
തായ്‍ലന്‍ഡിന്‍റെ ഓമനയായ 'മറിയം' എന്ന കടല്‍പ്പശുക്കുഞ്ഞ് ജീവന്‍ വെടിഞ്ഞു. വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്നുണ്ടായ അണുബാധയാണ് മറിയത്തിന്‍റെ മരണത്തിന് കാരണമായത്. തെക്കുപടിഞ്ഞാറന്‍ തായ്‍ലന്‍ഡിലെ ത്രാങ്ങിലെ ലിബോങ് ദ്വീപിലായിരുന്നു മറിയം. ഇന്നലെയായിരുന്നു മറിയത്തിന്‍റെ മരണം.
അമ്മയെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഈ കടല്‍പ്പശുക്കുഞ്ഞിനെ മേയ് 23 -ന് മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു. 40 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകുരടെ സംഘമായിരുന്നു മറിയത്തിനെ പരിചരിച്ചിരുന്നത്. പാലും കടലില്‍ നിന്ന് ശേഖരിച്ച പുല്ലുകളും നല്‍കി അവരവളെ പൊന്നുപോലെ നോക്കി. പരിചാകരോട് വലിയ സ്നേഹമായിരുന്നു മറിയത്തിന്. ആ സ്നേഹപ്രകടനവും മറ്റും അവളെ എല്ലാവരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റി.തായ്‍ലന്‍ഡിലാകെ അവള്‍ക്ക് ആരാധകരുണ്ടായിരുന്നു. മറിയം നേരത്തെ ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറലായിരുന്നു. തായ്‍ലന്‍ഡ് സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ 'സ്വീറ്റ് ഹാര്‍ട്ട്' എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം മറിയം മരണമടഞ്ഞു. മരണകാരണം പ്ലാസ്റ്റിക് ആണെന്നും വൈകാതെ തന്നെ തിരിച്ചറിഞ്ഞു. ഈ കടല്‍പ്പശുക്കുഞ്ഞിന്‍റെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നു, വയറ്റില്‍ പഴുപ്പും. ഇതിന്‍റെ കാരണമന്വേഷിച്ച വിദഗ്ദ്ധ സംഘമാണ് വയറ്റില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കണ്ടെത്തിയത്. ഈ പ്ലാസ്റ്റിക് ദഹനരസവുമായി ചേര്‍ന്ന് പുറപ്പെടുവിച്ച വാതകമാണ് മറിയത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല, മൃഗങ്ങള്‍ക്കുകൂടി വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ മരണം നമുക്ക് കാണിച്ചു തരുന്നതെന്ന് ബാങ്കോങ്കിലെ ചുളലോങ്കോണ്‍ സര്‍വകലാശാലയുടെ ഡയറക്ടര്‍ പറഞ്ഞു.
നിരവധി പേരാണ് മറിയത്തിന്‍റെ മരണത്തിലുള്ള വേദന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.