യാത്രക്കാരറിയാതെ ടാക്സി ഓടിയത് 240 കിലോമീറ്റർ; 1,285 രൂപയുടെ യാത്രയ്ക്ക് ഒലാ ഈടാക്കിയത് 5,662 രൂപ!

Published : Aug 28, 2026, 04:29 PM IST
ola taxi

Synopsis

ദില്ലിയിൽ ആറ് മണിക്കൂർ നേരത്തേക്ക് 1,285 രൂപയ്ക്ക് ബുക്ക് ചെയ്ത ഒലാ ടാക്സിക്ക് 5,662 രൂപ ബിൽ വന്നതായി യാത്രക്കാരുടെ പരാതി. തങ്ങൾ എക്സിബിഷൻ ഹാളിലായിരുന്നപ്പോൾ ഡ്രൈവർ അധികമായി 240.5 കിലോമീറ്റർ ഓടിച്ചതാണ് ബിൽ കൂടാൻ കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ദുരനുഭവം വൈറലായതോടെ കമ്പനിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി.

ആറ് മണിക്കൂർ സമയത്തേക്ക് വിളിച്ച ടാക്സി സർവീസിന് പ്രതീക്ഷിച്ചതിലും നാലിരട്ടി തുക കമ്പനി ഈടാക്കിയതായി യാത്രക്കാരുടെ പരാതി. 1,285 രൂപ കാണിച്ച ട്രിപ്പിന് ഒടുവിൽ 5,662 രൂപയുടെ ബില്ലാണ് ഒലാ ആപ്പിൽ വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ "ഒലാ സ്കാം, സഹായം വേണം" എന്ന തലക്കെട്ടോടെ നൽകിയ കുറിപ്പിലൂടെയാണ് യാത്രക്കാർ തനിക്ക് നേരിട്ട ദുരനുഭവം കുറിച്ചത്.

1,285 രൂപയുടെ ഓട്ടത്തിന് 5,662 രൂപ!

ദില്ലി മഹിപാൽപൂരിലെ ഹോട്ടലിൽ നിന്ന് യാശോഭൂമിയിലെ എക്സിബിഷനിൽ പങ്കെടുത്ത ശേഷം ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് പോകാനാണ് സംഘം ഒലാ ക്യാബ് ബുക്ക് ചെയ്തത്. രാവിലെ 10 മണി മുതൽ 6 മണിക്കൂറിലേക്കും 60 കിലോമീറ്ററിലേക്കുമായിട്ടായിരുന്നു ബുക്കിംഗ്. യാശോഭൂമിയിലെ എക്സിബിഷന് ശേഷം വൈകുന്നേരം 3. 45 -ഓടെ ഇവർ എയർപോർട്ടിലെത്തിയപ്പോഴാണ് വൻ തുകയുടെ ബിൽ കണ്ടത്.

ഒപ്പം ആവശ്യപ്പെട്ട ദൂരത്തേക്കാൾ 240.5 കിലോമീറ്റർ അധികം ഓടിയതായും ടോൾ ചാർജുകൾ ഉൾപ്പെടെ ചേർത്താണ് 5,662 രൂപയുടെ ബില്ല് തയാറാക്കിയതെന്നും റെസിപ്റ്റിൽ വിശദീകരിച്ചിരുന്നു. തങ്ങൾ എക്സിബിഷൻ ഹാളിൽ ആയിരുന്ന സമയത്ത് ഡ്രൈവർ വണ്ടിയുമായി മറ്റ് യാത്രകൾ നടത്തിയിരിക്കാമെന്നാണ് ഇവർ സംശയിക്കുന്നത്. പരാതിപ്പെടാൻ ഒലാ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോബോട്ടിക് മറുപടികൾ അല്ലാതെ പ്രതിനിധികളാരും ലഭ്യമായിരുന്നില്ലെന്നും ഇവർ ആരോപിച്ചു.

ഇത് ചൂഷണം, വേണം നടപടി

പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് പിന്തുണയുമായി എത്തിയത്. തങ്ങൾ കാറിലില്ലായിരുന്നുവെന്ന് തെളിയിക്കാൻ ഫോണിലെ ഗൂഗിൾ മാപ്സ് ടൈംലൈൻ തെളിവായി ഉപയോഗിക്കാമെന്ന് ചില ഉപയോക്താക്കൾ നിർദ്ദേശിച്ചു. ഒലായുടെ ഒഫീഷ്യൽ എക്സ് ഹാൻഡിലിൽ ടാഗ് ചെയ്ത് പരാതിപ്പെടാനും ഇമെയിൽ വഴി തെളിവുകൾ അയക്കാനും മറ്റ് ചിലരും ഉപദേശിച്ചു. സമാനമായ അനുഭവം ഉണ്ടായപ്പോൾ കസ്റ്റമർ സപ്പോർട്ടിലെ 'Safety / Emergency' വിഭാഗം വഴി വിളിച്ചപ്പോൾ പെട്ടെന്ന് പരിഹാരം ലഭിച്ചതായി മറ്റൊരാൾ വ്യക്തമാക്കി. എയർപോർട്ടിൽ സമയബന്ധിതമായി എത്തേണ്ടിയിരുന്ന യാത്രക്കാരുടെ ആശങ്കയെ ചൂഷണം ചെയ്യുന്ന ഇത്തരം സംഭവങ്ങളിൽ കമ്പനി അടിയന്തരമായി ഇടപെട്ട് പണം റീഫണ്ട് ചെയ്യണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

വിചിത്ര ലോകം; ആവശ്യമില്ലാത്തപ്പോൾ എത്തുന്ന അവസരങ്ങൾ, ബാങ്ക് ലോണുകൾ; സംരംഭകൻ അക്ഷത് ശ്രീവാസ്തവയുടെ കുറിപ്പ് വൈറലാകുന്നു
കീഴടക്കാൻ ശ്രമിച്ച രോഗം തന്നെ ജീവനെടുത്തു! 47-ാം വയസ്സിൽ വിടപറഞ്ഞ് ഇന്ത്യൻ വംശജയായ കാൻസർ ഗവേഷക!