സ്വന്തം രക്തം നൽകി കൊതുകുകളെ വളർത്തുന്ന യുവതി; അമ്പരപ്പിച്ച് വീഡിയോ!

Published : Apr 18, 2026, 04:26 PM IST
viral video

Synopsis

ലബോറട്ടറിയിൽ വളർത്തുന്ന കൊതുകുകൾക്ക് സ്വന്തം രക്തം നൽകി പരിപാലിക്കുന്ന ഗവേഷക. വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ്. ഇത് രോഗങ്ങള്‍ വരുന്നതിന് കാരണമാകില്ലേ എന്നാണ് പലരുടേയും ചോദ്യം. 

ശാസ്ത്രലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രാണികളെ കുറിച്ച് പഠനം നടത്തുന്ന (Entomologist) ​ഗവേഷക. തന്റെ ലബോറട്ടറിയിൽ വളർത്തുന്ന കൊതുകുകൾക്ക് സ്വന്തം രക്തം നൽകി സംരക്ഷിക്കുന്നതിന്റെ 'ബിഹൈൻഡ് ദി സീൻ' ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ആയിരക്കണക്കിന് കൊതുകുകളുള്ള ഒരു പെട്ടിയിലേക്ക് ശാസ്ത്രജ്ഞ തന്റെ കൈ കടത്തിവെക്കുന്നതും നിമിഷങ്ങൾക്കകം കൊതുകുകൾ കൂട്ടത്തോടെ വന്ന് രക്തം കുടിക്കുന്നതും കാണാം. രക്തം കുടിച്ചു കഴിഞ്ഞ ശേഷം ഇവരുടെ കൈകൾ ചുവന്നു തടിക്കുകയും ഡസൻ കണക്കിന് ചെറിയ പാടുകൾ വീഴുകയും ചെയ്തിരുന്നു. കാഴ്ചക്കാരിൽ പലരിലും ഇത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, ​ഗവേഷകയെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ജോലിയുടെ ഭാഗമാണത്രെ.

എന്തിനാണ് കൊതുകുകൾക്ക് നേരിട്ട് രക്തം നൽകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇവർ നൽകുന്നുണ്ട്: കൃത്രിമമായി രക്തം നൽകുന്ന സംവിധാനങ്ങൾ (Artificial feeding systems) സജ്ജീകരിക്കാനും വൃത്തിയാക്കാനും ഒരുപാട് സമയമെടുക്കും. എന്നാൽ നേരിട്ട് നൽകുന്നത് എളുപ്പമാണ്. കൃത്രിമ സംവിധാനങ്ങളുമായി കൊതുകുകൾ പൊരുത്തപ്പെടുന്നത് പരീക്ഷണങ്ങളുടെ ഫലത്തെ ബാധിച്ചേക്കാം. കൊതുകുകളുടെ സ്വാഭാവിക സ്വഭാവം നിലനിർത്താനാണ് ഈ രീതി പിന്തുടരുന്നത്. ഇവ 100% ലബോറട്ടറിയിൽ തന്നെ വളർത്തിയെടുത്ത കൊതുകുകളായതിനാൽ രോഗബാധയുണ്ടാകില്ലെന്ന് ഇവർ ഉറപ്പുനൽകുന്നു.

കൊതുകു കടിയേറ്റാൽ ഉടൻ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിലും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയാൽ നാല് മണിക്കൂറിനുള്ളിൽ പാടുകൾ മാറുമെന്നും ഇവർ പറയുന്നു. തന്റെ ശരീരം ഇപ്പോൾ ഈ സാഹചര്യവുമായി പൂർണ്ണമായും പൊരുത്തപ്പെട്ടുവെന്നും ഇവർ കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. 'ഇതുകണ്ടപ്പോൾ തന്നെ എന്റെ ശരീരം ചൊറിയാൻ തുടങ്ങി' എന്നും, 'എന്തിനാണ് ഇത്രയധികം കൊതുകുകളെ വളർത്തുന്നത്' എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ചിലർ ഡെങ്കിപ്പനിയും മലേറിയയും പടരുമോ എന്ന ആശങ്ക പങ്കുവെച്ചപ്പോൾ, മറ്റുചിലർ ഇത് പുതിയ വല്ല വൈറസുകളെയും പുറത്തുവിടാനാണോ എന്ന ഗൂഢാലോചന സിദ്ധാന്തങ്ങളുമായും രംഗത്തെത്തിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'പണവും വിദ്യാഭ്യാസവുമുണ്ട്, പക്ഷേ എന്തുകാര്യം? പൗരബോധമില്ല'; സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്
തെരുവുനായകള്‍ക്ക് ഭക്ഷണം നൽകാം, പക്ഷേ എന്തെല്ലാം ശ്രദ്ധിക്കണം?