'അക്രമത്തിന് പ്രേരിപ്പിക്കുന്നവർ നിങ്ങളുടെ സ്നേഹിതരല്ല', ഹർഷ് മന്ദറുടെ 'വിദ്വേഷ' പ്രസംഗത്തിന്റെ പൂർണരൂപം

By Web TeamFirst Published Mar 5, 2020, 1:56 PM IST
Highlights

നിങ്ങൾ ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. നിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ, നിങ്ങളുടെ മനസ്സിൽ വെറുപ്പിന്റെ വിത്തുപാകുന്നവർ അവർ ആരായാലും നിങ്ങളുടെ സുഹൃത്തുകളല്ല. 

പരമോന്നത നീതിപീഠത്തെ അവമതിക്കുന്നത് എന്ന് സുപ്രീം കോടതിക്ക് തോന്നിയ, അക്രമത്തിന് ആഹ്വനം ചെയ്യുന്നത് എന്ന് ബിജെപി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന  ഒരു പ്രസംഗത്തിന്റെ പൂർണ്ണ രൂപമാണ് ഇവിടെ മലയാളത്തിൽ കൊടുത്തിരിക്കുന്നത്. ആ പ്രസംഗം ഹർഷ് മന്ദർ എന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹികപ്രവർത്തകൻ ഹിന്ദിയിൽ നടത്തിയതാണ്. അതിന്റെ മലയാളം തർജ്ജമയാണ് ചുവടെ. വിവർത്തനം ബാബു രാമചന്ദ്രൻ.

"ഞാൻ ആദ്യം ഒരു മുദ്രാവാക്യം വിളിക്കാനാണ് പോകുന്നത്. അതിനുമുമ്പ് ഒരു ചോദ്യം: ഇത് എന്തിനുവേണ്ടിയുള്ള പോരാട്ടമാണ്? ആർക്കുവേണ്ടിയുള്ള പോരാട്ടമാണ്? ഈ പോരാട്ടം ആദ്യം നമ്മുടെ രാജ്യത്തിനുവേണ്ടിയാണ്. അടുത്തതായി, ഇത് ഈ രാജ്യത്തെ ഭരണഘടനയ്ക്ക് വേണ്ടിയാണ്. ഏറ്റവും ഒടുവിലായി ഈ പോരാട്ടം സ്നേഹത്തിനു വേണ്ടിയുള്ളതാണ്. നമ്മുടെ ഗവൺമെന്റ് പൊടുന്നനെ നമ്മുടെ മുന്നിൽ ഒരു വെല്ലുവിളി ഉയർത്തിയിരിക്കയാണ്. നമ്മളെ പോരാട്ടത്തിന് ഇറക്കിയിരിക്കുകയാണ്. ഇവിടെ അപകടത്തിലായിരിക്കുന്നത് നമ്മുടെ മുസ്ലിം സഹോദരീസഹോദരർ മാത്രമല്ല, ഈ രാജ്യത്തെക്കുറിച്ച് നമ്മുടെ പൂർവികർ കണ്ടുകൂട്ടിയ സ്വപ്‌നങ്ങൾ കൂടിയാണ്.  സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്ക് ഇന്ത്യയെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയാൽ, നമ്മുടെ രാജ്യം എവ്വിധമുള്ള ഒന്നായിരിക്കണം എന്നതിനെപ്പറ്റിയുള്ള ഒരു സുന്ദരസ്വപ്നം. 

 

ഭഗവാനിൽ വിശ്വസിച്ചാലും, അല്ലാഹുവിൽ വിശ്വസിച്ചാലും, ഇനി ഒന്നിലും വിശ്വസിച്ചില്ലെങ്കിലും ജനങ്ങൾക്ക് ഒരു വ്യത്യാസവും ഉണ്ടാകാത്ത ഒരു രാജ്യത്തെയാണ് അവർ സ്വപ്നം കണ്ടത്. ഏത് ജാതിയിൽ പെട്ടവരായാലും, ഏത് ഭാഷയിൽ മിണ്ടുന്നവരായാലും ജനങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകാത്ത ഒരു രാജ്യത്തെയാണ് അവർ സ്വപ്നം കണ്ടത്. പാവപ്പെട്ടവരായാലും, പണക്കാരായാലും, ആണായാലും പെണ്ണായാലും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമാണ് അവർ സ്വപ്നം കണ്ടത്. എല്ലാവരെയും തുല്യമനുഷ്യരായി, തുല്യ പൗരന്മാരായി കണക്കാക്കുന്ന ഒരു രാജ്യമാണ് അവർ സ്വപ്നം കണ്ടത്. രാജ്യത്തെ ഏതൊരു മനുഷ്യനും തന്റെ സഹജീവിയോളം തന്നെ അവകാശങ്ങളും അധികാരങ്ങളുമുള്ള ഒരു രാജ്യം. 

ഇന്ന്, നമ്മുടെ നാട്ടിലെ മുസ്ലിംകൾ അവരുടെ ജന്മനാടിനോടുള്ള കൂറ് തെളിയിക്കാൻ നിർബന്ധിതരാകുമ്പോൾ, സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തുകൂടിപ്പോലും പോയിട്ടില്ലാത്ത, അതിന്റെ പേരിൽ ഒരു ത്യാഗങ്ങളും ചെയ്യേണ്ടി വന്നിട്ടില്ലാത്ത ഒരു കൂട്ടരാണല്ലോ അവരെ അതിന് നിർബന്ധിക്കുന്നത് എന്ന് ഞാൻ ഓർത്തുപോവുകയാണ്. 

ഇന്ത്യൻ മണ്ണിൽ താമസമുള്ള ഓരോ മുസ്ലിം സഹോദരനും സഹോദരിയും അവരുടെ മക്കളും ഒക്കെ ഇന്നിവിടെ കഴിയുന്നത് അവരുടെ ബോധപൂർവമായ തെരഞ്ഞെടുപ്പിന്‍റെ പുറത്താണ്. ബാക്കിയുള്ള നമ്മളൊക്കെയും ആകസ്മികമായി ഭാരതീയർ ആയവരാണ്. നമ്മുടെ മുന്നിൽ തെരഞ്ഞെടുപ്പുകൾ ഇല്ലായിരുന്നു. നമുക്ക് ഈ ഒരു രാജ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ രണ്ട് രാജ്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ ഉണ്ടായിരുന്നിട്ടും, ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് അവരുടെ(മുസ്ലിംകളുടെ) പൂർവികന്മാർ. 

'ഇന്ത്യ ഒരൊറ്റരാജ്യമല്ല, അതിനെ ഹിന്ദു ഭാരതമെന്നും, മുസ്ലിം പാകിസ്ഥാൻ എന്നും രണ്ടായി വിഭജിക്കണം' എന്ന് പറഞ്ഞത് മുഹമ്മദലി ജിന്നയാണ്. ഇന്ന് ഭരണത്തിലിരിക്കുന്നവർ ജിന്നയായിരുന്നു ശരി, ഗാന്ധിജിയുടെ ചിന്താധാര തെറ്റായിരുന്നു എന്ന് തെളിയിക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നവരാണ്. അവരുടെ പാർട്ടിയുടെ പേര് 'ഭാരതീയ ജനതാ പാർട്ടി' എന്നതിൽ നിന്ന് 'ഭാരതീയ ജിന്നാ പാർട്ടി' എന്ന് മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്.  

ഞങ്ങൾ പറയുന്നത് നമ്മുടെ രാജ്യം, ഇന്ത്യ, ഒരൊറ്റ രാജ്യമാണ് എന്നാണ്. അവിടെ മുസ്ലിംകളും, ഹിന്ദുക്കളും, സിഖുകാരും, ക്രിസ്ത്യാനികളും, ബുദ്ധിസ്റ്റുകളും, ജൈനന്മാരും, നാസ്തികരും, ആദിവാസികളും, ദളിതരും, പണക്കാരും, പാവങ്ങളും, പുരുഷന്മാരും, സ്ത്രീകളും എല്ലാവരും ഒരേ അവകാശങ്ങൾ അനുഭവിച്ച് കഴിയണം എന്നാണ്. 

ഇന്ന് ആ അവകാശങ്ങൾ നിങ്ങളിൽ നിന്ന് തട്ടിപ്പറിക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടത്തുന്നവർക്കെതിരെയാണ് നമ്മുടെ നാടിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടി, സഹജീവികളോടുള്ള സ്നേഹം കെടാതെ കാക്കാൻ വേണ്ടി നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. 

ആ പോരാട്ടത്തിന് വേണ്ടിയാണ് നമ്മൾ ഇന്ന് തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. നമ്മൾ ഇനിയും തെരുവുകൾ അതിനായി കൈയ്യേറുക തന്നെ  ചെയ്യും. 

ഈ പോരാട്ടം നമുക്ക് പാർലമെന്റിനുള്ളിൽ ചെന്ന് ജയിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാരണം, മതേതരത്വത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴാതിരിക്കാനുള്ള തത്രപ്പാടിനിടെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെയൊരു പോരാട്ടം ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി നഷ്ടപ്പെടുത്തിക്കഴിഞ്ഞു. 

ഈ പോരാട്ടം സുപ്രീം കോടതി വഴിയും ജയിക്കാനാകും എന്ന പ്രതീക്ഷയും അവശേഷിക്കുന്നില്ല. അത് നമ്മൾ NRC, അയോദ്ധ്യ, കശ്മീർ വിഷയങ്ങളിൽ കണ്ടുകഴിഞ്ഞതാണ്. ആ കേസുകളിൽ ഒന്നും തന്നെ മനുഷ്യത്വത്തെ, സമത്വത്തെ, മതേതരത്വത്തെ സംരക്ഷിക്കാൻ സുപ്രീം കോടതിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ഞങ്ങൾ പ്രതീക്ഷ പൂർണ്ണമായും വെടിയുന്നില്ല. സുപ്രീം കോടതിയിലെ പോരാട്ടങ്ങൾ അവസാന നിമിഷം വരെയും പൂർവാധികം ശക്തിയോടെ തുടരുക തന്നെ ചെയ്യും. എന്തൊക്കെപ്പറഞ്ഞാലും, അത് നമ്മുടെ സുപ്രീം കോടതി അല്ലേ..?  എന്നാൽ അന്തിമതീരുമാനം, അതുണ്ടാവുക മിക്കവാറും പാർലമെന്റിലോ സുപ്രീം കോടതിയിലോ ഒന്നുമാവില്ല. 

നമ്മുടെ ഈ നാടിൻറെ ഭാവി എന്താകും ? നിങ്ങളൊക്കെ നന്നേ ചെറുപ്പമാണ്. നിങ്ങൾക്ക് മക്കളുണ്ടാവുമ്പോൾ അവർ എങ്ങനത്തെ നാട്ടിൽ ജീവിക്കണം എന്നാണ് നിങ്ങൾ കരുതുന്നത്. എവിടെയാണ് ഇങ്ങനെയുള്ള തീരുമാനങ്ങൾ ഒക്കെ എടുക്കപ്പെടുന്നത്. വേണമെങ്കിൽ ഇതിനൊക്കെയുള്ള തീരുമാനങ്ങൾ തെരുവുകളിൽ വെച്ചെടുക്കാൻ സാധിക്കും. നമ്മളെല്ലാം തന്നെ തെരുവിലേക്ക് ഇറങ്ങിയിരിക്കയുമാണ്. എന്നാൽ, ഈ തെരുവുകളെക്കാളൊക്കെ വിശാലമായ ഒരിടം കൂടിയുണ്ട്. ഏതാണ് നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ സാധ്യമായ, കുറേക്കൂടി വിശാലമായ ആ ഇടം? അത് നമ്മുടെ ഹൃദയങ്ങളാണ്. എന്റെയും നിങ്ങളുടേയുമൊക്കെ ഹൃദയങ്ങൾ. 

അവർ നമ്മളോട് വെറുപ്പിന്റെ ഭാഷ പ്രയോഗിക്കുമ്പോൾ, തിരിച്ച് നമ്മളും വെറുപ്പിന്റെ ഭാഷയിൽ തന്നെ പ്രതികരിക്കാൻ നിന്നാൽ, വെറുപ്പ് അധികരിക്കുകയേയുള്ളൂ. ഈ രാജ്യത്ത് ആരെങ്കിലും അന്ധകാരം പരത്താൻ ശ്രമിക്കുന്നതുകണ്ട് അതിനോടുള്ള പ്രതികരണമെന്നോണം നമ്മളും അന്ധകാരം പരത്താൻ ശ്രമിച്ചാൽ, ഉള്ള ഇരുട്ടിന് കട്ടികൂടുകയേയുള്ളൂ... അന്ധകാരം പരത്തുന്നതിനോട് പ്രതികരിക്കേണ്ടത് വിളക്ക് കൊളുത്തിക്കൊണ്ടാണ്. അന്ധകാരം വലുതാണെങ്കിൽ, നമ്മൾ ഓരോരുത്തരും ഓരോ വിളക്കു വീതം കൊളുത്തും. അതെല്ലാം ഒന്നിച്ച് ചേർന്നാൽ വലിയ അന്ധകാരത്തിനുള്ള തെളിച്ചമായി. അങ്ങനെ മാത്രമേ ഇരുട്ടിനെ അകറ്റാൻ സാധിക്കൂ. അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തോട് തിരിച്ചടിക്കാൻ നമുക്ക് ഒരേയൊരു മാർഗ്ഗമേയുള്ളൂ. ആ വഴി സ്നേഹത്തിന്റേതാണ്.

അവർ അക്രമം അഴിച്ചുവിടും. നമ്മളെ അക്രമത്തിനു പ്രേരിപ്പിച്ചെന്നിരിക്കും. എന്തൊക്കെ പ്രകോപനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായാലും, നമ്മൾ തിരിച്ച് അക്രമങ്ങളിൽ  ഏർപ്പെടരുത്. നമ്മളെക്കൊണ്ട് അക്രമം പ്രവർത്തിപ്പിക്കുക എന്നതാണ് അവരുടെ തന്ത്രം. അതിനാണ് അവർ ഇത്രയും പാടുപെട്ട് നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത്. നമ്മൾ അക്രമത്തിന്റെ വഴിയേ പ്രതികരിച്ചാൽ, അത് വെറും 2% ആയാൽ പോലും അവർ തിരിച്ച് പ്രവർത്തിക്കുക 100%   അക്രമം ആയിരിക്കും. 

അക്രമവും അനീതിയും എന്തൊക്കെ ചെയ്യാൻ കഴിവുള്ളതാണ് എന്ന് ഗാന്ധിജി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. 

നിങ്ങൾ ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. നിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ, നിങ്ങളുടെ മനസ്സിൽ വെറുപ്പിന്റെ വിത്തുപാകുന്നവർ അവർ ആരായാലും നിങ്ങളുടെ സുഹൃത്തുകളല്ല. 

പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞ ആ മുദ്രാവാക്യം ഞാനിനി ഉയർത്താം : " ഭരണഘടന സിന്ദാബാദ്.. ഭരണഘടന സിന്ദാബാദ്... ഭരണഘടന സിന്ദാബാദ്... " 

click me!