സസ്പന്‍ഷനില്ല, സ്ഥലം മാറ്റമില്ല, തന്റെ വാഹനത്തിന് പിഴയിട്ട പൊലീസുകാര്‍ക്ക് പൂച്ചെണ്ടുമായി മന്ത്രി

By Web TeamFirst Published Oct 5, 2021, 1:19 PM IST
Highlights

തെലുങ്കാനയില്‍ കൃത്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കൂട്ടാക്കാതിരുന്ന രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത് സസ്‌പെന്‍ഷനല്ല, അഭിനന്ദനങ്ങളും പൂച്ചെണ്ടുകളുമായിരുന്നു. 
 

ഇന്നത്തെ കാലത്ത് മുഖം നോക്കാതെ നടപടിയെടുക്കാന്‍ ധൈര്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിരളമായിരിക്കും. കാരണം അത്തരം ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത് ചിലപ്പോള്‍ സ്ഥലമാറ്റമോ, സസ്‌പെന്‍ഷനോ ഒക്കെയായിരിക്കും. എന്നാല്‍ തെലുങ്കാനയില്‍ കൃത്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കൂട്ടാക്കാതിരുന്ന രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത് സസ്‌പെന്‍ഷനല്ല, അഭിനന്ദനങ്ങളും പൂച്ചെണ്ടുകളുമായിരുന്നു. 

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ (കെടിആര്‍) വാഹനത്തിന് പിഴ ചുമത്താന്‍ ധൈര്യം കാണിച്ച പൊലീസുകാെര മന്ത്രി നേരിട്ട് ഓഫീസിലേക്ക് വിളിപ്പിച്ച് അഭിനന്ദിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഇളയ്യ, കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലു എന്നിവരെയാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ പേരില്‍ മന്ത്രി പ്രശംസിച്ചത്. സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമാണ് കെ ടി രാമറാവു.

മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കയറി വന്നതിനാലാണ് പോലീസുകാര്‍ മന്ത്രിക്ക് പിഴ ചുമത്തിയത്. ഒക്ടോബര്‍ 2 ന്  മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മന്ത്രി ബാപ്പു ഘട്ടില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഇത് സംഭവിച്ചത്. മന്ത്രിയെ വിളിക്കാനായി അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തി. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ആഭ്യന്തര മന്ത്രി മഹമൂദ് അലി എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഗവര്‍ണര്‍മാരുടെ വാഹനവ്യൂഹം കടന്ന് പോകാനായി റോഡ് ബ്ലോക്ക് ചെയ്തതിനാലാണ് കെ.ടി.ആറിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തിയത്. . ഇത് കണ്ട പോലീസുകാര്‍ വാഹനം തടഞ്ഞു. ഇത് പൊലീസും, ചില ടിആര്‍എസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് പൊലീസുകാര്‍ മന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി ചലാന്‍ നല്‍കി. 

രണ്ടു ദിവസത്തിനു ശേഷമാണ് മന്ത്രി തന്റെ ഓഫീസിലേക്ക് അവരെ വിളിപ്പിച്ചത്. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറും ഓഫീസില്‍ എത്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് മന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. 

മന്ത്രി ഇവര്‍ക്ക് പൂച്ചെണ്ടുകളും ഷാളുകളും സമ്മാനിച്ചു. സാധാരണ പൗരന്മാര്‍ക്കും അധികാരത്തിലിരിക്കുന്ന ജനപ്രതിനിധികള്‍ക്കും നിയമം ഒരേപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ എപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നയാളാണെന്നും, സംഭവം നടക്കുമ്പോള്‍ താന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തെറ്റായ ദിശയില്‍ വാഹനമോടിച്ചതിന് 1,100 രൂപ പിഴയും അദ്ദേഹം അടച്ചു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. 

click me!