പച്ചത്തവളകളുടെ നിറം കറുപ്പായി, ആണവദുരന്തം നടന്ന ചെര്‍ണോബിലില്‍ മരത്തവളകള്‍ക്ക് സംഭവിച്ചത്

Published : Oct 12, 2022, 07:01 PM IST
പച്ചത്തവളകളുടെ നിറം കറുപ്പായി, ആണവദുരന്തം നടന്ന  ചെര്‍ണോബിലില്‍ മരത്തവളകള്‍ക്ക് സംഭവിച്ചത്

Synopsis

ഈ പ്രദേശത്തെ മരത്തവളകള്‍ അസാധാരണമായ കറുത്ത നിറം വികസിപ്പിച്ചെടുത്തതായി ഗവേഷകര്‍ ശ്രദ്ധിച്ചതോടെയാണ് 2016-ല്‍ പഠനം ആരംഭിച്ചത്.

36 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ഏപ്രില്‍ 26-നാണ് ഇന്നത്തെ ഉക്രെയ്‌ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെര്‍ണോബില്‍ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ ലോകത്തെ നടുക്കിയ ആണവ ദുരന്തം നടന്നത്. 1986-ല്‍ സംഭവിച്ച ഈ അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ക്ക് പറ്റിയ ഒരു കൈയബദ്ധമായാണ് കരുതപ്പെടുന്നത്.

അപകടത്തെ തുടര്‍ന്ന് സംഭവിച്ച നീരാവി വിസ്‌ഫോടനവും തീപ്പിടുത്തവും  ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ അന്തരീക്ഷത്തില്‍ ലയിപ്പിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ ഇന്നും തുടരുന്നു. മനുഷ്യനും പ്രകൃതിക്കും ഒരുപോലെയാണ് ഇത് ദോഷം ചെയ്തത്. 

ചെര്‍ണോബില്‍ ദുരന്തം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലേറെയായി. ഇപ്പോള്‍,  വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ചെര്‍ണോബില്‍. ചെര്‍ണോബിലില്‍ വസിക്കുന്ന ഏതെങ്കിലും മൃഗങ്ങള്‍ ഇപ്പോള്‍ റേഡിയേഷനുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ ഈ മേഖലയിലെ മൃഗങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയില്‍ കണ്ടുവരുന്ന മരത്തവളകളില്‍ പൊരുത്തപ്പെടലിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ഇപ്പോള്‍ ഒരു പഠനം പറയുന്നു.

ഈ പ്രദേശത്തെ മരത്തവളകള്‍ അസാധാരണമായ കറുത്ത നിറം വികസിപ്പിച്ചെടുത്തതായി ഗവേഷകര്‍ ശ്രദ്ധിച്ചതോടെയാണ് 2016-ല്‍ പഠനം ആരംഭിച്ചത്. മരത്തവളകളുടെ നിറവ്യത്യാസങ്ങള്‍ പഠിക്കുന്നതിലൂടെ, ചെര്‍ണോബിലിലെ  ഉയര്‍ന്ന റേഡിയേഷന്‍ പ്രദേശങ്ങള്‍ക്ക് സമീപം താമസിക്കുന്ന മരത്തവളകള്‍ക്ക് ഇരുണ്ട നിറമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെ പല ജീവജാലങ്ങളെയും ഇരുണ്ടതാക്കുന്നതിന് കാരണമാകുന്ന ഇരുണ്ട പിഗ്മെന്റായ മെലാനിനില്‍ ആണ് തവളകളുടെ നിറം മാറ്റത്തിനും കാരണം. അള്‍ട്രാവയലറ്റ് വികിരണത്തിന്റെയും അയോണൈസിംഗ് വികിരണത്തിന്റെയും ഫലങ്ങള്‍ മെലാനിന് കുറയ്ക്കാന്‍ കഴിയും, ആണവോര്‍ജം ആഗിരണം ചെയ്യുകയും പിന്നീട് പുറന്തള്ളുകയും ചെയ്യുന്നു.

മെലാനിന് ഒരു കോശത്തിനുള്ളില്‍ അയോണൈസ്ഡ് തന്മാത്രകളെ ശേഖരിക്കാനും നിര്‍വീര്യമാക്കാനും കഴിയും. അതായത് റേഡിയേഷന്‍ ബാധിച്ച ഒരു ജീവജാലത്തിന് കോശനാശം സംഭവിക്കാനുള്ള സാധ്യത കുറവാണ്, അങ്ങനെ അതിജീവനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

നിര്‍ഭാഗ്യവശാല്‍, നിലവില്‍ റഷ്യയില്‍ നിന്നുള്ള അധിനിവേശത്തിനെതിരെ ഉക്രേനിയന്‍ സൈന്യം  പ്രതിരോധിക്കുന്നതിനിടയില്‍ ചെര്‍ണോബിലിന് ചുറ്റുമുള്ള പ്രകൃതി പരിസ്ഥിതിയെക്കുറിച്ചുള്ള ഗവേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്, എന്നാല്‍ഉടന്‍ തന്നെ തങ്ങളുടെ ജോലി പുനരാരംഭിക്കുവാന്‍ കഴിയും എന്നാണ്  ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു. 


 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്