അമ്മ മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ വിഭവം സംസ്കാരച്ചടങ്ങിൽ വിളമ്പി മകൾ

Published : Apr 19, 2026, 03:34 PM IST
mexican food

Synopsis

അമ്മ മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ വിഭവം  അവരുടെ സംസ്കാരച്ചടങ്ങിൽ വിളമ്പി മകൾ. ഭക്ഷണമുണ്ടാക്കാനും അത് നല്‍കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മയ്ക്ക് മകളുടെ സ്നേഹാദരവ് ഇങ്ങനെ. 

അപ്രതീക്ഷിതമായി അമ്മ മരിച്ചപ്പോൾ ഒരു മകൾ ചെയ്ത കാര്യമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ടെക്സസിലാണ് സംഭവം. സാന്തിയാ​ഗോ സ്വദേശിയായ ബ്രെൻഡ റിവേര അവരുടെ അമ്മ മരിക്കുന്നതിന് തൊട്ടുമുമ്പ് പാകം ചെയ്ത ഭക്ഷണം അവരുടെ സംസ്കാര ചടങ്ങുകളിൽ വിളമ്പുകയായിരുന്നു. മെക്സിക്കോയിൽ ഒരു റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ബ്രെൻഡയുടെ അമ്മ. 'ഗോർഡിറ്റാസ്' എന്ന ചോളപ്പൊടി മാവാക്കി ചീസ്, മാംസം, പച്ചക്കറികൾ എന്നിവ ഉള്ളിൽ നിറച്ച് ചുട്ടെടുക്കുന്ന പരമ്പരാഗത മെക്സിക്കൻ വിഭവം ഉണ്ടാക്കുന്നതിൽ അവർ പ്രശസ്തയുമായിരുന്നു. ക്രിസ്മസ്-പുതുവത്സര അവധി കഴിഞ്ഞ് മകളുടെ വീട്ടിൽ നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് രാവിലെ സ്വന്തം ഷോപ്പ് തുറക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ബ്രെൻഡയുടെ അമ്മ മരിച്ചത്.

എന്നാൽ, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അവർ തയ്യാറാക്കി വെച്ചിരുന്ന വിഭവങ്ങൾ പാഴാക്കിക്കളയാൻ ബ്രെൻഡ തയ്യാറായില്ല. പകരം, ആ വിഭവങ്ങൾ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കായി വിളമ്പാൻ അവർ തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ വാശിപിടിച്ചിരുന്ന ബ്രെൻഡയ്ക്ക് വേണ്ടി അമ്മ എപ്പോഴും പ്രത്യേക വിഭവങ്ങൾ തയ്യാറാക്കി നൽകുമായിരുന്നത്രെ. ഭക്ഷണത്തിന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മയെന്നും ബ്രെൻഡ ഓർക്കുന്നു.

അങ്ങനെ, അമ്മയുടെ സംസ്കാര ചടങ്ങിൽ മുട്ട, ഇറച്ചി എന്നിവ നിറച്ച ഗോർഡിറ്റാസ് എന്ന വിഭവമാണ് അവർ വിളമ്പിയത്. 'അമ്മ അവസാനമായി ഉണ്ടാക്കിയ ഭക്ഷണം പാഴാക്കിക്കളയാതെ, അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും തന്നെ കഴിക്കാൻ സാധിച്ചതിൽ വലിയ ആശ്വാസമുണ്ട്' എന്നും ബ്രെൻഡ പറഞ്ഞു. വിഭവങ്ങളുണ്ടാക്കാനും അത് മറ്റുള്ളവർക്കു വിളമ്പാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരമ്മയുടെ സംസ്കാര ചടങ്ങ് ഇതിലും വൈകാരികമായി എങ്ങനെ നടത്താനാവും എന്നാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് യുവാവിന് ദേഹാസ്വാസ്ഥ്യം, ഉടനടി ഇടപെട്ട് ജീവനക്കാരും ഡോക്ടറും
സ്വന്തം രക്തം നൽകി കൊതുകുകളെ വളർത്തുന്ന യുവതി; അമ്പരപ്പിച്ച് വീഡിയോ!