കുട്ടികളോട് അവരുടെ സ്വന്തം മരണവാർത്ത എഴുതാൻ ആവശ്യപ്പെട്ടു, അധ്യാപകനെ പിരിച്ചുവിട്ടു

Published : Apr 10, 2023, 02:02 PM IST
കുട്ടികളോട് അവരുടെ സ്വന്തം മരണവാർത്ത എഴുതാൻ ആവശ്യപ്പെട്ടു, അധ്യാപകനെ പിരിച്ചുവിട്ടു

Synopsis

കുട്ടികളെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ ഒരു അസൈൻമെന്റ് നൽകിയത് എന്നും പകരം എല്ലാ സമ്മർദ്ദവും ഉപേക്ഷിച്ച് ജീവിതത്തെ കാണാൻ വേണ്ടി അവരെ പ്രചോദിപ്പിക്കുകയായിരുന്നു എന്നും അധ്യാപകൻ പറഞ്ഞു.

യുഎസ്സിൽ സ്കൂളിൽ വെടിവെപ്പ് നടക്കുന്നത് പതിവാവുകയാണ്. നിരവധി കുട്ടികൾക്കും സ്റ്റാഫുകൾക്കും അതിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരു സ്കൂളിൽ ഷൂട്ടർ ഡ്രിൽ നടക്കുന്നതിനിടയിൽ സ്വന്തം മരണവാർത്ത എഴുതാൻ വിദ്യാർത്ഥികളോട് പറഞ്ഞ അധ്യാപകനെ പിരിച്ചുവിട്ടു. 

ഫ്ലോറിഡയിലെ ഡോ. ഫിലിപ്പ്സ് സ്കൂളിലാണ് അധ്യാപകൻ വിദ്യാർത്ഥികളോട് അവരവരുടെ മരണവാർത്ത എഴുതാൻ ആവശ്യപ്പെട്ടത്. ഇത് തികച്ചും അനുചിതമായിപ്പോയി എന്ന് ഓറഞ്ച് കൗണ്ടി സ്കൂൾ ഡിസ്ട്രിക്റ്റ് ആരോപിച്ചു. സൈക്കോളജി അധ്യാപകനായ ജെഫ്രി കീനാണ് കുട്ടികളോട് അവരുടെ ചരമ വാർത്ത എഴുതാൻ ആവശ്യപ്പെട്ടത്. 11, 12 ക്ലാസിലെ കുട്ടികൾക്കുള്ള അസൈൻമെന്റായിരുന്നു ഇത്. 

എന്നാൽ, ഷൂട്ടർ ഡ്രില്ലിനെ മനശാസ്ത്ര പാഠവുമായി ബന്ധപ്പെടുത്താൻ താൻ ആ​ഗ്രഹിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു കാര്യം എഴുതാൻ പറഞ്ഞത് എന്നാണ് അധ്യാപകന്റെ വിശദീകരണം. വരുന്ന 24 മണിക്കൂറിനുള്ളിൽ അവർ മരിക്കുകയാണ് എങ്കിൽ എങ്ങനെ ആയിരിക്കും അവസാന നിമിഷം അവർ ഈ ലോകത്തെ കാണുക, ഇന്നലത്തേതിൽ നിന്നും വ്യത്യസ്തമായി അവർ എന്തായിരിക്കും ചെയ്യുക, ഇവയൊക്കെ അറിയാനും ലോകത്തിൽ പ്രധാനപ്പെട്ടത് എന്തൊക്കെയാണ് എന്ന് അവരെ മനസിലാക്കിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു അസൈൻമെന്റ് ചെയ്യിച്ചത് എന്നാണ് അധ്യാപകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

കുട്ടികളെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ ഒരു അസൈൻമെന്റ് നൽകിയത് എന്നും പകരം എല്ലാ സമ്മർദ്ദവും ഉപേക്ഷിച്ച് ജീവിതത്തെ കാണാൻ വേണ്ടി അവരെ പ്രചോദിപ്പിക്കുകയായിരുന്നു എന്നും അധ്യാപകൻ പറഞ്ഞു. രണ്ടാമത്തെ പീരിയഡിലാണ് അധ്യാപകൻ കുട്ടികളോട് സ്വന്തം മരണവാർത്ത തയ്യാറാക്കാൻ പറഞ്ഞത്. എന്നാൽ, ഏഴാമത്തെ പീരിയഡ് പൂർത്തിയാകും മുമ്പ് തന്നെ അധ്യാപകനെ സ്കൂൾ പിരിച്ചു വിട്ടു. 

എന്നാൽ, അധ്യാപകൻ ഇപ്പോഴും പറയുന്നത് താനൊരു തെറ്റും ചെയ്തിട്ടില്ല. കുട്ടികളോട് അങ്ങനെ ഒരു കുറിപ്പ് എഴുതാൻ പറഞ്ഞതിൽ താൻ ഇപ്പോഴും ഖേദിക്കുന്നില്ല എന്നാണ്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?