ഗാലിബിൽ പിഴച്ച് ശശി തരൂർ, തിരുത്തി ജാവേദ് അക്തർ

By Web TeamFirst Published Jul 22, 2019, 12:31 PM IST
Highlights

ഗാലിബിനെ തെറ്റായി ഉദ്ധരിച്ചതിൽ തരൂരിന്റെ മുൻഗാമി നമ്മുടെ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെയാണ്.  അന്നും, അത്  ചൂണ്ടിക്കാട്ടി ട്വീറ്റു ചെയ്തത് ജാവേദ് അക്തർ തന്നെയായിരുന്നു. 

ഴിഞ്ഞ ദിവസം മിർസാ ഗാലിബിന്റേതെന്ന പേരിൽ  ഒരു കവിതാ ശകലം ഉദ്ധരിച്ച് ട്വീറ്റ് ഇട്ടതിന്റെ പേരിൽ അമളി പിണഞ്ഞിരിക്കുകയാണ് തിരുവനന്തപുരം എംപിയും എഴുത്തുകാരനുമായ ശശി തരൂരിന്. 

ജൂലൈ 20-ന് രാവിലെ 5.29 -നാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാൻഡിലിൽ നിന്നും ഇങ്ങനെ ഒരു ട്വീറ്റ് വന്നത്.  "മിർസാ ഗാലിബിന്റെ 220 -ാം  ജന്മദിനത്തിൽ അദ്ദേഹത്തിന്റെ അർത്ഥസമ്പുഷ്ടമായ വരികൾ ഓർക്കാം.." 

റിക്കാർഡുകൾ പ്രകാരം മിർസാ ഗാലിബിന്റെ പിറന്നാൾ 1797  ഡിസംബർ 27  -നാണ്. കവിയുടെ പിറന്നാളിന്റെ കാര്യത്തിൽ തനിക്കു പറ്റിയ അബദ്ധം തരൂരിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോധ്യപ്പെട്ടു. അദ്ദേഹം, അതു തിരുത്തിക്കൊണ്ട് ഒരു ട്വീറ്റുമിട്ടു.  "ഇന്ന് ഗാലിബിന്റെ ജന്മദിനമല്ല... എങ്കിലും, അദ്ദേഹത്തിന്റെ ഈ കവിതാ ശകലം ഇഷ്ടപ്പെടുന്നു..." 

എന്നാൽ, അദ്ദേഹത്തിന് അറിയാത്ത മറ്റൊരു സത്യം  കൂടി ഉണ്ടായിരുന്നു. ആ വരികൾ മിർസാ ഗാലിബിന്റെതല്ലായിരുന്നു. അത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ട്വീറ്റിന് ആദ്യം മറുപടി കുറിച്ചത് പ്രസിദ്ധ കവിയും ഹിന്ദി സിനിമാ ഗാനരചയിതാവുമായ ജാവേദ് അക്തറായിരുന്നു.  

അദ്ദേഹം തന്റെ ട്വീറ്റിൽ ഇങ്ങനെ കുറിച്ചു, "തരൂർജീ, അങ്ങേയ്ക്ക് ഈ കവിതയുടെ വരികൾ ഗാലിബിന്റെതെന്നും പറഞ്ഞ്  അയച്ചുതന്ന ആളെ ഒരു കാരണവശാലും വിശ്വസിക്കരുത്. അയാൾ സാഹിത്യസംബന്ധിയായ കാര്യങ്ങളിൽ അങ്ങേയ്ക്കുള്ള വിശ്വാസ്യത തകർക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണോ ഇതെന്ന് എനിക്ക് സംശയമുണ്ട്. ഈ വരികൾ എന്തായാലും ഗാലിബിന്റേതല്ല..! "

ഒടുവിൽ തന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ ജാവേദ് അക്തർ അടക്കമുള്ളവർക്ക് നന്ദി പറഞ്ഞുകൊണ്ട് രണ്ടാമതൊരു തിരുത്തുകൂടി പോസ്റ്റ് ചെയ്യേണ്ടി വന്നു തരൂരിന്. ആ ട്വീറ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു,"കൊള്ളാവുന്ന ഏതൊരു രാഷ്ട്രീയ ഉദ്ധരണിയുടെയും പിതൃത്വം നാട്ടുകാർ വിൻസ്റ്റൺ ചർച്ചിലിന് മേൽ ആരോപിച്ചു കണ്ടിട്ടുണ്ട്. അതുപോലെ ഏതോ ഒരു ഗസൽ പ്രേമി കൊള്ളാവുന്ന രണ്ടുവരി കണ്ടപ്പോൾ, അത് ഗാലിബിന്റെതാണ് എന്ന മട്ടിൽ പോസ്റ്റുചെയ്തു കണ്ടു. അത് വിശ്വസിച്ചതുകൊണ്ട് പറ്റിയ പറ്റാണ്. തിരുത്തിയവർക്ക് നന്ദി..!" 

എന്നാൽ ഗാലിബിനെ തെറ്റായി ഉദ്ധരിച്ചതിൽ തരൂരിന്റെ മുൻഗാമി നമ്മുടെ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെയാണ്. ഇക്കഴിഞ്ഞ ജൂൺ 26 -ന് അദ്ദേഹം രാജ്യസഭയിൽ, ഗുലാം നബി ആസാദിനുള്ള മറുപടി പ്രസംഗത്തിൽ ഗാലിബിന്റേത് എന്നമട്ടിൽ ഒരു ഷേർ ഉദ്ധരിച്ചിരുന്നു. അന്നും, അത് ഗാലിബിന്റേതല്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി ട്വീറ്റുചെയ്തത് ജാവേദ് അക്തർ തന്നെയായിരുന്നു. 

click me!