Covid Vaccine : വിദ്യാര്‍ത്ഥിയെ വീട്ടില്‍വിളിച്ചുവരുത്തി വാക്‌സിന്‍ കുത്തിവെച്ചു, അധ്യാപിക അറസ്റ്റില്‍

By Web TeamFirst Published Jan 5, 2022, 4:03 PM IST
Highlights

യാതൊരു മെഡിക്കല്‍ പരിശീലനവും ഇല്ലാതെ അധ്യാപിക സ്വന്തം വീട്ടില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് വാക്‌സിന്‍ നല്‍കുകയായിരുന്നു. അധികൃതരുടെ സമ്മതമോ മാതാപിതാക്കളുടെ അറിവോ ഇല്ലാതെയാണ് 17 കാരനായ വിദ്യാര്‍ത്ഥിക്ക് ഇവര്‍ വാക്‌സിന്‍ നല്‍കിയത്. 
 

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്വയം വാക്‌സിന്‍ കുത്തിവെച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലോംഗ് ഐലന്റിലെ ഹെരിക്‌സ് ഹൈ സ്‌കൂളിലാണ് സംഭവം. 

54-കാരിയായ അധ്യാപിക ലോറ റൂസ്സോയാണ് അറസ്റ്റിലായത്. യാതൊരു മെഡിക്കല്‍ പരിശീലനവും ഇല്ലാതെ അധ്യാപിക സ്വന്തം വീട്ടില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് വാക്‌സിന്‍ നല്‍കുകയായിരുന്നു. അധികൃതരുടെ സമ്മതമോ മാതാപിതാക്കളുടെ അറിവോ ഇല്ലാതെയാണ് 17 കാരനായ വിദ്യാര്‍ത്ഥിക്ക് ഇവര്‍ വാക്‌സിന്‍ നല്‍കിയത്. 

വാക്‌സിന്‍ ആവശ്യമാണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെ ഇവര്‍ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതുവര്‍ഷത്തേലേന്നാണ് വിദ്യാര്‍ത്ഥിക്ക് ഇവര്‍ വാക്‌സിന്‍ നല്‍കിയത്. ഈ അധ്യാപിക മുമ്പൊരിക്കലും വാക്‌സിന്‍ നല്‍കിയിട്ടില്ല. അതുപോലെ, അതിനുള്ള പരിശീലനം ഒരിക്കലും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല. 

വാക്‌സിന്‍ കുത്തിവെച്ച ശേഷം വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥി ഇക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഈ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇക്കാര്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പുതുവര്‍ഷ ദിവസം ഇവര്‍ അറസ്റ്റിലായി. എവിടെ നിന്നാണ് ഇവര്‍ക്ക് വാക്‌സിന്‍ കിട്ടിയത് എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രൊഫഷണല്‍ യോഗ്യതകളില്ലാതെ, വാക്‌സിന്‍ കുത്തിവെച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

തെറ്റായി വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നത് ശരീരത്തിന് ഹാനികരമാണ്. വാക്‌സിന്‍ കാലാവധി കഴിഞ്ഞോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുത്തിവെപ്പ് നടത്തേണ്ടത്. അതോടൊപ്പം, കുത്തിവെപ്പ് എടുക്കന്നവരുടെ മെഡിക്കല്‍ ഹിസ്റ്ററി ചോദിച്ചു മനസ്സിലാക്കേണ്ടതുമുണ്ട്. ഈ ജീവശാസ്ത്രം അധ്യാപിക ഇങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നോ എന്ന കാര്യം വ്യക്തമല്ല. 

18 വയസ്സിനു താഴെയുള്ളവര്‍ക്ക് ഫൈസറിന്റെ വാക്‌സിന്‍ മാത്രമേ കുത്തിവെക്കാവൂ എന്നാണ് അമേരിക്കന്‍ ചട്ടങ്ങള്‍ അനുശാസിക്കുന്നത്.  വിദ്യാര്‍ത്ഥിക്ക് നല്‍കിയത് ഏത് വാക്‌സിന്‍ ആണെന്നും ഇത് കാലാവധി കഴിഞ്ഞതാണോ എന്ന കാര്യവും വ്യക്തമല്ല. 

ഇവരെ ഔദ്യോഗിക ജോലികളില്‍നിന്നും മാറ്റിനിര്‍ത്തിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ജനുവരി 21-ന് ഈ കേസ് കോടതി പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 

click me!