450 അമൂല്യ രത്‌നങ്ങള്‍, 22 കാരറ്റ് നിര്‍മിതി, 2.23 കിലോ ഭാരം; ചാള്‍സ് അണിയുക എഡ്വേര്‍ഡ് കിരീടം

Published : Oct 12, 2022, 05:33 PM IST
450 അമൂല്യ രത്‌നങ്ങള്‍, 22 കാരറ്റ് നിര്‍മിതി, 2.23 കിലോ ഭാരം; ചാള്‍സ് അണിയുക എഡ്വേര്‍ഡ് കിരീടം

Synopsis

2.23 കിലോ ഭാരം, 22 കാരറ്റ് സ്വര്‍ണത്തില്‍ പണിത കിരീടത്തില്‍ പുഷ്യരാഗം, മാണിക്യം, ഇന്ദ്രനീലം, സമുദ്രനീലക്കല്ല് തുടങ്ങി വിലയേറിയ നാനൂറ്റി അമ്പതോളം 450 അമൂല്യ രത്‌നക്കല്ലുകള്‍ പതിപ്പിച്ചിട്ടുണ്ട്. 

കിരീടധാരണസമയത്ത് പതിനാലാം നൂറ്റാണ്ടിലെ, എഡ്വേര്‍ഡ് രാജാവിന്റെ രാജസിംഹാസനമാണ് ഉപയോഗിക്കുക. സെന്റ് എഡ്വേര്‍ഡ് കിരീടമാണ് ചാര്‍ത്തുക. കൈമാറുക, രാജകീയ പദവിയുടെ ഔദ്യോഗിക ചിഹ്നങ്ങളായ മോതിരം, രാജഗോളം, അംശവടി എന്നിവ. രാജാശ്വങ്ങള്‍ വലിക്കുന്ന കുതിരവണ്ടിയില്‍ നഗരപ്രദക്ഷിണം, ബക്കിങ്ഹാം പാലസിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള അഭിവാദ്യം ചെയ്യല്‍ എന്നിവയാണ് പിന്നെയുള്ള പതിവുകള്‍

 

 

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവ് ആയി കിരീടമേറുക മേയ് ആറിന്.  എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് തൊട്ടു പിന്നാലെ തന്നെ മകന്‍ രാജാവ് ആയിക്കഴിഞ്ഞിരുന്നു. പ്രിവി കൗണ്‍സില്‍ അത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ രാജാവിന്റെ കിരീടം ചാര്‍ത്തുന്ന ചടങ്ങ് പൊതുവെ കുറച്ച് കഴിഞ്ഞാണ് നടത്തുക. ആ ദിവസമാണ് ഇപ്പോള്‍ ബക്കിങ്ഹാം പാലസ് അറിയിച്ചത്. 

വെസ്റ്റ് മിന്‍സ്റ്റര്‍ അബിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മികന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് റവ. ഡോ. ജസ്റ്റില്‍ വെല്‍ബിയാകും.  വിശുദ്ധ ലേപനത്താല്‍ അഭിഷേകം ചെയ്യപ്പെട്ട് രാജമുദ്രകള്‍ ഏറ്റുവാങ്ങുന്ന ചാള്‍സ് മൂന്നാമന്റെ ശിരസ്സില്‍ ആര്‍ച്ച് ബിഷപ്പ്, സെന്റ് എഡ്വേര്‍ഡ് കിരീടം ചാര്‍ത്തും. എഴുപത്തിനാലാം വയസ്സില്‍ രാജകിരീടം ശിരസ്സിലേന്തുന്ന ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ  900 വര്‍ഷത്തെ ചരിത്രത്തില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാകും.  

കിരീടധാരണസമയത്ത് പതിനാലാം നൂറ്റാണ്ടിലെ, എഡ്വേര്‍ഡ് രാജാവിന്റെ രാജസിംഹാസനമാണ് ഉപയോഗിക്കുക. സെന്റ് എഡ്വേര്‍ഡ് കിരീടമാണ് ചാര്‍ത്തുക. കൈമാറുക, രാജകീയ പദവിയുടെ ഔദ്യോഗിക ചിഹ്നങ്ങളായ മോതിരം, രാജഗോളം, അംശവടി എന്നിവ. രാജാശ്വങ്ങള്‍ വലിക്കുന്ന കുതിരവണ്ടിയില്‍ നഗരപ്രദക്ഷിണം, ബക്കിങ്ഹാം പാലസിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള അഭിവാദ്യം ചെയ്യല്‍ എന്നിവയാണ് പിന്നെയുള്ള പതിവുകള്‍. ലക്ഷക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെ ചടങ്ങുകള്‍ കാണുമെന്നാണ് കരുതുന്നത്. ചടങ്ങിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. ചെലവ് വഹിക്കുന്നതും ക്ഷണിക്കേണ്ട അതിഥികളെ തീരുമാനിക്കേണ്ടതും സര്‍ക്കാരാണ്. കൊട്ടാരമല്ല. 

70 വര്‍ഷം മുമ്പാണ് വെസ്റ്റ് മിന്‍സ്റ്റര്‍ അബിയും ബ്രിട്ടനും ഇതിന് മുമ്പ് കിരീടധാരണത്തിന് സാക്ഷിയായത്. എലിസബത്ത് റാണി അന്ന് കിരീടം ഏറ്റുവാങ്ങുന്ന വേളയില്‍ കാണികളുടെ കൂട്ടത്തില്‍ നാലു വയസ്സുകാരന്‍ ചാള്‍സ് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ടിവിയിലൂടെ  ലൈവായി കണ്ട ആദ്യ കിരീടധാരണം. കിരീടധാരണദിവസത്തെ പര്യടനവീഥിയില്‍ അണിനിരന്നത് 92 രാജ്യങ്ങളില്‍ നിന്നായി 2000-ലധികം മാധ്യമപ്രവര്‍ത്തകരും 500 ഫോട്ടോഗ്രാഫര്‍മാരുമാണ്.  ചടങ്ങുകള്‍ മൂന്ന് മണിക്കൂര്‍ നേരമുണ്ടായിരുന്നു. എട്ടായിരം അതിഥികളും. മകന്‍ കിരീടം ഏറ്റു വാങ്ങുന്ന ചടങ്ങിന് അത്രയും സമയമെടുക്കില്ല. അതിഥികളുടെ എണ്ണവും കുറക്കും. പാരമ്പര്യത്തില്‍ ഊന്നിയ, അതേസമയം ഭാവിയിലേക്ക് ദൃഷ്ടി പായിക്കുന്ന ചടങ്ങ് ആകും നടക്കുകയെന്നാണ് ബക്കിങ്ഹാം പാലസ് നല്‍കുന്ന സൂചന. 

കിരീടധാരണസമയത്തെ കിരീടങ്ങള്‍

കിരീടധാരണ സമയത്ത് രാജാവിന്റെ അല്ലെങ്കില്‍ റാണിയുടെ ശിരസ്സില്‍ അണിയിക്കുന്നത് സെന്റ് എഡ്വേര്‍ഡ് കിരീടമാണ്.   1661-ല്‍ ചാള്‍സ് രണ്ടാമന്‍ രാജാവിന്റെ കിരീടധാരണസമയത്ത് നിര്‍മിച്ച കിരീടത്തിന് 2.23 കിലോ ഭാരമുണ്ട്. 22 കാരറ്റ് സ്വര്‍ണത്തില്‍ പണിത കിരീടത്തില്‍ പുഷ്യരാഗം, മാണിക്യം, ഇന്ദ്രനീലം, സമുദ്രനീലക്കല്ല് തുടങ്ങി വിലയേറിയ നാനൂറ്റി അമ്പതോളം അമൂല്യമായ രത്‌നക്കല്ലുകള്‍ പതിപ്പിച്ചിട്ടുണ്ട്. ആറ് ബ്രിട്ടീഷ് രാജഭരണാധികാരികളാണ് കിരീടധാരണ സമയത്ത് സെന്റ് എഡ്വേര്‍ഡ് കിരീടം ഉപയോഗിച്ചിട്ടുള്ളത്. 1689-ല്‍ വില്യം മൂന്നാമന്റെ കിരീടധാരണത്തിന് ശേഷം ഏതാണ്ട് രണ്ട് നൂറ്റാണ്ട് കാലം കിരീടധാരണത്തിന് സെന്റ് എഡ്വേര്‍ഡ് കിരീടം ഉപയോഗിച്ചിരുന്നില്ല.  ഈ കാലയളവില്‍ നടന്ന ചടങ്ങുകളില്‍ അതത് ഭരണാധികാരികളുടെ ഇഷ്ടപ്രകാരമുള്ള  ഭാരം കുറഞ്ഞ കിരീടങ്ങളാണ് ഉപയോഗിച്ചത്. പിന്നീട് 1911-ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവാണ് വീണ്ടും സെന്റ് എഡ്വേര്‍ഡ് കിരീടം ഉപയോഗിച്ചു തുടങ്ങിയത്. എലിസബത്ത് റാണിയുടെ ഭരണകാലത്ത് സെന്റ് എഡ്വേര്‍ഡ് കിരീടത്തിന്റെ മാതൃകാ രൂപരേഖ രാജാധികാരത്തിന്റെ പ്രതീകമായി മറ്റ് രാജകീയ സൂചകങ്ങളിലും ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് പട്ടാളം, വ്യോമസേന, നാവികസേന, റവന്യൂ ആന്റ് കസ്റ്റംസ് തുടങ്ങി രാജകീയ തപാല്‍ മുദ്രകളിലും ബാഡ്ജുകളിലും സെന്റ് എഡ്വേര്‍ഡ് കിരീടത്തിന്റെ മുദ്ര കാണാം. കാരണം ആ കിരീടം ബ്രിട്ടീഷ് രാജാധികാരത്തിന്റെ മുദ്രയാണ്.   

രാജപത്‌നിയായി വാഴിക്കപ്പെടുമ്പോള്‍ കമീലയുടെ ശിരസ്സില്‍ ചാര്‍ത്തുക ക്വീന്‍ മദര്‍ കിരീടമാണ്. ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ അമൂല്യമായ കോഹിനൂര്‍ രത്‌നം പ്ലാറ്റിനത്തില്‍ നിര്‍മിച്ച ഈ  കിരീടത്തിലാണ് പതിപ്പിച്ചിട്ടുള്ളത്. 105 കാരറ്റ് വരുന്ന കോഹിനൂര്‍ ആണ് കിരീടത്തിന്റെ തിലകക്കുറി. മറ്റ് 2800 വജ്രക്കല്ലുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ട്.  പുരുഷന്‍മാര്‍ ഈ രത്‌നം ധരിച്ചാല്‍ നിര്‍ഭാഗ്യമെന്നാണ് വിശ്വാസമത്രേ. അതു കൊണ്ട് സ്ത്രീകള്‍ മാത്രമേ രത്‌നങ്ങളിലെ രത്‌നമായ കോഹിനൂര്‍ ധരിച്ചിട്ടുള്ളു. വിക്ടോറിയ റാണി ബ്രൂച്ചിലും ശിരോഭരണത്തിലും കോഹിനൂര്‍ പതിപ്പിച്ച് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ   എഡ്വേര്‍ഡ് എട്ടാമന്റെ ഭാര്യ അലക്‌സാണ്ട്ര റാണിയുടെ കിരീടത്തിലായി കോഹിനൂറിന്റെ ഇരിപ്പിടം. 1911ല്‍ മേരി രാജ്ഞിയുടെ കീരീടത്തില്‍. പിന്നെ 1937ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ കിരീടധാരണസമയത്ത് ഭാര്യ എലിസബത്ത് ധരിച്ച കിരീടത്തിലെത്തി. പിന്നീട് ക്വീന്‍ മദര്‍ എന്ന് തന്നെ കിരീടത്തിനും പേരായി.  

ചടങ്ങുകളില്ലാത്ത സമയത്ത് ടവര്‍ ഓഫ് ലണ്ടനിലെ രാജകീയ രത്‌നശേഖരത്തിലാണ് രണ്ടു കിരീടങ്ങളും സൂക്ഷിക്കുക. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!