ന്യൂസിലൻഡിലേക്ക് കുടിയേറി. ജീവിക്കാനായി അവൾ ടാക്സി ഓടിച്ചു. ഓക്ലാൻഡിലെ വൈഎംസി‌എ വനിതാ ലോഡ്ജിലാണ് അവൾ താമസിച്ചിരുന്നത്. അവിടത്തെ രാത്രി റിസപ്ഷനിസ്റ്റ് ജോൺ പെഗ്ലർ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പെഗ്ലറിനെ തന്റെ ‘കിവി ഡാഡ്’ എന്നാണ് മൻദീപ് വിശേഷിപ്പിക്കുന്നത്. ജോലി കഴിഞ്ഞ് അവൾ മടങ്ങിയെത്തിയപ്പോൾ, ഒരു കപ്പ് ചൂടുള്ള മൈലോവും ഉണ്ടാക്കി  പെഗ്ലർ അവളെ കാത്തിരിക്കുന്നുണ്ടാകും. അയാൾ അവളുടെ കഥകൾ കേൾക്കുകയും പൊലീസ് കാലഘട്ടത്തിലെ തന്റെ അനുഭവങ്ങൾ അവളുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.  

അങ്ങനെ ഒരു ദിവസം, മൻദീപിനും ഒരു പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന് ആഗ്രഹം തോന്നി. പെഗ്ലർ പൊലീസ് സേനയിലേക്ക് പ്രവേശനം ലഭിക്കാൻ അവളെ സഹായിച്ചു. അവളുടെ മാതാപിതാക്കൾ, കുട്ടികൾ, സേനയിലെ ഉദ്യോഗസ്ഥർ എല്ലാവരും അവളുടെ കൂടെ നിന്നു. എന്നാൽ, ഇത് എളുപ്പമായിരുന്നില്ല. അവൾക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഫിറ്ററാകാൻ അവൾക്ക് 20 കിലോ വരെ കുറക്കേണ്ടി വന്നു. 2002 -ൽ അവളുടെ കുട്ടികൾ ന്യൂസിലാൻഡിൽ എത്തി. രണ്ട് വർഷത്തിന് ശേഷം മൻദീപ് ആദ്യമായി തന്റെ പൊലീസ് യൂണിഫോം ധരിച്ചു. സമയം കടന്നുപോകുന്തോറും അവൾ കഠിനാധ്വാനം ചെയ്യുകയും കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തു.  

നേരത്തെ, ഗാർഹിക പീഡനം നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മുതിർന്ന കോൺസ്റ്റബിളായിരുന്നു അവൾ. പിന്നീട്, സ്ഥാനക്കയറ്റത്തിന് അപേക്ഷിക്കുകയും നിരസിക്കുമ്പോഴെല്ലാം വീണ്ടും പ്രയത്‌നിക്കുകയും ചെയ്തു. അവസാനം, ഒരു സീനിയർ സർജന്റ് എന്ന നിലയിലേയ്ക്ക് അവൾക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എൻ‌എസിലെ പൊലീസ് സേനയുടെ അഞ്ച് ശതമാനം വരുമത്. ന്യൂസിലാൻഡ് പൊലീസിൽ സീനിയർ സർജന്റ് പദവിയിലെത്തിയ ഇന്ത്യയിൽ ജനിച്ച ആദ്യ വനിതയാണ് ഇപ്പോൾ മൻദീപ്.

"നിങ്ങളുടെ ചുറ്റിലും സഹായിക്കാൻ ആളുകളുണ്ടാകും. അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ഉള്ളിൽ ഒരു മാറ്റം വരുത്താൻ ആദ്യം ശ്രമിക്കുക. അപ്പോൾ നിങ്ങൾക്ക് ലോകത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കും” അവർ പറഞ്ഞു. അവൾക്ക് ഇപ്പോൾ 52 വയസ്സായി. അവളുടെ കുട്ടികൾ എല്ലാവരും വളർന്നു, അവരിപ്പോൾ ഒരു മുത്തശ്ശിയാണ്! മൻദീപിന്റെ കഥ ഏവർക്കും പ്രചോദനാത്മകമാണ്. അവൾ വിവാഹമോചനത്തിന്റെ ദുരിതം അനുഭവിച്ചു, മക്കളുടെ സംരക്ഷണത്തിനായി പോരാടി, ഒരു ഘട്ടത്തിൽ അവരെ ഉപേക്ഷിച്ച് വെളിയിൽ പോകേണ്ടി വന്നു. ഒരു വിദേശ രാജ്യത്ത് തനിയെ അതിജീവിക്കുക, ഓരോ ദിവസവും കഷ്ടപ്പെടുക, നിരവധി പ്രതിബന്ധങ്ങൾക്കിടയിലും സ്വന്തമായൊരു വഴി കണ്ടെത്തുക, ഇതെല്ലാം അവളുടെ ഒരിക്കലും പതറാത്ത ആത്മവീര്യത്തെ കാണിക്കുന്നു.  

click me!